ചെന്നൈ: കോയമ്പത്തൂരില്‍ തട്ടുകട നടത്തുന്ന ദമ്പതികള്‍ക്കെതിരെ ഭീഷണിയുമായി ബി.ജെ.പി നേതാവ്. തട്ടുകടയില്‍ ബീഫ് വിഭവങ്ങള്‍ വില്‍ക്കുന്നതില്‍ പ്രകോപിതനായി ബി.ജെ.പി നേതാവ് യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഉദയംപാളയത്താണ് സംഭവം നടന്നത്.
ദമ്പതികളുടെ പരാതിയില്‍ ബി.ജെ.പി നേതാവ് സുബ്രഹ്‌മണിക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചോടെ വിഷയം ചര്‍ച്ചയാകുകയും ചെയ്തു.
തട്ടുകടയില്‍ ബീഫ് വില്‍ക്കരുതെന്ന് ദമ്പതികള്‍ക്ക് ഇയാള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ബി.ജെ.പി നേതാവിന്റെ മുന്നറിയിപ്പ് ദമ്പതികള്‍ തള്ളിക്കളഞ്ഞതോടെ ഭീഷണിയുമായി വീണ്ടും രംഗത്തെത്തുകയായിരുന്നു.
ദമ്പതികളായ രവിയ്ക്കും അബിതയ്ക്കുമെതിരെയാണ് ബി.ജെ.പി നേതാവ് ഭീഷണി മുഴക്കിയത്. ബീഫ് വിഭവങ്ങള്‍ വില്‍ക്കുന്നത് സംബന്ധിച്ചുണ്ടായ വാക്കുതര്‍ക്കം ദമ്പതികള്‍ക്ക് തന്നെയാണ് ഫോണില്‍ പകര്‍ത്തിയത്.
പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയില്‍, മീന്‍ വിഭവങ്ങള്‍ വില്‍ക്കുന്ന കടയില്‍ ബീഫ് വിഭവങ്ങള്‍ നല്‍കിയാല്‍ എന്താണ് കുഴപ്പമെന്ന് ആബിത ബി.ജെ.പി നേതാവിനോട് ചോദിക്കുന്നുണ്ട്. ഇതിന് മറുപടിയായി, തനിക്ക് മീന്‍ വിഭവങ്ങളോട് എതിര്‍പ്പില്ലെന്നും എന്നാല്‍ ബീഫ് വില്‍ക്കാന്‍ പറ്റില്ല എന്ന് സുബ്രഹ്‌മണി പറയുന്നതായും കേള്‍ക്കാം.
ഭീഷണിയെ തുടര്‍ന്ന് ദമ്പതികള്‍ തട്ടുകട മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. പിന്നാലെയാണ് സുബ്രഹ്‌മണിക്കെതിരെ പൊലീസ് കേസെടുത്തത്. തുടിയലൂര്‍ പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് ഹിന്ദുത്വ അനുകൂലികള്‍ സ്ഥലത്ത് പ്രകടനം നടത്തിയതായി ദി ന്യൂസ് ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു. സ്‌കൂളിനും ക്ഷേത്രത്തിനും സമീപത്തായാണ് തട്ടുകട പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ചാണ് ഹിന്ദുത്വവാദികള്‍ പ്രകടനം നടത്തിയത്.
അടുത്തിടെയാണ് ഉദയംപാളയത്തെ അംബേദ്കര്‍ കോളനിയില്‍ താമസിക്കുന്ന ദമ്പതികള്‍ എസ്.എസ് കുളം മിഡില്‍ സ്‌കൂളിന് സമീപം തട്ടുകട തുടങ്ങിയത്. ആദ്യം ഡിസംബര്‍ 25നാണ് ബി.ജെ.പി നേതാവ് തട്ടുകടയിലെത്തി ദമ്പതികളെ ഭീഷണിപ്പെടുത്തിയത്. പിന്നാലെ ജനുവരി അഞ്ചിന് വീണ്ടും തട്ടുകടയിലെത്തി ഭീഷണി മുഴക്കുകയായിരുന്നു.
തുടര്‍ന്ന് ഇന്നലെ (വ്യാഴാഴ്ച) കോയമ്പത്തൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുവതി നല്‍കിയ പരാതിയില്‍ ബി.ജെ.പി നേതാവിനെതിരെ കേസെടുക്കുകയായിരുന്നു.
Content Highlight: A BJP leader threatens a couple running a beef shop in Coimbatore