| Monday, 21st June 2021, 10:23 pm

പട്ടാളത്തില്‍ ചേരാന്‍ 25000 രൂപ കൈക്കൂലി, പിടിക്കപ്പെട്ടതോടെ തിരികെ പോരേണ്ടി വന്നു; കെ.സുധാകരന്റെ അഭിമുഖത്തില്‍ ഗുരുതര തുറന്നുപറച്ചില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: മനോരമ ആഴ്ച്ചപതിപ്പിന് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരന്‍ നല്‍കിയ അഭിമുഖത്തില്‍ ഗുരുതര തുറന്നുപറച്ചില്‍. സൈനിക സേവനത്തിനായി ഒരു കേണല്‍ വഴി സ്വാധീനത്തിന് ശ്രമിച്ചിരുന്നെന്നാണ് കെ. സുധാകരന്‍ തന്നെ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന വിവാദ പരാമര്‍ശമുള്ള അഭിമുഖത്തില്‍ തന്നെയാണ് ഈ തുറന്നുപറച്ചിലുമുള്ളത്.

സൈനിക ഓഫീസറാവുകയെന്നതായിരുന്നു ചെറുപ്പം മുതലുള്ള ആഗ്രഹമെന്നും ഇതിനായി ഒരു കേണല്‍ വഴി ശ്രമിച്ചിരുന്നെന്നും സുധാകരന്‍ പറയുന്നു. പിന്നീട് പിടിക്കപ്പെട്ടപ്പോള്‍ തിരികെ പോരുകയായിരുന്നെന്നും സുധാകരന്‍ പറയുന്നു.

ചെന്നെ സെന്റ് ജോര്‍ജ് ഫോര്‍ട്ടിലായിരുന്നു സൈനിക ഓഫിസറാകാനുള്ള പ്രിലിമിനറി പരീക്ഷ. തുടര്‍പരീക്ഷകള്‍ ജബല്‍പുരില്‍. അവസാന ഘട്ടം വരെ പിടിച്ചു നിന്നെങ്കിലും തോറ്റു പുറത്തായി.

കാല്‍ ലക്ഷം നല്‍കിയാല്‍ സൈനിക കാന്റീനിലെ മാനേജര്‍ വഴി ജോലി തരപ്പെടുത്താമെന്ന കാന്റീനിലെ മലയാളി ജീവനക്കാരന്‍ പറഞ്ഞന്നാണ് സുധാകരന്‍ അഭിമുഖത്തില്‍ പറയുന്നത്.

തുടര്‍ന്ന് ആ വഴിക്കായി പിന്നത്തെ ശ്രമം. ഒരു കേണല്‍ ജോലി ഉറപ്പു നല്‍കി. വീണ്ടും പരീക്ഷയെഴുതി, ഇന്റര്‍വ്യൂവിനായി റൂര്‍ക്കിയിലേക്കു വിളിപ്പിച്ചു. ആദ്യം തന്നെ എന്റെ പേരു വിളിച്ചു. കേണലുമായി എങ്ങനെ പരിചയമെന്നായിരുന്നു ആദ്യ ചോദ്യം. പരിചയക്കാരനാണെന്നു താന്‍ പറഞ്ഞെന്നും സുധാകരന്‍ പറഞ്ഞു.

സൈനിക ഉദ്യോഗസ്ഥരുടെ റിക്രൂട്‌മെന്റില്‍ തിരിമറി കാട്ടിയാല്‍ എന്തു ശിക്ഷയാണെന്ന് അറിയാമോയെന്നു ചെയര്‍മാന്‍ ചോദിച്ചു. യു ആര്‍ ആന്‍ ഇന്‍വാലിഡ് കേഡറ്റ്. യു കാന്‍ ഗോ ബാക്’ ചെയര്‍മാന്റെ ഇടിമുഴക്കമുള്ള ശബ്ദം കേട്ട് ഞാന്‍ തരിച്ചു നിന്നു. വീണ്ടും ആ മുഖത്തേക്കു ഒന്നു നോക്കി, ”യെസ്, യൂ കാന്‍ ഗോ ബാക്…’അദ്ദേഹം വീണ്ടും പറഞ്ഞു. നിന്ന നില്‍പില്‍ ഭൂമിയിലേക്ക് താഴ്ന്നു പോകുന്നതു പോലെ എനിക്കു തോന്നി. എന്റെ ഹൃദയം തകര്‍ന്നു. കടുത്ത നിരാശയോടെ നാട്ടിലെത്തി. എം.എയ്ക്കു ശേഷം മംഗലാപുരത്തു പോയി എല്‍.എല്‍.ബിക്കു ചേര്‍ന്നു. അഭിഭാഷകനാകാന്‍ മോഹമുണ്ടായിരുന്നില്ല. കോഴ്‌സ് പൂര്‍ത്തിയാക്കിയതുമില്ല. എന്റെ കളരി രാഷ്ട്രീയമാണെന്ന് അപ്പോഴേക്കും തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.’ എന്നും സുധാകരന്‍ അഭിമുഖത്തില്‍ പറയുന്നു.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ കോളെജ് കാലഘട്ടത്തില്‍ ചവിട്ടി വീഴ്ത്തിയിരുന്നെന്ന കെ. സുധാകരന്റെ അഭിമുഖത്തിലെ പരാമര്‍ശം വിവാദമായിരുന്നു. ഇതിന് പിന്നാലെ സുധാകരന്റെ വാദങ്ങള്‍ തള്ളിക്കൊണ്ട് പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു.

സുധാകരന്റെ പ്രസ്താവന വെറും സ്വപ്നം മാത്രമാണെന്നും പറഞ്ഞത് വെറും പൊങ്ങച്ചം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ താന്‍ പിണറായിയെ ചവിട്ടി വീഴ്ത്തിയെന്ന്പറഞ്ഞിട്ടില്ലെന്നും ഇത് ഓഫ് റെക്കോര്‍ഡ് ആയി പറഞ്ഞത് അഭിമുഖത്തില്‍ പ്രസിദീകരിക്കുകയായിരുന്നെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

A bribe of Rs 25,000 to join the army; Serious revelation in K. Sudhakaran’s interview

We use cookies to give you the best possible experience. Learn more