കാഴ്ച പരിമിതിയുള്ള കുട്ടിയെ കണ്ണുപൊട്ടനെന്ന് വിളിച്ച് ബസില്‍ നിന്ന് ഇറക്കിവിട്ടു; കണ്ടക്ടര്‍ക്കെതിരെ പരാതി
Kerala News
കാഴ്ച പരിമിതിയുള്ള കുട്ടിയെ കണ്ണുപൊട്ടനെന്ന് വിളിച്ച് ബസില്‍ നിന്ന് ഇറക്കിവിട്ടു; കണ്ടക്ടര്‍ക്കെതിരെ പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th November 2024, 4:46 pm

പൊന്നാനി: കാഴ്ച പരിമിതിയുള്ള കുഞ്ഞിനെയും അമ്മയെയും ബസില്‍ നിന്ന് കണ്ടക്ടര്‍ ഇറക്കി വിട്ടതായും അധിക്ഷേപിച്ചതായും പരാതി.

തിരൂര്‍-മഞ്ചേരി റൂട്ടിലോടുന്ന കെ.ടി.എസ് (KL10-AV-5081) ബസിലെ കണ്ടക്ടര്‍ക്കെതിരെയാണ് പരാതി രേഖപ്പെടുത്തിയത്. അധിക്ഷേപം നേരിട്ട കുട്ടിയുടെ പിതാവ് ഷരീഫ് മാളിയേക്കലാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

തന്റെ മകന് ആര്‍.ടി.ഒ ബ്ലൈന്‍ഡ് കണ്‍സഷന്‍ പാസ് അനുവദിച്ചിട്ടുള്ളതാണെന്ന് ഷരീഫ് പറയുന്നു.

ഈ പാസുമായി 22/11/2024ന് തിരൂരില്‍ നിന്നും ബസില്‍ കയറി അംഗ പരിമിതര്‍ക്ക് ഇരിക്കാനുള്ള സീറ്റില്‍ തന്റെ മകനെ ഇരുത്തിയപ്പോള്‍ കണ്ടക്ടര്‍ എഴുന്നേല്‍ക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് ഷരീഫ് പറയുന്നത്.

100 ശതമാനം ബ്ലൈന്‍ഡായ തന്റെ മകന് അനുവദിച്ചിട്ടുള്ള പാസ് കാണിച്ചിട്ടും സീറ്റില്‍ നിന്ന് കണ്ടക്ടര്‍ എഴുന്നേല്‍ക്കാന്‍ പറയുകയും കണ്ണുപൊട്ടന്‍മാര്‍ക്ക് യാത്ര ചെയ്യാനുള്ളതല്ല ഇതെന്ന് പറഞ്ഞുവെന്നും ഷരീഫ് പരാതിയില്‍ ചൂണ്ടിക്കാട്ടി. ഷരീഫിന്റെ പങ്കാളിയെ ബസില്‍ നിന്ന് ഇറങ്ങി പോടീ എന്ന് പറഞ്ഞ് അവഹേളിച്ചുവെന്നും ഷരീഫ് പറഞ്ഞു.

തുടര്‍ന്ന് പങ്കാളിയെയും 12 വയസുള്ള ബ്ലൈന്‍ഡായ മകനെയും ഏഴും അഞ്ചും വയസുള്ള രണ്ട് പെണ്‍കുട്ടികളെയും ബസ് സ്റ്റോപ്പ് അല്ലാത്ത ഒരു സ്ഥലത്ത് ഇറക്കി വിടുകയും ചെയ്തുവെന്നാണ് പരാതി. ബസിലെ മറ്റു ആളുകളെ മുമ്പില്‍ വെച്ച് പങ്കാളിയെയും കുട്ടികളെയും ബസ് കണ്ടക്ടര്‍ അവഹേളിച്ചുവെന്നും ഷരീഫ് പറയുന്നു.

കാഴ്ചയില്ലെന്നും പറഞ്ഞ് ഒരു പാസുമായി ഇറങ്ങിക്കോളും കണ്ണ് പൊട്ടന്‍ എന്ന് കണ്ടക്ടര്‍ തന്റെ മകനോട് പറഞ്ഞുവെന്നും ഷരീഫ് എഫ്.ബി കുറിപ്പില്‍ പറയുന്നുണ്ട്. ഇതിനെ തുടര്‍ന്ന് മലപ്പുറം എസ്.പിക്കും തിരൂര്‍ സി.ഐയ്ക്കും വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഷരീഫ് അറിയിച്ചു.

മറ്റു ബസ് തൊഴിലാളികള്‍ക്ക് ഇതൊരു പാഠമാകട്ടെയെന്നും ഇതുപോലെയുള്ള നീചമായ പ്രവര്‍ത്തികള്‍ ഇനി ഉണ്ടാവാതിരിക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.

തന്റെ മകന്‍ നേരിട്ട ദുരനുഭവം മറ്റൊരു കുഞ്ഞിനും ഉണ്ടാകരുതെന്നും ഷരീഫ് പറഞ്ഞു. കണ്ടക്ടറുടെ അധിക്ഷേപ വാക്കുകള്‍ കേള്‍ക്കേണ്ടി വന്ന മകന്‍ കണ്ണുകാണാത്തത് തന്റെ കുറ്റമാണോ എന്ന് തന്നോട് ചോദിച്ചപ്പോള്‍ ദുഖമുണ്ടായെന്നും അദ്ദേഹം പറയുന്നു.

പരാതി നല്‍കുന്നതിനായുള്ള നിയമസഹായം നല്‍കിയത് കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്റിന്റെ വിദ്യാര്‍ത്ഥി യുവജന സംഘമാണെന്നും ഷരീഫ് അറിയിച്ചു.

Content Highlight: A blinded child was called blind and thrown off the bus; Complaint against the conductor