| Tuesday, 16th July 2024, 11:03 am

പാകിസ്ഥാന്റെ ബുംറ ഇവൻ തന്നെ! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് കൊച്ചുപയ്യൻ, വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

നിലവില്‍ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലെയും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ. കളിക്കളത്തില്‍ കൃത്യമായ വേഗത കൊണ്ടും സമ്മര്‍ദ ഘട്ടങ്ങളില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിക്കൊണ്ട് ടീമിനെ വിജയത്തിലെത്തിക്കാനുമുള്ള കഴിവാണ് ബുംറയെ മറ്റു താരങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.

ഇപ്പോഴിതാ ബുംറയുടെ ബൗളിങ് ആക്ഷന്‍ അനുകരിക്കുന്ന പാകിസ്ഥാനില്‍ നിന്നുള്ള ഒരു കൊച്ചു കുട്ടിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ ക്രിക്കറ്റ് ലോകത്തില്‍ വലിയ ശ്രദ്ധയാണ് പിടിച്ചുപറ്റിയിട്ടുള്ളത്.

ഇതിലൂടെ ബുംറ വരും തലമുറയെ ക്രിക്കറ്റ് കളിപ്പിക്കാന്‍ പ്രചോദിപ്പിക്കുന്നതായും ബുംറയുടെ പ്രതിഭ ഇന്ത്യയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലെന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും നിറഞ്ഞു നില്‍ക്കുന്നുണ്ടെന്നും മനസിലാക്കാം.

അതേസമയം ഇന്ത്യ നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി-20 ലോകകപ്പ് നേടിയിരുന്നു. ഇന്ത്യയുടെ കിരീടനേട്ടത്തില്‍ ബുംറ വഹിച്ച പങ്ക് വളരെ നിര്‍ണായകമായിരുന്നു. ഈ ടൂര്‍ണമെന്റില്‍ എട്ടു മത്സരങ്ങളില്‍ നിന്നും എതിരാളികളുടെ 15 വിക്കറ്റുകള്‍ ആണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ വീഴ്ത്തിയത്.

ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡും താരം സ്വന്തമാക്കിയിരുന്നു. ബാറ്റിങ്ങില്‍ ഒരു റണ്‍സ് പോലും നേടാതെയാണ് ബുംറ ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടെ ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു റണ്‍സ് പോലും നേടാതെ ആദ്യമായി പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡ് നേടുന്ന ആദ്യ താരമായി മാറാനും ബുംറക്ക് സാധിച്ചിരുന്നു.

ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ അയര്‍ലാന്‍ഡിനെതിരെയും പാകിസ്ഥാനെതിരെയുമുള്ള മത്സരത്തില്‍ പ്ലയെര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടാന്‍ ബുംറക്ക് കഴിഞ്ഞിരുന്നു.

ഫൈനല്‍ മത്സരത്തില്‍ സൗത്ത് ആഫ്രിക്കക്കെതിരെ അവസാന ഘട്ടത്തില്‍ നഷ്ടമായ മത്സരം ഇന്ത്യയുടെ കൈകളിലേക്ക് തിരിച്ചെത്തിച്ചതും ബുംറയുടെ തകര്‍പ്പന്‍ ബൗളിങ് ആയിരുന്നു. കലാശ പോരാട്ടത്തില്‍ പ്രോട്ടിയാസിന് 30 പന്തില്‍ 30 റണ്‍സ് വിജയിക്കാന്‍ ആവശ്യമുള്ള സമയത്ത് ആയിരുന്നു ബുംറ മികച്ച ബൗളിങ്ങിലൂടെ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചത്.

ലോകകപ്പ് കഴിഞ്ഞതിനുശേഷം നടന്ന സിംബാബ്‌വേക്കെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയില്‍ ബുംറ കളിച്ചിരുന്നില്ല. ലോകകപ്പ് വിജയിച്ച പ്രധാന താരങ്ങൾക്കെല്ലാം വിശ്രമം അനുവദിച്ചുകൊണ്ട് ഒരുപിടി യുവനിരയുമാണ് ഇന്ത്യ ഹരാരെയിലേക്ക് വിമാനം കയറിയത്. ഈ പരമ്പര 4-1ന് സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചിരുന്നു.

ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ശ്രീലങ്കന്‍ പര്യടനമാണ്. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് ഏഴ് വരെ മൂന്ന് വീതം ഏകദിനവും ടി-20യുമാണ് പരമ്പരയില്‍ ഉള്ളത്. ഈ മത്സരങ്ങള്‍ക്കുള്ള പരമ്പരയിലും ബുംറക്ക് ബി.സി.സി.ഐ വിശ്രമം നല്‍കുമെന്നാണ് സൂചനകൾ.

Content Highlight: A Child Bowling Like Jasprit Bumrah, Video Viral

We use cookies to give you the best possible experience. Learn more