| Tuesday, 7th March 2023, 4:47 pm

തൃശൂരില്‍ സദാചാര കൊലപാതകം; പ്രതികളെ സംരക്ഷിക്കുന്നത് തൃശൂരിലെ പ്രമുഖ അഭിഭാഷകനെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: സദാചാര ആക്രമണത്തിന് ഇരയായതിന് പിന്നാലെ തൃശൂര്‍ തിരുവാണിക്കാവില്‍ ബസ് ഡ്രൈവര്‍ കൊല്ലപ്പെട്ടു. ചേര്‍പ്പ് സ്വദേശിയായ സഹറാണ്(32) കൊല്ലപ്പെട്ടത്. തൃശൂര്‍, തൃപ്രയാര്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു സഹര്‍.

കഴിഞ്ഞ ഫെബ്രുവരി 18നായിരുന്നു സഹറിന് മര്‍ദനമേറ്റിരുന്നത്. ചേര്‍പ്പ് തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്തുള്ള വീട്ടിലേക്ക് തന്റെ വനിതാ സുഹൃത്തിനെ കാണാനെത്തിയപ്പോഴായാണ് സഹറിനെ ആറംഗ സംഘം മര്‍ദിച്ചത്.

ഈ സമയം സുഹൃത്തിന്റെ കുഞ്ഞും ഭര്‍തൃ മാതാവും വീട്ടിലുണ്ടായിരുന്നു. ഇതിനിടയില്‍ ഇരുവരും സംസാരിക്കുന്നതിനിടയില്‍ അക്രമി സംഘം വീട്ടിലേക്ക് എത്തി സഹറിനെ ബലമായി പിടിച്ചിറക്കി മര്‍ദിച്ച് അവശനാക്കുകയായിരുന്നു. പിന്നാലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സഹര്‍.

സഹറിന്റെ വാരിയെല്ലിനും ശ്വാസകോശത്തിനും ക്ഷതമേല്‍ക്കുകയും നെഞ്ചിന് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സഹറിനെ മര്‍ദിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. മര്‍ദിച്ച ആറ് പേര്‍ക്കെതിരെയും നേരത്തെ ചേര്‍പ്പ് പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. ഇവര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

സഹറിന്റെ മരണത്തിന് പിന്നാലെ അന്വേഷണം ഊര്‍ജിതമാക്കാനാണ് പൊലീസിന്റെ തീരുമാനം. ഇതിനായി ലുക്ക് ഔട്ട് നോട്ടീസ് ഉള്‍പ്പെടെ പുറപ്പെടുവിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.

പ്രതികളില്‍ ഒരാള്‍ രാജ്യം വിട്ടതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. രാഹുല്‍, ബിജിത്ത്, ബിനോയ്, വിഷ്ണു, അരുണ്‍, അഭിലാഷ് എന്നിവരാണ് ഒളിവിലുള്ളവള്‍. അതേസമയം, തൃശൂരിലെതന്നെ പ്രമുഖ അഭിഭാഷകനാണ് പ്രതികളെ ഒളിപ്പിച്ചതെന്ന് പൊലീസില്‍ നിന്ന് വിവരം ലഭിച്ചതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Content Highlight: A bus driver was killed in Thrissur’s Thiruvanikavil after being a victim of moral assault

Latest Stories

We use cookies to give you the best possible experience. Learn more