Advertisement
national news
മകന് നരേന്ദ്രമോദി എന്ന് പേരിട്ട കുടുംബം പേര് മാറ്റി; മോദി എന്ന പേരിട്ടതും പ്രചരിപ്പിച്ചതും ബന്ധുവായ മാധ്യമപ്രവര്‍ത്തകനെന്ന് കുഞ്ഞിന്റെ അമ്മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jun 30, 04:12 am
Sunday, 30th June 2019, 9:42 am

ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 23ന് ജനിച്ച കുഞ്ഞിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നല്‍കിയ കുടുംബം കുട്ടിയുടെ പേര് മാറ്റി. ഉത്തര്‍പ്രദേശിലെ ഗേണ്ടയില്‍ നിന്നുള്ള മുസ്‌ലീം കുടുംബമായിരുന്നു കുട്ടിക്ക് നരേന്ദ്ര മോദിയെന്ന് പേരിട്ടത്. എന്നാല്‍ കുട്ടിയുടെ പേര് മാറ്റി ഇപ്പോള്‍ അഫ്താബ് അലാം മോദി എന്ന് മാറ്റിയിരിക്കുകയാണ്.

കുട്ടിയുടെ ജനന തിയ്യതി സംബന്ധിച്ച സംശയമാണ് പേര് മാറ്റാന്‍ ഇടയാക്കിയത്.ഒപ്പം മോദിയെന്ന് പേരിട്ടതോടെ ബന്ധുക്കളാരും കുട്ടിയെ സന്ദര്‍ശിക്കാന്‍ എത്തുന്നില്ലെന്നും അമ്മ മെഹ്നാസ് പറയുന്നു. എന്നാല്‍ ഇതോടെ വെട്ടിലായിരിക്കുന്നത് ബന്ധുവായ മാധ്യമപ്രവര്‍ത്തകനാണ്.

തെരഞ്ഞെടുപ്പ് ഫലം വന്ന മെയ് 23നാണ് കുഞ്ഞ് ജനിച്ചത് എന്നാണ് മെഹ്നാസ് ആദ്യം പറഞ്ഞത്. എന്നാല്‍ കുഞ്ഞ് ജനിച്ചത് മെയ് 12നാണെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു. ജനന സര്‍ട്ടിഫിക്കറ്റിന് വേണ്ടി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ വ്യാജ വിവരങ്ങളാണ് മെഹ്നാസ് ബീഗം നല്‍കിയതെന്നും യുവതി പറയുന്നതും ആശുപത്രി രേഖയിലെ വിവരങ്ങളും തമ്മില്‍ വ്യത്യാസമുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

എന്നാല്‍ ഇത് ഇത്രയും വലിയ പ്രശ്നമാകുമെന്ന് തനിക്കറിയില്ലായിരുന്നെന്നും കസിന്‍ പറഞ്ഞതിന്‍ പ്രകാരമാണ് ഇങ്ങനെ സംഭവിച്ചതെന്നും ഇവര്‍ പറയുന്നു.

‘തന്റെ കസിന്‍ മുഷ്താഖ് അഹമ്മദ്, ഹിന്ദി ദിനപത്രമായ ഹിന്ദുസ്ഥാനില്‍ പത്രപ്രവര്‍ത്തകനാണ്. മോദിയുടെ പേരിടാന്‍ അദ്ദേഹം തന്നെ നിര്‍ബന്ധിച്ചുവെന്ന് മാത്രമല്ല മെയ് 23 നാണ് കുട്ടി ജനിച്ചതെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. ഒപ്പം മെയ് 25 ന് ഇറങ്ങിയ ഹിന്ദുസ്ഥാന്‍ പത്രത്തിലെ 12-ാം പേജില്‍ തന്നെക്കുറിച്ചും കുഞ്ഞ് മോദിയെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്‌തെന്ന്’ ഇവര്‍ പറയുന്നു.

മെഹ്നാസിന്റെ ഭര്‍ത്താവ് മുഹമ്മദ് മുഷ്താഖ് അഹമ്മദ് ദുബായില്‍ ജോലിചെയ്യുകയാണ്. ഈ വിവാദങ്ങളെല്ലാം ഉണ്ടായതോടെ ഭര്‍ത്താവ് ദേഷ്യത്തിലാണെന്നും തനിക്ക് പണമൊന്നും അയക്കുന്നില്ലെന്നും മെഹ്നാസ് പറയുന്നു. ഈ വര്‍ഷം ദീപാവലിക്ക് വരുമ്പോള്‍ മാത്രമേ എനിക്ക് എന്താണ് സംഭവിച്ചതെന്ന് തനിക്ക് അദ്ദേഹത്തോട് വിശദീകരിക്കാന്‍ കഴിയൂവെന്നും മെഹ്നാസ് പറഞ്ഞു.

മോദിയെന്ന്് പേരിട്ടതോടെ കുഞ്ഞിനെ കാണാനോ, ജനനവുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ പങ്കെടുക്കാനോ കുടുംബാംഗങ്ങളാരും വന്നില്ലെന്നും സമുദായംഗങ്ങളായവരും ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നെന്നും മെഹ്നാസ് പറയുന്നു.