ഇടുക്കി: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയ സംഭവത്തില്‍ സഭാ നേതൃത്വം ഒപ്പം നിന്നില്ലെന്ന ആരോപണവുമായി പുസ്തകം. സഭാ നവീകരണ പ്രവര്‍ത്തകനായ ജോര്‍ജ് മൂലേച്ചാല്‍ എഴുതിയ കെ.സി.ആര്‍.എം ചരിത്രം, ഇടപെടലുകള്‍, പഠനങ്ങള്‍ എന്ന പുസ്തകത്തിലാണ് ടി.ജെ. ജോസഫ് മാഷിന്റെ കൈവെട്ടിയ കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
ജോസഫിന് വേണ്ടി അനുഭാവം പ്രകടിപ്പിച്ച സഭാ നവീകരണ പ്രസ്ഥാനമായ കെ.സി.ആര്‍.എമ്മിന്റെ പ്രവര്‍ത്തകരെ വൈദികരുടെ നേതൃത്വത്തില്‍ റോഡിലിട്ട് തല്ലിയോടിച്ചെന്നും പുസ്തകത്തില്‍ വിശദീകരിക്കുന്നു.
ന്യൂമാന്‍ കോളജില്‍ നിന്ന് ജോസഫിനെ പിരിച്ചുവിട്ട മാനേജ്മെന്റ് തീരുമാനത്തില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയവര്‍ക്കെതിരെയാണ് അന്ന് ആക്രമണമുണ്ടായത്. കെ.സി.എം.ആറും ഉള്‍പ്പെട്ട ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
‘ഞങ്ങള്‍ തിരിച്ചിറങ്ങിയപ്പോള്‍ അവിടെ കൂട്ടം കൂടിയിരുന്നവര്‍ പള്ളിമുറ്റത്ത് നിന്നിരുന്ന ജെ.സി.സി. പ്രവര്‍ത്തകരെ ചോദ്യം ചെയ്യുന്നതും ഓടിച്ചിട്ട് തൊഴിക്കുന്നതും തല്ലുന്നതുമാണ് കണ്ടത്. ‘ഇതെന്താ പ്രശ്‌നം’ എന്നു ചോദിച്ച് പള്ളിക്കു പുറത്തേക്ക് വന്ന ഞങ്ങളെ ഓരോരുത്തരെയെയും, ങ്ഹാ, നീയും ഈ ടീമാണല്ലേ എന്നു ചോദിച്ച് അടിക്കാനും തൊഴിക്കാനും തുടങ്ങി. കൈയ്യിലെ ബാഗും പ്രകടനത്തില്‍ വിതരണം ചെയ്യാനുദ്ദേശിച്ച് തയ്യാറാക്കിയ നോട്ടീസിന്റെ കെട്ടുകളും പിടിച്ചുപറിച്ചുകൊണ്ടാണ് സംഘടിതമായ കൈയേറ്റം. എങ്ങനെയും പള്ളി മുറ്റത്തുനിന്നും നടവഴി താഴേക്കോടി പള്ളിഗുണ്ടകളില്‍ നിന്ന് രക്ഷപ്പെടാനുള്ള തത്രപ്പാടിലായിരുന്നു. അവിടെ കുടുങ്ങി പോയ ജെ.സി.സി. പ്രവര്‍ത്തകര്‍. ഈ ഓട്ടത്തിനിടയിലാണ് ടി.വി. ചാനലുകള്‍ അതെല്ലാം ഒപ്പിയെടുക്കുന്നുണ്ടെന്ന് ഞങ്ങള്‍ കണ്ടത്. ജംഗ്ഷനിലുണ്ടായിരുന്ന പൊലീസെത്തിയാണ് പ്രവര്‍ത്തകരെ രക്ഷിച്ചത്,’ പുസ്തകത്തില്‍ പറയുന്നു.
തല്ലു കൊണ്ടവരെ പ്രതികളാക്കുകയാണ് സഭാ നേതൃത്വം ചെയ്തതെന്നും പുസ്തകം ആരോപിക്കുന്നു.
