നടിയെ ആക്രമിച്ച കേസ്; ബി.ജെ.പി നേതാവിന്റെ ശബ്ദസാമ്പിള്‍ ശേഖരിച്ചു
Kerala News
നടിയെ ആക്രമിച്ച കേസ്; ബി.ജെ.പി നേതാവിന്റെ ശബ്ദസാമ്പിള്‍ ശേഖരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st July 2022, 9:05 am

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ബി.ജെ.പി നേതാവിന്റെ ശബ്ദസാമ്പിള്‍ ശേഖരിച്ചു. തൃശൂരിലെ ബി.ജെ.പി നേതാവ് അഡ്വ. ഉല്ലാസ് ബാബുവിന്റെ ശബ്ദസാമ്പിളാണ് ശേഖരിച്ചത്. ഉല്ലാസിനെ കൊച്ചി ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ വിളിച്ചു വരുത്തിയാണ് ക്രൈംബ്രാഞ്ച് ശബ്ദരേഖ എടുത്തത്.

നടന്‍ ദിലീപിന്റെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഉല്ലാസ് ബാബുവിന്റേതെന്ന് സംശയിക്കുന്ന ശബ്ദ സന്ദേശം കണ്ടെത്തിയത്. ഡിലീറ്റ് ചെയ്ത സന്ദേശം ക്രൈംബ്രാഞ്ച് വീണ്ടെടുക്കുകയായിരുന്നു. ഉല്ലാസ് ദിലീപിന് അയച്ച സന്ദേശമാണെന്നാണ് നിഗമനം.

ബി.ജെ.പി മുന്‍ ജില്ലാ സെക്രട്ടറിയും നിലവില്‍ സംസ്ഥാന സമിതി അംഗവുമായ അഡ്വ. ഉല്ലാസ് ബാബു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കൂടിയായിരുന്നു.

‘തടിയ വള്ളി കാലില്‍ ചുറ്റി’ എന്നു പറഞ്ഞാണ് സന്ദേശം തുടങ്ങുന്നത്. കേസ് കൈമാറിയ കോടതി ജഡ്ജിയുടെ കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് തുടര്‍ന്നുള്ള ഓഡിയോയില്‍. ജഡ്ജിയെ സ്വാധീനിക്കാനുള്ള ശ്രമമാണിതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.

ഇയാളുടെ ശബ്ദരേഖ മുന്‍പും ശേഖരിച്ചിരുന്നെങ്കിലും, കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ, ഓഡിയോ സന്ദേശത്തില്‍ വ്യക്തത വരുത്താനുള്ള ശ്രമമാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ നടത്തുന്നത്.

മുന്‍പും കേസുമായി ബന്ധപ്പെട്ട ചില ശബ്ദ സന്ദേശങ്ങള്‍ വീണ്ടെടുത്തിരുന്നു. അതില്‍ ഒന്നില്‍ പരാമര്‍ശിക്കുന്ന ദിനേശന്‍ സ്വാമിയിലൂടെയാണ് പൊലീസ് ഉല്ലാസിലേക്ക് എത്തുന്നത്.

തൃശൂര്‍ വാലപ്പാട് സ്വദേശിയായ ദിനേശന്‍ സ്വാമിയുടെയും ദിലീപിന്റേയും സുഹൃത്താണ് ഉല്ലാസ് ബാബു. ഉല്ലാസ് ബാബുവുമായുള്ള ചാറ്റുകള്‍ ഡിലീറ്റ് ചെയ്യാന്‍ തന്നോട് ദിലീപ് ആവശ്യപ്പെട്ടിരുന്നുവെന്ന് സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ പറഞ്ഞിരുന്നു. സായ് ശങ്കര്‍ നശിപ്പിച്ച ഓഡിയോ ഫയലുകള്‍ അന്വേഷണ സംഘം റിട്രീവ് ചെയ്തിരുന്നു.

ഇതിനിടെ ദിലീപ്ന്റെ പേരില്‍ വ്യാജ വാട്സ് ആപ്പ് അക്കൗണ്ട് പ്രവര്‍ത്തിച്ചിരുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സംവിധായകന്‍ ബൈജു കൊട്ടാരക്കരയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.

അതേസമയം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് തന്റെ യൂട്യൂബ് ചാനലിലൂടെ മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ ദിലീപിനെ അനുകൂലിച്ച് പുറത്തുവിട്ട വീഡിയോ വ്യാപകമായി വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

ദിലീപ് നിരപരാധിയാണ്, ദിലീപിനെതിരെ തെളിവുകളില്ല, അന്വേഷണസംഘം ദിലീപിനെതിരെ കള്ളത്തെളിവുകളുണ്ടാക്കി എന്നീ പരാമര്‍ശങ്ങളായിരുന്നു ആര്‍. ശ്രീലേഖ നടത്തിയത്.

ദിലീപിനെ തുടക്കം മുതല്‍ സംശയിച്ചത് മാധ്യമങ്ങളാണെന്നും പൊലീസിന് മേല്‍ മാധ്യമങ്ങളുടെ വലിയ സമ്മര്‍ദം ഉണ്ടായിരുന്നുവെന്നും വീഡിയോയില്‍ ശ്രീലേഖ പറഞ്ഞിരുന്നു. ദിലീപ് മറ്റൊരാളുടെ ഒപ്പം നില്‍ക്കുന്ന ഫോട്ടോയുടെ പിറകില്‍ പള്‍സര്‍ സുനി നില്‍ക്കുന്നത് ഫോട്ടോഷോപ്പ് ചെയ്തതാണെന്നും ഒരു പൊലീസുദ്യോഗസ്ഥന്‍ തന്നെ അത് സമ്മതിച്ചതാണെന്നും ശ്രീലേഖ പറഞ്ഞിരുന്നു.

വിഷയത്തില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ സംഘം ശ്രീലേഖയുടെ മൊഴിയെടുക്കുമെന്നും ഇവര്‍ക്കെതിരെ കോടതിയലക്ഷ്യം ഫയല്‍ ചെയ്യാന്‍ പ്രോസിക്യൂഷന്‍ നീക്കം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Content Highlight: A BJP leader’s voice sample was collected in the actress attack case