| Thursday, 22nd February 2024, 4:52 pm

കേംബ്രിഡ്ജ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജിന് ഇസ്രഈലിനെ പിന്തുണക്കുന്ന കമ്പനികളില്‍ നിക്ഷേപം: റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടൻ: ഗസയിലെ ഇസ്രഈല്‍ അതിക്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന കമ്പനികളില്‍ കേംബ്രിഡ്ജ് സര്‍വകലാശാലക്ക് കീഴിലുള്ള ഒരു കോളേജ് ഡോളര്‍ കണക്കിന് നിക്ഷേപം നടത്തിയതായി റിപ്പോര്‍ട്ട്. വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര മാധ്യമമായ മിഡില്‍ ഈസ്റ്റ് ഐയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

റിപ്പോര്‍ട്ട് പ്രകാരം കേംബ്രിഡ്ജ് സര്‍വകലാശാലയുടെ ഭാഗമായ ട്രിനിറ്റി കോളേജാണ് ഇസ്രഈലിനെ പിന്തുണക്കുന്ന കമ്പനികളില്‍ നിക്ഷേപം നടത്തിയിട്ടുള്ളത്. അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള കമ്പനികള്‍ ആണ് നിക്ഷേപ സ്രോതസുകളില്‍ മുന്‍നിരയിലുള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇസ്രഈലിലെ ആയുധ കമ്പനിയായ എല്‍ബിറ്റ് സിസ്റ്റംസില്‍ 61,735 പൗണ്ടോളം നിക്ഷേപമാണ് ട്രിനിറ്റി നടത്തിയതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

കമ്പനിക്ക് ലഭിച്ച നിക്ഷേപത്തിന്റെ 85 ശതമാനവും ഗസയിലെ ഫലസ്തീനികളെ ആക്രമിക്കുന്നതിനായി ഡ്രോണുകളും മറ്റ് ഉപകരണങ്ങളും നിര്‍മിക്കാനാണ് ഇസ്രഈല്‍ ഉപയോഗിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗസയിലെ വീടുകളും കെട്ടിടങ്ങളും തകര്‍ക്കുന്നതിനായി ഇസ്രഈല്‍ ഉപയോഗിക്കുന്ന ബുള്‍ഡോസറുകള്‍ ഈ കമ്പനിയുടേതാണെന്നും വിലയിരുത്തുന്നു.

അതേസമയം ഗസയില്‍ ഇസ്രഈല്‍ വംശഹത്യ നടത്തിയേക്കാമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതി വിധി പുറപ്പെടുവിച്ചതോടെ ജാപ്പനീസ് വ്യാപാര സ്ഥാപനമായ ഇറ്റോച്ചു ഫെബ്രുവരി ആദ്യ ആഴ്ചയില്‍ എല്‍ബിറ്റുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു.

ഗസയിലെ സൈനിക നീക്കങ്ങളില്‍ കമ്പനിയുടെ ഡ്രോണുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ എല്‍ബിറ്റ് സിസ്റ്റംസ് വിമര്‍ശനം നേരിട്ടിരുന്നു.

റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ 1.5 ബില്യണ്‍ പൗണ്ട് ആസ്തിയുള്ള ട്രിനിറ്റി കോളേജ് എല്‍ബിറ്റ് സിസ്റ്റംസ് പോലുള്ള സ്ഥാപനവുമായുള്ള ബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് വിദ്യാര്‍ത്ഥിയായ ആഞ്ചെലിക്ക ആവശ്യപ്പെട്ടതായും മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: A Cambridge University college has reportedly invested hundreds of dollars in companies that support Israeli atrocities in Gaza

We use cookies to give you the best possible experience. Learn more