| Saturday, 5th August 2023, 11:13 am

കര്‍ഷക സമരത്തെ പിന്തുണച്ച ബ്രിട്ടീഷ് എം.പിയെ എയര്‍പോര്‍ട്ടില്‍ തടഞ്ഞു നിര്‍ത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി എം.പി തന്‍മന്‍ജീത് സിങ് ധേസിയെ ശ്രീ ഗുരു രാംദാസ് ജീ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ തടഞ്ഞു നിര്‍ത്തി. എയര്‍പോര്‍ട്ട് എമിഗ്രേഷന്‍ ഓഫീസര്‍മാരാണ് ഇദ്ദേഹത്തെ തടഞ്ഞുനിര്‍ത്തിയത്. ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒ.സി.ഐ) കാര്‍ഡ് തന്‍മന്‍ജീതിന്റെ കൈവശമില്ലാത്തത് കൊണ്ടാണ് തടഞ്ഞുനിര്‍ത്തിയതെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

കര്‍ഷക സമരത്തെ പിന്തുണച്ച എം.പിയാണ് തന്‍മന്‍ജീത് സിങ്. ബ്രിട്ടണിലെ തലപ്പാവ് ധരിച്ച ആദ്യ എം.പി കൂടിയാണ് ഇദ്ദേഹം. ബിര്‍മിങ്ങ്ഘമില്‍ നിന്നും വരുന്ന വഴി വ്യഴാഴ്ചയാണ് തനിക്ക് ഇത്തരമൊരു അനുഭവുമുണ്ടായതെന്ന് എം.പി തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്.

ഇതിന് പിന്നില്‍ തന്നോട് വിദ്വേഷമുള്ളവരാണെന്ന് തന്‍ജീത് പറഞ്ഞു.

‘കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഇറങ്ങിയപ്പോള്‍, നിരവധി ഇന്ത്യന്‍ കര്‍ഷക യൂണിയനുകളില്‍നിന്നും പൊതുസമൂഹത്തില്‍നിന്നും വലിയ സ്‌നേഹവും ബഹുമാനവും ലഭിച്ചു. എന്നാല്‍, ഇന്ന് അമൃത്സര്‍ വിമാനത്താവളത്തില്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ചു.

കര്‍ഷകര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും സിഖുകാരെപ്പോലുള്ള ന്യൂനപക്ഷങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്നതിന് കൊടുക്കേണ്ട വിലയാണ് ഇത്.’- തന്‍മന്‍ജീത് ഫേസ്ബുക്കില്‍ കുറിച്ചു.

തന്‍മന്‍ജീതിനെ രണ്ട് മണിക്കൂറാണ് എയര്‍പോര്‍ട്ടില്‍ തടഞ്ഞുവെച്ചതെന്നും വിഷയം ആഭ്യന്തര മന്ത്രാലയത്തിന്റെ അധികാര പരിധിയിലാണെന്നും പൊലീസ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

യു.കെ പാര്‍ലമെന്റിലും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും സിഖ് പ്രശ്നങ്ങള്‍ ഉന്നയിക്കാറുള്ളയാളാണ് തന്‍മന്‍ജീത്. നിലവില്‍ ലണ്ടനിലെ റെയില്‍വേയുടെ ഷാഡോ മന്ത്രിയാണ്.

ഭരിക്കുന്ന സര്‍ക്കാരിന്റെ നയങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുകയും ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ നേതാവ് നിയമിക്കുന്നതാണ് ഷാഡോ മന്ത്രി.

ഖാലിസ്ഥാന്‍ അനുകൂലികളുടെ അറസ്റ്റിനെക്കുറിച്ചും പഞ്ചാബിലെ ഇന്റര്‍നെറ്റ് റദ്ദാക്കിയതിനെക്കുറിച്ചും തന്‍മന്‍ജീത് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് നേരത്തെയും മന്ത്രിമാരുടെ വിമര്‍ശനത്തിന് വിധേയനായിരുന്നു.

മാര്‍ച്ചില്‍, തീവ്ര സിഖ് മതപ്രഭാഷകന്‍ അമൃത്പാല്‍ സിങ്ങിനായുള്ള പൊലീസിന്റെ അന്വേഷണത്തെയും അദ്ദേഹത്തിന്റെ 112 അനുയായികളെ അറസ്റ്റ് ചെയ്തതിനും ശേഷമുള്ള പഞ്ചാബിലെ ആശങ്കാകുലമായ സാഹചര്യത്തെക്കുറിച്ച് തന്‍മന്‍ജീത് അഭിപ്രായപ്പെട്ടിരുന്നു.

 ബി.ജെ.പി സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിച്ചതിന് ആദ്യമായല്ല ഒരു ബ്രിട്ടീഷ് എം.പിയെ തടഞ്ഞു നിര്‍ത്തുന്നത്.

2019 ലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത ബ്രിട്ടീഷ് പ്രതിപക്ഷ എം.പി ഡെബി എബ്രഹാംസിന് 2020ല്‍ ന്യൂദല്‍ഹിയിലേക്കുള്ള പ്രവേശനം നിഷേധിക്കുകയും വിസ കൈവശം വെച്ച് ലണ്ടനിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു.

CONTENT HIGHLIGHTS: A British MP who supported the farmers’ strike was stopped at the airport

We use cookies to give you the best possible experience. Learn more