| Friday, 9th June 2023, 10:29 am

അമല്‍ ജ്യോതി കോളേജില്‍ ചീഫ് വിപ്പിനെ തടഞ്ഞ 50 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. ചര്‍ച്ചക്കെത്തിയ ചീഫ് വിപ്പ് എന്‍.ജയരാജിനെ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയാണ് കേസ്.

നേരത്തെ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ യാതൊരും പ്രതികാര നടപടിയും പാടില്ലെന്ന് സര്‍ക്കാര്‍ മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റ് ഇത് അംഗീകരിക്കുകയും ചെയ്തതാണ്. ഇതിനിടയിലാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു ഇടപെടല്‍ ഉണ്ടാകുന്നത്.

ചീഫ് വിപ്പിനെ പോലെയൊരാളെ തടയുമ്പോഴുള്ള സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായിട്ടുള്ള കേസ് മാത്രമാണിതെന്നാണ് പൊലീസ് പറയുന്നത്. തുടര്‍നടപടികള്‍ കൂടുതല്‍ പരിശോധനക്ക് ശേഷം മാത്രമേ ചെയ്യുയുള്ളൂവെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം നടന്ന സര്‍ക്കാര്‍ തല ചര്‍ച്ചയിലാണ് സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യാതൊരുവിധ അച്ചടക്ക, പ്രതികാര നടപടികളും സ്വീകരിക്കരുതെന്ന് സ്‌കൂള്‍ മാനേജ്മെന്റിനോട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ധു ആവശ്യപ്പെട്ടരുന്നത്.

അതേസമയം, അമല്‍ജ്യോതി കോളജില്‍ മരിച്ച ശ്രദ്ധ സതീഷിന്റെ മരണക്കുറിപ്പ് കണ്ടെത്തിയെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി കഴിഞ്ഞ ദിവസം പറഞ്ഞു. മരണത്തിന്റെ കാരണങ്ങള്‍ കുറിപ്പില്‍ പറയുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. കാരണം കണ്ടെത്താന്‍ സമഗ്ര അന്വേഷണം നടത്തുമെന്നും കോട്ടയം എസ്.പി കെ. കാര്‍ത്തിക് പറഞ്ഞു.

അതിനിടെ പ്രതിഷേധങ്ങള്‍ക്ക് ശേഷം വ്യാഴാഴ്ച കോളേജില്‍ ഓണ്‍ലൈനായി ക്ലാസുകള്‍ ആരംഭിച്ചിരുന്നു. തിങ്കളാഴ്ചയോടെ സാധാരണ നിലയില്‍ ക്ലാസുകള്‍ തുടങ്ങാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം.

Content Highlight: A case against the students who protested the death of a student of Amal Jyoti Engineering College

We use cookies to give you the best possible experience. Learn more