| Saturday, 31st December 2022, 8:22 am

'ദുബായ്, ഖത്തര്‍ ലീഗുകളില്‍ കളിക്കാന്‍ ഇഷ്ടമല്ല'; റൊണാള്‍ഡോയുടെ പഴയ അഭിമുഖം തരംഗമാകുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് ഫ്രീ ഏജന്റായ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറുമായി കരാറിലേര്‍പ്പെട്ടിരിക്കുകയാണ്. ക്ലബ്ബുമായി താരം രണ്ട് വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചെന്നാണ് റിപ്പോര്‍ട്ട്. കരിയര്‍ ആരംഭിച്ചത് മുതല്‍ യൂറോപ്യന്‍ ക്ലബ്ബുകളില്‍ മാത്രം ബൂട്ടുകെട്ടിയ താരം ആദ്യമായാണ് പുറത്ത് കളിക്കുന്നത്.

എന്നാല്‍ മുന്‍നിര ക്ലബ്ബുകളില്‍ മാത്രമേ കളിക്കുകയുള്ളൂവെന്നും അന്തസോടെ വിരമിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് റൊണാള്‍ഡോ പറഞ്ഞിരുന്നു. 2015ല്‍ ഐ.ടി.വിക്ക് വേണ്ടി ജോനാഥന്‍ റോസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്. താരം അല്‍ നസറുമായി സൈന്‍ ചെയ്തതിന് ശേഷം പഴയ അഭിമുഖത്തിലെ ദൃശ്യങ്ങള്‍ തരംഗമായിരിക്കുകയാണ്.

‘ഞാന്‍ ഇതുവരെ യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഖത്തര്‍, ദുബായ് പോലുള്ള ലീഗുകളില്‍ കളിച്ചിട്ടില്ല. എനിക്കെന്നെ അത്തരം ക്ലബ്ബുകളില്‍ കളിച്ച് കാണാന്‍ ഇഷ്ടമല്ല. എന്ന് കരുതി അതൊന്നും മോശം കളികളാണെന്ന് അല്ല, ഇനിയുമൊരു ഏഴ്,എട്ട് സീസണുകളില്‍ ടോപ്പ് ലെവലില്‍ കളിച്ച് അന്തസോടെ വിരമിക്കാനാണ് എനിക്കിഷ്ടം,’ റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.

ആന്‍ഡ്രിയ പേളോ, ഫ്രാങ്ക് ലാംപാര്‍ഡ്, ഡേവിഡ് വില്ല തുടങ്ങിയ മുന്‍നിര താരങ്ങള്‍ യു.എസ്.എക്കും ഏഷ്യന്‍ ലീഗ്‌സിനും വേണ്ടി കളിക്കുന്ന സമയത്തായിരുന്നു താരത്തിന്റെ പരാമര്‍ശം.

അതേസമയം അല്‍ നസറില്‍ സൈന്‍ ചെയ്തതോടെ റൊണാള്‍ഡോയുടെ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് തിരശീല വീണിരിക്കുകയാണ്. സ്‌പോര്‍ട്ടിങ് ലിസ്ബണ്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി ബൂട്ടുകെട്ടിയ താരം അസാധ്യ പ്രകടനമാണ് കരിയറില്‍ കാഴ്ചവെച്ചത്.

അഞ്ച് തവണ യുവേഫ ചാമ്പ്യന്‍സ് ലീഗ് നേടിയ റൊണാള്‍ഡോ 140 ഗോളുകള്‍ അക്കൗണ്ടിലാക്കി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ഖ്യാതിയും നേടി. ക്ലബ്ബ് ഫുട്‌ബോളിലും അന്താരാഷ്ട്ര ഫുട്‌ബോളിലുമായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന പേരും റൊണാള്‍ഡോക്ക് സ്വന്തം.

ഖത്തര്‍ ലോകകപ്പിന് തൊട്ടുമുമ്പാണ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടത്. പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും വാര്‍ത്താ അവതാരകനുമായ പിയേഴ്‌സ് മോര്‍ഗന് നല്‍കിയ അഭിമുഖത്തിന് ശേഷമാണ് യുണൈറ്റഡില്‍ നിന്ന് താരത്തിന്റെ പടിയിറക്കം.

അഭിമുഖത്തിനിടെ കോച്ച് എറിക് ടെന്‍ ഹാഗും മറ്റ് പല ഒഫീഷ്യല്‍സും തന്നെ പുറത്താക്കാന്‍ കരുനീക്കം നടത്തുന്നുണ്ടെന്ന് റൊണാള്‍ഡോ തുറന്നടിച്ചു. ക്ലബ്ബില്‍ താന്‍ വഞ്ചിക്കപ്പെട്ടതായാണ് തോന്നുന്നതെന്നും അദ്ദേഹം അഭിമുഖത്തിനിടെ ആരോപിച്ചിരുന്നു.

യുണൈറ്റഡ് വിട്ടതിന് ശേഷം ഫ്രീ ഏജന്റായ താരം ജനുവരി ആദ്യം സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറുമായി കരാറില്‍ ഒപ്പുവെക്കുമെന്നാണ് പിന്നീട് വന്ന റിപ്പോര്‍ട്ട്.

2025 ജൂണ്‍ വരെ ക്രിസ്റ്റ്യാനോ ക്ലബില്‍ തുടരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യൂറോപ്യന്‍ ക്ലബുകളുടെയോ അല്ലെങ്കില്‍ അല്‍ നസറിന്റെ തന്നെ ഓഫറോ റൊണാള്‍ഡോ പരിഗണിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

പ്രതിവര്‍ഷം 200 മില്യണ്‍ ഡോളര്‍ പ്രതിഫലം ലഭിക്കുന്ന ഓഫറാണ് താരത്തിന് അല്‍ നസര്‍ നല്‍കിയിരിക്കുന്നത്. കളിക്കാരനെന്ന നിലയില്‍ കരാര്‍ അവസാനിച്ചാല്‍ ടീമിന്റെ പരിശീലകനാവാനും റൊണാള്‍ഡോക്ക് കഴിയും.

ഇതിന് പുറമെ സൗദി അറേബ്യയുടെ അംബാസിഡറായി റൊണാള്‍ഡോയെ നിയമിക്കാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈജിപ്ത്, ഗ്രീസ് എന്നീ രാജ്യങ്ങളുടെ ഒപ്പം ചേര്‍ന്ന് 2030 ലോകകപ്പ് നടത്താന്‍ സൗദി ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് താരത്തെ അംബാസിഡറാക്കാന്‍ ശ്രമിക്കുന്നത്.

സൗദി ക്ലബുമായി കരാര്‍ ഒപ്പിട്ടാല്‍ ലോകത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന ഫുട്ബോള്‍ താരമായി റൊണാള്‍ഡോ മാറും. റിപ്പോര്‍ട്ടുകള്‍ പ്രകാരം വര്‍ഷത്തില്‍ എണ്‍പത് മില്യണ്‍ യൂറോയോളമാണ് താരത്തിനായി അല്‍ നസര്‍ പ്രതിഫലമായി മാത്രം നല്‍കുക.

Content Highlights: A breakdown of Cristiano Ronaldo’s two-year contract with Saudi Arabian club Al Nassr

We use cookies to give you the best possible experience. Learn more