| Friday, 10th January 2025, 8:32 am

പഞ്ചായത്ത് സെക്രട്ടറിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കേസ്; വൈസ് പ്രസിഡന്റ് അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പഞ്ചായത്ത് സെക്രട്ടറിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കേസില്‍ വൈസ് പ്രസിഡന്റ് അറസ്റ്റില്‍.

വെള്ളനാട് സ്വദേശിയും കോൺഗ്രസ് നേതാവുമായ ശ്രീകണ്ഠനാണ് അറസ്റ്റിലായത്. വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി എല്‍. സിന്ധുവിനെയാണ് ശ്രീകണ്ഠന്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചത്.

എല്‍. സിന്ധുവിനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും അടിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് ഇയാള്‍ക്കെതിരായ കേസ്. ഡിസംബര്‍ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പൊതുശ്മശാനത്തിന്റെ അറ്റകുറ്റപണിക്കായി രണ്ട് ലക്ഷം രൂപ മുന്‍കൂറായി അനുവദിക്കാന്‍ ഭരണസമിതിയുടെ അനുമതി വേണമെന്ന് സെക്രട്ടറി അറിയിക്കുകയായിരുന്നു. ഇതിനുപിന്നാലെ വൈസ് പ്രസിഡന്റ് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നാണ് പരാതി.

സെക്രട്ടറിയുടെ ക്യാബിനില്‍ ജീവനക്കാരുടെ യോഗം നടക്കുന്നതിനിടെയിലേക്ക് എത്തിയാണ് ഇയാള്‍ യുവതിയെ അധിക്ഷേപിച്ചത്. തുടര്‍ന്ന് സിന്ധു ആര്യനാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ആരോപണം അടിസ്ഥാന രഹിതമാണെന്ന് വെള്ളനാട് ശ്രീകണ്ഠൻ പറഞ്ഞു. നേരത്തെ ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍ വിധി വരുന്നതിന് മുന്നോടിയായി തന്നെ വൈസ് പ്രസിഡന്റിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തുകയായിരുന്നു. കാട്ടാകട ഡി.വൈ.എസ്.പിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടന്നത്.

അതേസമയം അറസ്റ്റിന് പിന്നാലെ നെടുമങ്ങാട് എസ്.സി/എസ്.ടി കോടതി ശ്രീകണ്ഠന് ഇടക്കാല ജാമ്യം അനുവദിച്ചു. ജനുവരി 16 വരെയാണ് ഇടക്കാല ജാമ്യത്തിന്റെ കാലാവധി.

കേസ് 16ന് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

Content Highlight: A case of insulted the Panchayat Secretary by calling him a caste name; Vice President arrested

We use cookies to give you the best possible experience. Learn more