ബെംഗളൂരു: കര്‍ണാടകയില്‍ അംഗനവാടിയില്‍ നിന്ന് പാമ്പ് കടിയേറ്റ കുട്ടി മരിച്ചു. സിര്‍സിയിലെ മാറികാംബ സിറ്റിയിലെ അംഗനവാടിയിലാണ് സംഭവം. ഇന്നലെ (ബുധനാഴ്ച)യാണ് സംഭവം നടന്നത്.
അഞ്ചുവയസുകാരിയായ മയൂരി സുരേഷ് കുംബ്ലെപ്പയാണ് പാമ്പുകടിയേറ്റ് മരിച്ചത്. മൂത്രമൊഴിക്കാന്‍ വേണ്ടി കുട്ടി അംഗനവാടിയുടെ സമീപത്തുള്ള പറമ്പിലേക്ക് പോകുകയും അവിടെ നിന്നാണ് പാമ്പ് കടിയേറ്റതെന്നും ആയ പറഞ്ഞു. പിന്നാലെ മാറികാംബയിലെ താലൂക്ക് ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചുവെന്നും ആയ അറിയിച്ചു.
തുടര്‍ന്ന് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ദീപ തന്ത്രി കുട്ടിക്ക് ആന്റിവെനം നല്‍കാതെ മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഹുബ്ലിയിലെ കിംസ് ആശുപത്രിയിലേക്കാണ് കുട്ടിയെ റഫര്‍ ചെയ്തത്.
ആശുപത്രിയില്‍ ആന്റിവെനം സ്റ്റോക്ക് ഉണ്ടായിരുന്നില്ലെന്നും കുട്ടിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടത് കൊണ്ടാണ് മറ്റൊരു ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതെന്നുമാണ് ഡോക്ടര്‍ നല്‍കിയ വിശദീകരണം.
എന്നാല്‍ ജില്ലാ മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ ആന്റിവെനം ഉണ്ടായിരുന്നുവെന്നും പറയുന്നു.
നിലവില്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനാസ്ഥയില്‍ ഡോക്ടറെ സസ്പെന്‍ഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ആലോചിക്കുന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളില്‍, കുട്ടിക്ക് ജീവനുള്ളതായും പ്രതികരിക്കുന്നതായും കാണാം. പിന്നാലെ കിംസിലേക്ക് എത്തുന്നതിന് മുന്നോടിയായി കുട്ടി മരിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് കുട്ടിക്ക് കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെന്നും അംഗനവാടിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കുറവാണെന്നുമുള്ള വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.
കുട്ടിയുടെ മരണത്തില്‍ മുണ്ടഗോഡ പൊലീസ് കേസെടുത്തു. വനിതാ ശിശുക്ഷേമ വകുപ്പ് ഓഫീസര്‍ രാമു ബയലുസീമ അംഗനവാടിയിലെത്തി പരിശോധന നടത്തുകയും ചെയ്തു.
സംഭവത്തില്‍ പരിശോധനകള്‍ക്ക് ശേഷം ആരോഗ്യ വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് താലൂക്ക് ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ സ്പരുപ്രാണി പാട്ടീല്‍ പറഞ്ഞു.
Content Highlight: A child died of snakebite from an anganwadi in Bengaluru