| Friday, 15th September 2023, 3:35 pm

മണിപ്പൂര്‍ സര്‍ക്കാറിന് തിരിച്ചടി; എഡിറ്റേഴ്‌സ് ഗില്‍ഡ് മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മണിപ്പൂരില്‍ വസ്തുതാന്വേഷണ പഠനം നടത്തിയ എഡിറ്റേഴ്‌സ് ഗില്‍ഡ് മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. സത്യവാങ്മൂലം നല്‍കാന്‍ മണിപ്പൂര്‍ സര്‍ക്കാറിന് രണ്ടാഴ്ച സമയം അനുവദിച്ചു. കേസിലെ തുടര്‍നടപടികള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്യുകയും ചെയ്തു. ഒരു ആര്‍ട്ടിക്കിളിലെ റിപ്പോര്‍ട്ടിന്റെ പേരില്‍ 153 എ വകുപ്പ് ചമുത്തി കേസെടുക്കാനാവില്ലെന്നാണ് പ്രധാനമായും സുപ്രീം കോടതി പറഞ്ഞത്.

എങ്ങനെയാണ് ഒരു റിപ്പോര്‍ട്ട് കുറ്റകൃത്യമാകുന്നത് എന്നും സുപ്രീംകോടതി നിരീക്ഷിച്ചു. മണിപ്പൂര്‍ പൊലീസിനും മണിപ്പൂര്‍ സര്‍ക്കാറിനും സുപ്രീം കോടതി ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി. ഈ കേസില്‍ രണ്ടാഴ്ചക്കകം സത്യവാങ്മൂലം നല്‍കാന്‍ മണിപ്പൂര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. അതിന് ശേഷമായിരിക്കും ഈ കേസ് നിലനില്‍ക്കുമോ ഇല്ലയോ എന്നും ദല്‍ഹി കോടതിയിലേക്ക് മാറ്റുന്നതിനെ കുറിച്ചുമൊക്കെ തീരുമാനമെടുക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ആശ്വാസമാകുന്ന തീരുമാനമാണ് സുപ്രീം കോടതിയില്‍ നിന്നും ഇപ്പോള്‍ വന്നിട്ടുള്ളത്.

മണിപ്പൂര്‍ പൊലീസാണ് എഡിറ്റേഴ്‌സ് ഗില്‍ഡിന് വേണ്ടി വസ്തുതാന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയ നാല് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍ അടക്കമുള്ള കുറ്റകൃത്യങ്ങളായിരുന്നു മാധ്യമപ്രവര്‍ത്തരുടെ മേലില്‍ ചുമത്തിയിരുന്നത്. സൈന്യത്തിന്റെ ആവശ്യപ്രകാരമാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മണിപ്പൂര്‍ കലാപത്തില്‍ മാധ്യമങ്ങളുടെ പങ്കിനെ കുറിച്ചായിരുന്നു പ്രധാനമായും എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു.

മണിപ്പൂര്‍ സര്‍ക്കാര്‍ ഒരു വിഭാഗത്തിന്റെ കൂടെ മാത്രം നിന്നു എന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മണിപ്പൂര്‍ പൊലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയ നാല് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. ഈ കേസിലെ അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികളാണ് ഇപ്പോള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്.

content highlights: A blow to the Manipur government; The Supreme Court stopped the arrest of editors guild journalists

We use cookies to give you the best possible experience. Learn more