World News
പത്തനംതിട്ടയില്‍ കായിക താരത്തെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ഒമ്പത് പേര്‍ കൂടി കസ്റ്റഡിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Jan 11, 02:49 pm
Saturday, 11th January 2025, 8:19 pm

പത്തനംതിട്ട: പ്ലസ് ടു വിദ്യാര്‍ത്ഥിയായ കായിക താരത്തെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒമ്പത് പേര്‍ കൂടി കസ്റ്റഡിയില്‍. ഇതോടെ പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത 64 പേരില്‍ 20 പേര്‍ അറസ്റ്റിലായി. പ്രതികളില്‍ പലരും പത്തനംതിട്ട ജില്ലയ്ക്ക് പുറത്തുള്ളവരാണ്.

64 പേര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. നേരത്തെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെണ്‍കുട്ടിയെ ആദ്യമായി പീഡിപ്പിച്ചത് ആണ്‍ സുഹൃത്ത് ആണ്.

ഇയാള്‍ പെണ്‍കുട്ടിയെ പീഢിപ്പിച്ച് നഗ്നദൃശ്യങ്ങള്‍ കൈക്കലാക്കി അയാളുടെ സുഹൃത്തുക്കള്‍ക്ക് കൈമാറുകയായിരുന്നു. ഇന്ന് പിടിയിലായ പ്രതികളില്‍ നാളെ വിവാഹ നിശ്ചയം നടക്കാനിരിക്കുന്ന യുവാവും സഹോദരങ്ങളും വരെ ഉള്‍പ്പെടുന്നുണ്ട്.

അതേസമയം ദേശീയ മനുഷ്യാവകാശ കമ്മീഷനും ഈ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. എത്രയും വേഗം അന്വേഷണം നടത്തി മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്.

13 വയസ് മുതല്‍ ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിക്ക് നിലവില്‍ 18 വയസുണ്ട്. പോക്സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തിയാണ് ഇന്നലെ (വെള്ളിയാഴ്ച) അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ പരിശീലകരും സഹപ്രവര്‍ത്തകരുമുള്‍പ്പെടുന്നുണ്ട്.

ഇലവുംതിട്ട പൊലീസാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സി.ഡബ്ല്യു.സിയ്ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. സി.ഡബ്ല്യു. സിയ്ക്ക് ലഭിച്ച മൊഴി നേരിട്ട് പത്തനംതിട്ട എസ്.പിക്ക് കൈമാറുകയായിരുന്നു.

ജില്ലയിലെ പത്തനംതിട്ട, കോന്നി തുടങ്ങിയ സ്റ്റേഷനുകളിലും എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തെളിവുകള്‍ ലഭിക്കുന്നതിന് അനുസരിച്ച് കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Content Highlight: A case of abuse a sportsperson in Pathanamthitta; Nine more people are in custody