”തങ്ങളെ അകാരണമായി ആക്രമിച്ചവര്‍ക്കെതിരെ മര്‍ദനത്തിന് ഇരയായവര്‍ കോതമംഗലം പൊലീസ് സ്റ്റേഷനില്‍ പരാതി എഴുതി നല്‍കി…എന്നാല്‍ വിരോധാഭാസമെന്നു പറയട്ടെ, പള്ളിയില്‍ കുര്‍ബാന കണ്ടിരുന്നവരുടെ ഇടയില്‍ ലഘുലേഖ വിതരണം ചെയ്ത് വിശ്വാസികളെ പ്രകോപിപ്പിച്ചു എന്ന തരത്തില്‍ പിന്നീട് പള്ളിക്കാര്യത്തില്‍നിന്ന് ആക്രമണത്തിനിരയായവര്‍ക്കെതിരെ നല്‍കിയ പരാതിയാണ് പൊലീസ് പരിഗണിച്ചത്! അങ്ങനെ പ്രധാന വാദികളായിരുന്ന ശ്രീ ജോയിപോള്‍ പുതുശ്ശേരിയും ശ്രീ ജോസും വി.കെ. ജോയിയും (എല്ലാവരും തൃശൂരുകാര്‍) മുഖ്യപ്രതികളായി! അവര്‍ക്ക് വളരെക്കാലം കോടതി കയറിയിറങ്ങേണ്ടി വന്നു,’ പുസ്തകം വിശദീകരിക്കുന്നു.
എന്നാല്‍ ഒരു പ്രതിഷേധവും കോതമംഗലം രൂപതാ മെത്രാന്റെയോ കോളേജ് മാനേജ്‌മെന്റിന്റേയോ ഹൃദയങ്ങളില്‍ ചലനമുണ്ടാക്കിയില്ലെന്ന് പുസ്തകം പറയുന്നു. ജോസഫിന്റെ ഭാര്യ സലോമിയുടെ ആത്മഹത്യ തന്നെ അതിന് വേണ്ടിവെന്നുവെന്നും പുസ്തകത്തില്‍ പറയുന്നു.
വാസ്തവത്തില്‍ കോതമംഗലം രൂപതയും ന്യൂമാന്‍ കോളേജ് മാനേജ്‌മെന്റും കോളേജ് പ്രിന്‍സിപ്പാളും ഈ അധ്യാപകന്റെ വിവേചന ശൂന്യമായ പ്രവൃത്തിയുടെ ഇരകളാക്കപ്പെടുകയായിരുന്നു,’ എന്നാണ് ഇന്ന് രൂപതാ മെത്രാന്‍ ഇടയലേഖനത്തില്‍ എഴുതിയതെന്നും ജോര്‍ജ് മൂലേച്ചാല്‍ പുസ്തകത്തില്‍ പറയുന്നു.
മൂന്നു പതിറ്റാണ്ടിലെ സഭാ നവീകരണ ചരിത്രം രേഖപ്പെടുത്തുന്ന പുസ്തകമാണ് ജോര്‍ജ് മൂലേച്ചാല്‍ എഴുതിയ കെ.സി.ആര്‍.എം ചരിത്രം, ഇടപെടലുകള്‍, പഠനങ്ങള്‍ എന്ന പുസ്തകം.
2010 ജൂലൈ 4നാണ് മൂവാറ്റുപുഴ നിര്‍മല കോളേജിനടുത്തുവച്ച് ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയത്. ന്യൂമാന്‍ കോളേജിലെ ബി.കോം രണ്ടാം സെമസ്റ്റര്‍ മലയാളം ഇന്റേര്‍ണല്‍ പരീക്ഷയ്ക്കുള്ള ചോദ്യ പേപ്പറില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന ചോദ്യം ഉള്‍പ്പെടുത്തി എന്നാരോപിച്ച് ജോസഫിന്റെ കൈപ്പത്തി ഒരു സംഘം എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ ചേര്‍ന്ന് വെട്ടിമാറ്റുകയായിരുന്നു.
ജോസഫിന്റെ കൈവെട്ടിയ കേസില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എട്ട് പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
മതനിന്ദ കുറ്റം ആരോപിക്കപ്പെട്ട പ്രൊഫസര്‍ ജോസഫിനെ പിന്നീട് കോളജ് മാനേജ്‌മെന്റ് സര്‍വീസില്‍നിന്ന് പുറത്താക്കിയിരുന്നു. എന്നാല്‍ കോടതി ജോസഫിനെ കുറ്റവിമുക്തനാക്കിയിട്ടും മാനേജ്‌മെന്റ് അദ്ദേഹത്തെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചിരുന്നില്ല.
പിന്നീട് കോതമംഗലം ബിഷപ്പ് ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ജോസഫിനെ ജോലിയില്‍ തിരിച്ചെടുക്കാന്‍ ധാരണയായിരുന്നു. ഇത് പ്രകാരം ജോസഫിന്റ് അഭിഭാഷകന്റെ സഹായത്തോടെ കരാറും തയ്യാറാക്കിയിരുന്നു. എന്നാല്‍ ജോസഫിന തിരിച്ചെടുത്താല്‍ മാനേജ്‌മെന്റിന് തിരിച്ചടിയാകുമെന്ന് മാനേജ്‌മെന്റ് നിലപാടെടുക്കുകയായിരുന്നു.