| Wednesday, 19th July 2023, 8:44 am

ജാതി സെന്‍സസ് നടത്തും; ന്യൂനപക്ഷ വിദ്വേഷത്തിനെതിരെ പോരാടും: പ്രമേയവുമായി 'ഇന്ത്യ'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജാതി സെന്‍സസ് നടത്തുമെന്ന് ഒറ്റക്കെട്ടായി തീരുമാനിച്ച് വിശാല പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള വിദ്വേഷവും സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ക്കുമെതിരെ പോരാടുമെന്നും യോഗം തീരുമാനിച്ചു.

‘ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിര്‍മിക്കപ്പെടുന്ന വിദ്വേഷവും അക്രമവും ഇല്ലാതാക്കാന്‍ ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കും. സ്ത്രീകള്‍, ദളിതര്‍, ആദിവാസികള്‍, കശ്മീരി പണ്ഡിറ്റുകള്‍ തുടങ്ങിയവര്‍ക്കെതിരെ വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങളും തടയും.

സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന എല്ലാ സമുദായങ്ങളെയും കേള്‍ക്കും. ആദ്യഘട്ടമെന്ന നിലയില്‍ ജാതി സെന്‍സസും നടപ്പാക്കും,’ യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു.

26 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് ഐക്യകണ്‌ഠേനയാണ് പ്രമേയം പാസാക്കിയത്.

‘രാഷ്ട്രത്തിന് മുന്നില്‍ രാഷ്ട്രീയവും സാമൂഹ്യവും സാമ്പത്തികവുമായ ബദല്‍ അജണ്ട അവതരിപ്പിക്കുമെന്ന് ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നു. കൂടിയാലോചനയുള്ള ജനാധിപത്യവും പങ്കാളിത്തപരവുമായ ഒരു ഭരണ ശൈലി കൊണ്ട് വരുമെന്നും ഞങ്ങള്‍ ഉറപ്പ് തരുന്നു.

ഇന്ത്യയുടെ റിപ്പബ്ലിക്കിന്റെ സ്വഭാവത്തെ ബി.ജെ.പി ആക്രമിക്കുകയാണ്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നിര്‍ണായകമായ ഒരു ഘട്ടത്തിലാണ് നാമിപ്പോള്‍ ഉള്ളത്.

ഭരണഘടനയുടെ അടിസ്ഥാന തൂണുകളായ മതേതര ജനാധിപത്യം, സാമ്പത്തിക പരമാധികാരം, സാമൂഹ്യ നീതി, ഫെഡറലിസം തുടങ്ങിയവയ്ക്ക് ബി.ജെ.പി തുരങ്കം വെക്കുകയാണ്,’ പ്രമേയത്തില്‍ പറഞ്ഞു.

ഭരണകക്ഷിക്കും അവരുടെ വിഭജന പ്രത്യയശാസ്ത്രത്തിനുമെതിരായി സംസാരിക്കുന്നവര്‍ക്ക് എതിരെ വിഷലിപ്തമായ പ്രചരണങ്ങളാണ് നടത്തുന്നതെന്നും പ്രമേയം വ്യക്തമാക്കി. ഈ ആക്രമണങ്ങള്‍ ഭരണഘടനാപരമായ അവകാശങ്ങളും സ്വാതന്ത്ര്യവും മാത്രമല്ല ഹനിക്കുന്നത്, മറിച്ച് ഇന്ത്യ സ്ഥാപിതമായിരിക്കുന്ന മൂല്യങ്ങളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, രാഷ്ട്രീയവും സാമ്പത്തികവും സാമൂഹ്യവുമായ നീതി എന്നിവ ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്നും പ്രമേയത്തില്‍ പറഞ്ഞു.

മണിപ്പൂര്‍ കലാപത്തെക്കുറിച്ചും പ്രതിപക്ഷ യോഗം ചര്‍ച്ച ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ മൗനം ഞെട്ടലുണ്ടാക്കുന്നതാണെന്നും പെട്ടെന്ന് തന്നെ മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കേണ്ടതുണ്ടെന്നും യോഗം ചര്‍ച്ച ചെയ്തു.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ മേലുള്ള തുടര്‍ച്ചയായ ആക്രമണത്തെ ചെറുക്കാനും പ്രതിപക്ഷ നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്.

വിലക്കയറ്റം, തൊഴിലില്ലായ്മ, രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി എന്നിങ്ങനെ രാജ്യം നേരിടുന്ന പ്രതിസന്ധികളെല്ലാം യോഗത്തില്‍ ചര്‍ച്ചയായി. രാജ്യത്തിന്റെ സമ്പത്ത് പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്ക് അശ്രദ്ധമായി വില്‍ക്കുന്നതിനെയും പ്രമേയത്തിലൂടെ എതിര്‍ക്കുന്നു.

ബെംഗളൂരുവില്‍ വെച്ചായിരുന്നു രണ്ട് ദിവസത്തെ പ്രതിപക്ഷ യോഗം സംഘടിക്കപ്പെട്ടത്. 26 അംഗ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന്റെ ‘ഇന്ത്യന്‍ നാഷണല്‍ ഡെവലപ്‌മെന്റല്‍ ഇന്‍ക്ലൂസീവ് അലൈന്‍സ്’ (INDIA) എന്ന പേരും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. രാഹുല്‍ ഗാന്ധിയാണ് പേര് നിര്‍ദേശിച്ചത്.

കോണ്‍ഗ്രസ്, അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.ഐ.എം, സി.പി.ഐ, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി, ജനതാദള്‍ (യുണൈറ്റഡ്), ഡി.എം.കെ, ആം ആദ്മി പാര്‍ട്ടി, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ശിവസേന (യു.ബി.ടി), രാഷ്ട്രീയ ജനതാദള്‍, സമാജ്‌വാദി പാര്‍ട്ടി, നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, സി.പി.ഐ.എം.എല്‍, രാഷ്ട്രീയ ലോക് ദള്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ്, കേരള കോണ്‍ഗ്രസ് (എം), മാറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം, ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്, തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടിയിലെ നേതാക്കളാണ് കഴിഞ്ഞ ദിവസം യോഗത്തില്‍ പങ്കെടുത്തത്.

അടുത്ത പ്രതിപക്ഷ യോഗം മുംബൈയില്‍ വെച്ച് നടക്കുമെന്നും അറിയിച്ചിട്ടുണ്ട്.

content highlights:  A caste census will be conducted; Will fight minority hatred: ‘India’ with resolution

We use cookies to give you the best possible experience. Learn more