| Sunday, 3rd November 2024, 11:44 am

മുണ്ടക്കൈ ദുരന്തം; ഉരുള്‍പൊട്ടലില്‍ ഉള്‍പ്പെട്ടതെന്ന് കരുതുന്ന മൃതദേഹഭാഗം കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മേപ്പാടി: വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഉള്‍പ്പെട്ടതെന്ന് കരുതുന്ന മൃതദേഹഭാഗം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പരപ്പിന്‍പ്പാറ മേഖലയിലെ ഒരു മരത്തിലാണ് മൃതദേഹഭാഗം കണ്ടെത്തിയത്.

മരത്തില്‍ കുടുങ്ങിയ രീതിയിലാണ് മൃതദേഹഭാഗം ഉള്ളത്. ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി വീണ്ടും തിരച്ചില്‍ നടത്തണമെന്ന് ദുരിതബാധിതര്‍ ആവശ്യമുന്നയിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് മൃതദേഹഭാഗം കണ്ടെത്തിയിരിക്കുന്നത്.

ഉരുള്‍പൊട്ടല്‍ ഉണ്ടായി മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹഭാഗം കണ്ടെത്തിയത്.  പരപ്പിന്‍പ്പാറയില്‍ നിന്ന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരാണ്  മൃതദേഹഭാഗം കണ്ടെടുത്തത്.

മുണ്ടക്കൈ-ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഓഗസ്റ്റ് പകുതിയോടെ നിർത്തിവെച്ചിരുന്നു. എന്നാല്‍ ആനപ്പാറ മേഖലകളില്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തിയാല്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് ദുരിതബാധിതര്‍ ചൂണ്ടിക്കാട്ടുന്നത്.

അപകടത്തില്‍ പെട്ട 47 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഇപ്പോള്‍ കണ്ടെടുത്ത മൃതദേഹഭാഗം ഡി.എന്‍.എ പരിശോധനയ്ക്ക് ശേഷം ആരുടെതെന്ന് സ്ഥിരീകരിക്കും.

ജൂലൈ 30ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. രണ്ടരയോടെ വീണ്ടും ഉരുള്‍പൊട്ടലുണ്ടാവുകയായിരുന്നു. തുടര്‍ന്ന് മുണ്ടക്കൈയിലും ചൂരല്‍മലയിലും കനത്ത നാശനഷ്ടമുണ്ടാവുകയും നിരവധിപേര്‍ മരണപ്പെടുകയും ചെയ്തു.

200 ലധികം ആളുകളാണ് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചത്. അതേസമയം ദുരിതബാധിതരുടെ പുനരധിവാസത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം ധനസഹായം സംബന്ധിച്ച വിഷയത്തില്‍ കേന്ദ്രത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. രണ്ടാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കുന്നത്.

മുണ്ടക്കൈ ദുരന്തത്തില്‍ എപ്പോള്‍ ധനസഹായം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതി ചോദ്യം ഉന്നയിക്കുകയും ചെയ്തിരുന്നു.

Content Highlight: A body part believed to be involved in the landslide at Wayanad has been found

We use cookies to give you the best possible experience. Learn more