| Friday, 3rd November 2023, 9:11 pm

'ഗസയിൽ ഓരോ 10 മിനിട്ടിലും ഒരു കുട്ടി കൊല്ലപ്പെടുന്നു; പകുതിയിലധികം കുട്ടികളും ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നു'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഗസയിൽ ഓരോ പത്ത് മിനിട്ടിലും ഒരു കുട്ടി കൊല്ലപ്പെടുന്നതായി സേവ് ദി ചിൽഡ്രൻ എൻ.ജി.ഒയുടെ ഫലസ്തീൻ ഡയറക്ടർ ജേസൺ ലീ.

കഴിഞ്ഞ 28 ദിവസങ്ങളിൽ മാത്രം ഗസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 2019 മുതൽ ലോകത്താകെയുള്ള സംഘർഷങ്ങളിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണത്തെക്കാൾ കൂടുതലാണെന്ന് കരൺ ഥാപ്പറിന് നൽകിയ അഭിമുഖത്തിൽ ജേസൺ ലീ പറഞ്ഞു.

ഗസയിലെ ശുദ്ധ ജലത്തിന്റെ അഭാവം മൂലം ഉപയോഗശൂന്യമായ പഴയ കിണറുകളിലെ ഉപ്പുവെള്ളമാണ് കുട്ടികൾ ഉപയോഗിക്കുന്നതെന്നും പകർച്ച വ്യാധിയുടെ ഭീഷണിയാണ് കുട്ടികൾ നേരിടുന്നതെന്നും ലീ പറഞ്ഞു. ആരോഗ്യ മേഖല ഒരു വലിയ ദുരന്തത്തിലേക്കാണ് ഓരോ ദിവസവും അടുത്ത് കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

താത്കാലികമായി ഏർപ്പാടാക്കിയ ജനറേറ്ററുകളുടെ പ്രവർത്തനം നിലക്കുന്ന നിമിഷം കുട്ടികൾ ഉൾപ്പെടെ ആശുപത്രിയിൽ കഴിയുന്ന രോഗികൾ പതിയെ വേദനാജനകമായ മരണത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ദി വയറിന് വേണ്ടി നൽകിയ അഭിമുഖത്തിൽ ഗസയിലെ കുട്ടികളുടെ മാനസികാരോഗ്യത്തെ കുറിച്ചും ജേസൺ ലീ സംസാരിക്കുന്നുണ്ട്. സേവ് ദി ചിൽഡ്രൻ 2022ൽ പുറത്തിറക്കിയ ട്രാപ്പ്ഡ് എന്ന റിപ്പോർട്ടിൽ ഗസയിലെ പകുതിയിലധികം കുട്ടികളും ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്നതായും അഞ്ചിൽ മൂന്ന് കുട്ടികളും സ്വയം മുറിവേൽപ്പിക്കുന്നതായും കണ്ടെത്തിയിരുന്നു.

2007 മുതലുള്ള 16 വർഷത്തെ പഠനമാണ് ഇത്. ഒക്ടോബർ എഴിന് ശേഷമുള്ള ആക്രമണങ്ങൾ കുട്ടികളെ ഇതിലും ഭീകരമായി ബാധിച്ചേക്കാം എന്ന് ലീ പറയുന്നു.

Content Highlight: A child is killed in each 10 minutes in Gaza says Save the Children Director Jason lee

We use cookies to give you the best possible experience. Learn more