| Tuesday, 18th January 2022, 12:57 pm

മര്‍ക്കസ് നോളജ് സിറ്റി കെട്ടിടം നിര്‍മാണത്തിനിടെ തകര്‍ന്നുവീണു; 15 തൊഴിലാളികള്‍ക്ക് പരിക്ക്, മൂന്ന് പേരുടെ നില ഗുരുതരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള മര്‍ക്കസ് നോളജ് സിറ്റിയിലെ കെട്ടിടം തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്ക്.  തൊഴിലാളികള്‍ തകര്‍ന്നു വീണ കെട്ടിടത്തിന് അടിയില്‍ കുടുങ്ങി. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില  ഗുരുതരമാണ്.

അപകടം നടക്കുമ്പോള്‍ 15 പേരായിരുന്നു സംഭവ സ്ഥലത്ത് ഉണ്ടായിരുന്നത്. കോണ്‍ക്രീറ്റിനായി തയ്യാറാക്കിയ തട്ടുള്‍പ്പടെ താഴേക്ക് പതിക്കുകയായിരുന്നു.  പരിക്കേറ്റവരെ ഉടന്‍തന്നെ പുറത്ത് എടുത്ത് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.

പിന്നീട്  അഞ്ച് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള ട്രസ്റ്റിന്റേതാണ് കെട്ടിടം. താമരശ്ശേരി കൈതപ്പൊയിലില്‍ നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന കെട്ടിടമാണ് തകര്‍ന്ന് വീണത്.

നാട്ടുകാരും നോളജ് സിറ്റിയിലുണ്ടായിരുന്ന മറ്റ് തൊഴിലാളികളും ചേർന്നാണ് ആദ്യ ഘട്ടത്തില്‍ രക്ഷാപ്രവർത്തനം നടത്തിയത്. പിന്നാലെ പൊലീസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തി.

‘പണി നടന്നുകൊണ്ടിരുന്ന കെട്ടിടത്തിന്റെ ഒരു വശത്തെ താങ്ങു തകര്‍ന്ന് തൊഴിലാളികള്‍ക്ക് നിസാര പരിക്ക്. മര്‍കസ് നോളജ് സിറ്റിയിലെ ഹില്‍സിനായി ഫിനിഷിംഗ് സ്‌കൂളിന്റെ കെട്ടിട നിര്‍മാണത്തിനിടെയാണ് അപകടം. നിസാര പരിക്കുകളോടെ അഞ്ച് അതിഥി തൊഴിലാളികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,’ മര്‍ക്കര്‍ പബ്ലിക് റിലേഷന്‍സ് വിഭാഗം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

അതേസമയം, നേരത്തെ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള മര്‍കസ് നൊളെജ് സിറ്റിയുടെ നിര്‍മാണം ഭൂമി തരം മാറ്റിയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഏഷ്യാനെറ്റ് ന്യൂസായിരുന്നു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

കോടഞ്ചേരിയിലെ റബ്ബര്‍ തോട്ടത്തിലാണ് നോളേജ് സിറ്റി നിര്‍മാണം. ഭൂപരിഷ്‌കരണ നിയമപരിധിയില്‍ ഇളവ് ലഭിക്കുന്ന തോട്ടഭൂമി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചു എന്നായിരുന്നു ആരോപണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: A building in the Markas Knowledge City collapsed, , led by AP Aboobacker Musliar, 

We use cookies to give you the best possible experience. Learn more