Kerala News
നിയമനക്കോഴക്കേസില്‍ ട്വിസ്റ്റ്; മലക്കം മറിഞ്ഞ് ഹരിദാസന്‍, ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്ന് കുറ്റസമ്മത മൊഴി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Oct 09, 03:56 pm
Monday, 9th October 2023, 9:26 pm

തിരവനന്തപുരം: മെഡിക്കല്‍ നിയമനക്കോഴക്കേസില്‍ വഴിത്തിരിവ്. ആരോഗ്യമന്ത്രിയുടെ പി.എ. അഖില്‍ മാത്യുവിന് സെക്രട്ടേറിയേറ്റിന് മുന്നില്‍വെച്ച് ഒരു ലക്ഷം രൂപ നല്‍കിയിട്ടില്ലെന്ന് പരാതിക്കാരന്‍ ഹരിദാസിന്റെ കുറ്റസമ്മത മൊഴി. ആരോപണങ്ങളെക്കുറിച്ച് പരസ്പരവിരുദ്ധ മറുപടിയാണ് പരാതിക്കാരന്‍ നല്‍കുന്നതെന്നാണ് പൊലീസിനെ ഉദ്ധരിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുത്.

സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടോ എന്നാണ് പൊലീസ് കരുതുന്നതെന്നും ഹരിദാസിന്റെ രഹസ്യമൊഴി അന്വോഷണ സംഘം രേഖപ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറുയന്നു.

മകന്റെ ഭാര്യക്ക് ജോലിക്കായി തിരുവനന്തപുരത്തുവെച്ച് ഒരു ലക്ഷം രൂപ അഖില്‍ മാത്യുവിന് കൈക്കൂലിയായി കൈമാറിയെന്നാണ് ഹരിദാസന്റെ പരാതി. സെക്രട്ടേറിയേറ്റിന്റെ പരിസരത്ത് വെച്ച് അഞ്ഞൂറ് രൂപയുടെ നോട്ടുകള്‍ പ്ലാസ്റ്റിക് കവറിലാക്കി ഏപ്രില്‍ മാസം 10ന് കൈമാറി എന്നാണ് ഹരിദാസന്‍ പറഞ്ഞിരുന്നത്.

നേരത്തെ ഇതുമായി ബന്ധപ്പെട്ട് സെക്രട്ടേറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. എന്നാല്‍ ഹരിദാസന്റെ ആരോപണത്തില്‍ പറയുന്നത് പോലെ പണം നല്‍കുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നില്ല.