| Monday, 19th December 2022, 5:47 pm

പരാജിതനെന്ന് മറഡോണയടക്കം പഴിചാരി, പിന്നെ കണ്ടത് ചരിത്രം; തരം​ഗമായി സ്കലോണി

സ്പോര്‍ട്സ് ഡെസ്‌ക്

അർ‌ജന്റൈൻ പടയെ ഇന്ന് കാണുന്ന നിലയിലേക്ക് ഉയർത്തിക്കൊണ്ടുവന്നതിൽ പ്രധാന പങ്കുവഹിച്ച പരിശീലകനാണ് ലയണൽ സ്കലോണി. മെസിയും കൂട്ടരും ലോകകപ്പ് ഉയർത്തിപ്പിടിക്കുമ്പോൾ മാത്രം ശ്രദ്ധിക്കപ്പെട്ട ഈ പരിശീലകൻ കളിയിൽ പയറ്റിയ തന്ത്രങ്ങൾ എക്കാലവും വേറിട്ടുനിൽക്കുന്നതാണ്.

എന്നാൽ അർജന്റീനക്കായി കോപ്പ അമേരിക്ക തൊട്ട് ഇന്നിപ്പോൾ വിശ്വകിരീടം വരെ നേടിക്കൊടുത്ത സ്കലോണിക്ക് ഓർക്കാൻ ഇഷ്ടമില്ലാത്ത ഒരു ഭൂതകാലമുണ്ടായിട്ടുണ്ട്. ഒരിക്കൽ പരാജിതനെന്ന പരിഹാസം കേൾക്കേണ്ടിവന്നയാളാണ് സ്‌കലോണി.

2006 മെയ് 13ന് കാർഡിഫിലെ മില്ലേനിയം സ്റ്റേഡിയത്തിൽ എഫ്.എ കപ്പ് ഫൈനലിൽ ലിവർപൂളിനോട് വെസ്റ്റ് ഹാം യുണൈറ്റഡ് തോറ്റപ്പോൾ സ്‌കലോണി പൊട്ടിക്കരയുകയായിരുന്നു.

അന്ന് സ്റ്റീവൻ ജെറാർഡ് ആ ഗോൾ നേടുന്നതിന് മുമ്പ് പന്ത് നഷ്ടമാക്കിയത് വെസ്റ്റ് ഹാം താരമായിരുന്ന സ്‌കലോണിയായിരുന്നു. അദ്ദേഹം ഒരു ക്ലിയറൻസ് നടത്തിയിരുന്നെങ്കിൽ ഒരിക്കലും കണ്ണീരോടെ മടങ്ങേണ്ടിവരുമായിരുന്നില്ല.

ആറ് മാസത്തെ ലോണിലാണ് സ്‌കലോണി ഡിപോർട്ടീവോ ലാ കൊരുണയിൽ നിന്ന് വെസ്റ്റ്  ഹാമിലെത്തിയത്. മത്സരശേഷം സ്‌കലോണി ഏറെ പാടുപെട്ടാണ് സാധാരണ നിലയിലേക്ക് തിരിച്ചെത്തിയത്. എഫ്.എ കപ്പ് ഫൈനൽ കഴിഞ്ഞ ആ രാത്രി ഇനി ഫുട്‌ബോൾ കളിക്കുന്നില്ലെന്ന് പോലും ചിന്തിച്ചതായി സ്കലോണി പിന്നീട് പറഞ്ഞിട്ടുണ്ട്.

 ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന 2014 ലെ ബ്രസീലിൽ ലോകകപ്പ് ഫൈനലിൽ  പരാജയപ്പെടുമ്പോൾ സ്‌കലോണി ഇറ്റലിയിൽ അറ്റലാന്റയ്ക്കായി ഫുട്ബോൾ കളിക്കുകയായിരുന്നു.

2018ൽ അർജന്റീന ലോകകപ്പിൽ നിന്നും പുറത്തായപ്പോൾ സ്‌കലോണി അന്നത്തെ പരിശീലകൻ ജോർജ്ജ് സാമ്പവോളിയുടെ സഹായിയായിരുന്നു. പിന്നീട് ടീമിന്റെ താത്കാലിക ചുമതലയും സ്ഥിരം പരിശീലകനുമായി മാറി.

‘നിങ്ങൾക്ക്‌ ഭ്രാന്താണ്‌. ഒരു ട്രാഫിക്‌ നിയന്ത്രിക്കാൻപോലും അയാൾക്കാകില്ല’ എന്നായിരുന്നു ലയണൽ സ്‌കലോണിയെ അർജന്റീന പരിശീലകനായി നിയമിച്ചതറിഞ്ഞ മറഡോണയുടെ ആദ്യ പ്രതികരണം. നാല്‌ വർഷം മുമ്പ്‌, അന്നുപക്ഷേ മറഡോണയെ കുറ്റംപറയാനാകില്ല. അന്ന്‌ 40 വയസുള്ള സ്‌കലോണിക്ക്‌ പരിശീലനപരിചയം ഒട്ടുമുണ്ടായിരുന്നില്ല.

2019 കോപ്പ അമേരിക്കയിൽ ടീമിനെ നയിച്ച് മൂന്നാം സ്ഥാനത്തെത്തി. 2021ൽ കോപ്പ അമേരിക്ക കിരീടം നേടി. തുടർന്ന് ഫൈനലിസിമ നേടിക്കൊടുത്തു, ഒപ്പം 36 മത്സരങ്ങളില‍െ അപരാജിത കുതിപ്പും. പ്രായോഗികതയുടെ വക്താവാണ്‌ സ്‌കലോണി, സൂത്രശാലിയും. എതിരാളിയുടെ കരുത്തറിഞ്ഞുള്ള കളിവിന്യാസവും പദ്ധതിയും ഒരുക്കും. മൈതാനത്ത്‌ തിടുക്കം കാട്ടാതെ കളി അവലംബിക്കും..

28 വർഷത്തെ ട്രോഫിയില്ലാത്ത വരൾച്ച അവസാനിപ്പിക്കാൻ സ്‌കലോണി തന്റെ ടീമിനെ സഹായിച്ചു. 2022 ലെ ഫിഫ ലോകകപ്പിൽ അർജന്റീനയുടെ വിജയകരമായ കാമ്പെയ്ൻ പൂർത്തിയാകുമ്പോൾ സ്‌കലോനി വഹിച്ച പങ്ക് എക്കാലവും ഓർമിക്കപ്പെടും.

Content Highlights: A brief history about Scaloni

We use cookies to give you the best possible experience. Learn more