ബ്രൂക് അടിച്ചപ്പോള്‍ ഹൃദയം ബ്രോക്കായി വിന്‍ഡീസ്; ആ അവസാന അഞ്ച് ബോള്‍,രോമാഞ്ചം...
Sports News
ബ്രൂക് അടിച്ചപ്പോള്‍ ഹൃദയം ബ്രോക്കായി വിന്‍ഡീസ്; ആ അവസാന അഞ്ച് ബോള്‍,രോമാഞ്ചം...
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 17th December 2023, 9:06 am

നാഷണല്‍ സ്റ്റേഡിയത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ടി-ട്വന്റി മത്സരത്തില്‍ ഇംഗ്ലണ്ടിന് ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ടോസ് നേടിയ ഇംഗ്ലണ്ട് വിന്‍ഡീസിനെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ വിന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സിന്റെ മികച്ച സ്‌കോര്‍ നേടി. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 19.5 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു. ആവേശം നിറഞ്ഞ മത്സരത്തില്‍ നിര്‍ണായകമായ അവസാന ഓവറില്‍ ഹാരി ബ്രൂക്കിന്റെ മികച്ച പ്രകടനത്തിലാണ് ഇംഗ്ലണ്ട് വിജയം കണ്ടെത്തിയത്. ഇതോടെ അഞ്ച് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ 2-1ന് വിന്‍ഡീസ് മുന്നിലുണ്ടെങ്കിലും മികച്ച വിജയമാണ് ഇംഗ്ലണ്ട് നേടിയത്.

മത്സരത്തില്‍ സെഞ്ച്വറി നേടിയ ഫില്‍ സാള്‍ട്ടിന്റെയും ആക്രമിച്ച് കളിച്ച ഹാരി ബ്രൂക്കിന്റെയും പോരാട്ടമാണ്‌ അവസാന ഓവറില്‍ ഇംഗ്ലണ്ടിനെ വിജയത്തില്‍ എത്തിച്ചത്. 56 പന്തില്‍ ഒമ്പത് സിക്‌സറുകളും നാലു ബൗണ്ടറികളും അടക്കമാണ് ഫില്‍ സാള്‍ട്ട് സെഞ്ച്വറി നേടിയത്. 194.64 സ്‌ട്രൈക്ക് റേറ്റ് ആണ് സാള്‍ട്ട് പുറത്താക്കാതെ നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ ഹാരിക്കിന് കൂട്ടുനിന്നത്.

അവസാന ആറ് പന്തില്‍ 21 റണ്‍സ് വിജയിക്കാന്‍ എന്നിരിക്കെ ആന്ദ്രെ റസലിനേ മൂന്ന് സിക്‌സറുകളും ഒരു ബൗണ്ടറിയും ഒരു ഡബിള്‍സും പറത്തിയാണ് ബ്രൂക് ഇംഗ്ലണ്ടിന് മിന്നും വിജയം നേടിക്കൊടുത്തത്. 4,6,6,2,6 എന്ന രീതിയിലായിരുന്നു ബ്രൂക്ക് ആറാടിയത്. വെറും ഏഴ് പന്തില്‍ ഹാരിയുടെ ടോട്ടല്‍ സ്‌കോര്‍ 31 റണ്‍സ് ആയിരുന്നു. മത്സരത്തില്‍ 444.86 എന്ന ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റിന് അധിപന്‍ ആവുക കൂടെയാണ് ഹാരി. നാല് സിക്‌സറുകളും ഒരു ബൗണ്ടറിയുമാണ് ഹരിയുടെ ബാറ്റില്‍ നിന്നും പിറന്നത്. ടി-ട്വന്റി ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച യുവ ഫിനിഷറായി മാറുകയാണ് ഹാരി ബ്രൂക്.

ഫില്‍ സാള്‍ട്ടിനു പുറമെ ജോസ് ബട്‌ലര്‍ 34 പന്തില്‍ രണ്ടു സിക്‌സറുകളും അഞ്ച് ബൗണ്ടറികളും അടക്കം 51 റണ്‍സ് നേടി വിന്‍ഡീസിനെതിരെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. വില്‍ ജാക്‌സ് ആറു പന്തില്‍ ഒരു റണ്‍സ് നേടി പുറത്തായപ്പോള്‍ ലിയാം ലിവിങ്സ്റ്റണ്‍ 18 പന്തില്‍ മൂന്ന് സിക്‌സറുകള്‍ അടക്കം 30 റണ്‍സ് നേടിയിരുന്നു. ജയ്‌സണ്‍ ഹോള്‍ഡര്‍ ലിവിങ്സ്റ്റനെ റോവ്മാന്‍ പവലിന്റെ കയ്യില്‍ എത്തിച്ചു പുറത്താക്കിയപ്പോള്‍ ജോസ് ബട്ടറെ ആന്ദ്രെ റസല്‍ അല്‍സാരി ജോസഫിന്റെ കൈകളിലും എത്തിച്ചു. വില്‍ ജാക്‌സിനെ ഗൂഡകേഷ് മോട്ടിയാണ് നിക്കോളാസ് പൂരന്റെ കൈകളില്‍ എത്തിച്ചത്.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന് തുടക്കം മോശമാവുകയായിരുന്നു. ഓപ്പണര്‍ ബ്രാന്‍ഡണ്‍ കിങ് അഞ്ചു ബോളില്‍ എട്ട് റണ്‍സ് എടുത്തു പുറത്തായപ്പോള്‍ കയ്ന്‍ മയേഴ്‌സ് പൂജ്യം റണ്‍സിന് പുറത്തായി. ശേഷം ഇറങ്ങിയ നിക്കോളാസ് പൂരനാണ് 45 പന്തില്‍ ആറ് സിക്‌സറുകളും ആറ് ബൗണ്ടറിയും ഉള്‍പ്പെടെ 82 റണ്‍സ് നേടി ടീമിനെ ഉയര്‍ന്ന സ്‌കോറിലേക്ക് നയിച്ചത്. ഷായി ഹോപ്പ് 26 റണ്‍സും റോവ്മന്‍ പവല്‍ 21 പന്തില്‍ 39 റണ്‍സും ഷെയര്‍ഫെന്‍ റൂതര്‍ഫോര്‍ഡ് 17 പന്തില്‍ 29 റണ്‍സും നേടിയിരുന്നു. ആന്ദ്രെ റസല്‍ എട്ട് റണ്‍സും ഹോള്‍ഡര്‍ 5 പന്തില്‍ 18 റണ്‍സ് എടുത്ത് പുറത്താകാതെ മാക്‌സിമം സ്‌കോറില്‍ എത്തിച്ചു. ഇംഗ്ലണ്ടിന് വേണ്ടി ആദില്‍ റഷീദിനും സാം കറണിനും രണ്ടു വിക്കറ്റുകള്‍ നേടാന്‍ സാധിച്ചപ്പോള്‍ മോയിന്‍ അലിയും റീസ് ടോപ്ലെയും ഓരോ വിക്കറ്റുകളും വീഴ്ത്തി.

Content Highlight: A brilliant victory for England