പരാതി വന്നാൽ മാത്രം കേസ് എടുക്കും; ആരോപണവിധേയനായ രഞ്ജിത്തിനെ സംരക്ഷിച്ച് മന്ത്രി സജി ചെറിയാൻ
Kerala News
പരാതി വന്നാൽ മാത്രം കേസ് എടുക്കും; ആരോപണവിധേയനായ രഞ്ജിത്തിനെ സംരക്ഷിച്ച് മന്ത്രി സജി ചെറിയാൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th August 2024, 10:42 am

കൊച്ചി: ലൈംഗികാതിക്രമ ആരോപണ വിധേയനായ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ സംരക്ഷിച്ച് കേരള സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ബംഗാളി നടി ശ്രീലേഖ മിത്രയാണ് രഞ്ജിത്തിനെതിരെ ആരോപണവുമായി എത്തിയത്.

രഞ്ജിത്തിനെതിരെ ഉയർന്ന ആരോപണവും അതിനെതിരെയുള്ള രഞ്ജിത്തിന്റെ പ്രതികരണവും താൻ കേട്ടിരുന്നെന്നും അത് സംബന്ധിച്ച് കേസ് എടുക്കണമെങ്കിൽ ആരോപണം ഉന്നയിച്ച വ്യക്തി രേഖാമൂലമുള്ള പരാതി നൽകണം എന്നും അദ്ദേഹം പറഞ്ഞു.

രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണെന്നും രേഖാമൂലമുള്ള പരാതി ലഭിച്ചാൽ മാത്രമേ പരാതിയെടുക്കുകയുള്ളു എന്നും മന്ത്രി പറഞ്ഞു. ഒരു റിപ്പോർട്ടിന്റെയോ ആരോപണത്തിന്റെയോ പേരിൽ കേസെടുക്കാനാകില്ലെന്നും സജി ചെറിയാൻ പറഞ്ഞു. രഞ്ജിത്തിനെ ചുമതലകളിൽ നിന്ന് മാറ്റുന്നതിൽ തീരുമാനമെടുക്കേണ്ടത് സി.പി.ഐ.എം ആണെന്നും സാംസ്കാരിക വകുപ്പ് മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

‘ബഹുമാനപ്പെട്ട രഞ്ജിത്തിനെതിരെ ഉയർന്ന ആരോപണവും ഞാൻ കേട്ടിരുന്നു. അതിനെതിരെയുള്ള രഞ്ജിത്തിന്റെ പ്രതികരണവും ഞാൻ കേട്ടു. ബഹുമാനപ്പെട്ട ശ്രീലേഖ മാഡം പരാതി തന്നതിന് ശേഷം മാത്രമേ കേസ് എടുക്കാൻ സാധിക്കുകയുള്ളു. ഒരാൾ കുറ്റക്കാരനാണെന്ന് തെളിയുന്നത് അദ്ദേഹത്തിന്റെ പേരിൽ അന്വേഷണം നടത്തി കുറ്റം തെളിയുമ്പോൾ മാത്രമാണ്. ഏതെങ്കിലും കാരണവശാൽ അയാൾ നിരപരാധി ആണെങ്കിലോ? അയാളെ ക്രൂശിക്കാൻ പറ്റുമോ. അദ്ദേഹം ഇന്നലെ വിഷയം നിഷേധിച്ചു. അദ്ദേഹം ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണ്,’ സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞു.

 

2009 – 10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞു. സംഭവത്തിൽ ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിനോട് പരാതി പറഞ്ഞിരുന്നു. എന്നാൽ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി പറയുന്നു.

നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ രഞ്ജിത്തിനെ ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി സംഭവത്തിൽ അന്വേഷണം നടത്തണമെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ കെ സുധാകരൻ ആവശ്യപ്പെട്ടിരുന്നു. രഞ്ജിത്ത് വേട്ടക്കാർക്കൊപ്പമെന്ന് എഴുത്തുകാരി ഷഹനയും പ്രതികരിച്ചു. രഞ്ജിത്തിനെ ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ നേതാവ് ആനി രാജയും ആവശ്യപ്പെട്ടു.

 

 

Content Highlight: A case will be taken only if there is a complaint; Minister Saji Cherian defended the accused Ranjith