പുതിയ സീസണിന് മുന്നോടിയായുള്ള റയല്‍ മാഡ്രിഡിനെതിരെയുള്ള സൗഹൃദ മത്സരത്തില്‍ എ.സി മിലാന് ജയം. സ്പാനിഷ് വമ്പന്‍മാരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് എ.സി മിലാന്‍ പരാജയപ്പെടുത്തിയത്.
സോള്‍ജിയര്‍ ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ 4-3-3 എന്ന് ഫോര്‍മേഷനില്‍ ആയിരുന്നു കളത്തിലിറങ്ങിയത്. മറുഭാഗത്ത് 4-3-3 എന്ന ശൈലിയായിരുന്നു ഇറ്റാലിയന്‍ വമ്പന്‍മാര്‍ പിന്തുടര്‍ന്നത്.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും സ്‌കോര്‍ ലൈന്‍ തെളിയിക്കാന്‍ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയില്‍ 55ാം മിനിട്ടില്‍ സാമുവല്‍ ചുക്യൂസിലൂടെയാണ് എ.സി മിലാന്‍ മത്സരത്തിലെ ഏക ഗോള്‍ കണ്ടെത്തിയത്.
റയലിന്റെ മധ്യനിരയില്‍ നിന്നുമുണ്ടായ പിഴവില്‍ നിന്നും ഇറ്റാലിയന്‍ വമ്പന്മാര്‍ ഗോളാക്കി മാറ്റിയത്. പെനാല്‍ട്ടി ബോക്‌സില്‍ നിന്നും സാമുവല്‍ കൃത്യമായി ലക്ഷ്യം കാണുകയായിരുന്നു.
റയലിന്റെ മുന്നേറ്റനിരയില്‍ ഈ സീസണില്‍ ടീമിലെത്തിയ ബ്രസീലിയന്‍ യുവതാരം എന്‍ഡ്രിക്കും തുര്‍ക്കിയുടെ വണ്ടര്‍ കിഡ് അര്‍ദ ഗുലറും കളത്തിലിറങ്ങിയിട്ടും റയലിന് സ്‌കോര്‍ ലൈനില്‍ തങ്ങളുടെ പേര് എഴുതിച്ചേര്‍ക്കാന്‍ സാധിക്കാതെ പോവുകയായിരുന്നു.
ബ്രസീലിനായി നാല് ഗോളുകളും രണ്ട് അസിസ്റ്റുമാണ് എന്‍ഡ്രിക് നേടിയിട്ടുള്ളത്. അടുത്തിടെയാണ് താരം റയലിന്റെ തട്ടകത്തിലെത്തുന്നത്.
അടുത്തിടെ അവസാനിച്ച യൂറോ കപ്പില്‍ തുർക്കിക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനമായിരുന്നു ഗുലര്‍ നടത്തിയത്. അഞ്ച് മത്സരങ്ങളില്‍ നിന്നും ഒരു ഗോളും രണ്ട് അസിസ്റ്റുമാണ് താരം നേടിയത്. ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ഒരു റെക്കോഡ് നേട്ടവും താരം സ്വന്തമാക്കിയിരുന്നു.
യൂറോപ്പ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഒരു എഡിഷനില്‍ ഒരു ഗോളും അസിസ്റ്റും നേടുന്ന മൂന്നാമത്തെ യുവതാരമായി മാറാനാണ് ഗുലറിന് സാധിച്ചത്. പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇംഗ്ലണ്ട് ഇതിഹാസം വെയ്ന്‍ റൂണിയുമാണ് ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയ താരങ്ങള്‍.
അതേസമയം ഓഗസ്റ്റ് നാലിനാണ് റയല്‍ മാഡ്രിഡ് അടുത്ത മത്സരത്തിന് ഇറങ്ങുന്നത്. മെറ്റ്‌ലൈഫ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബാഴ്‌സലോണയാണ് ലോസ് ബ്ലാങ്കോസിന്റെ എതിരാളികള്‍. മൂന്നു ദിവസങ്ങള്‍ക്ക് ശേഷം എ.സി മിലാനും കറ്റാലന്‍മാര്‍ക്കെതിരെ ബൂട്ട് കെട്ടും. എം ആന്‍ഡ് ടി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Content Highlight: A C Milan Beat Real Madrid In Friendly Match