national news
യു.പിയിലെ തിരിച്ചടി; അയോധ്യ രൂപം കത്തിച്ച് ബി.ജെ.പി പ്രവര്‍ത്തകന്റെ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jun 09, 12:42 pm
Sunday, 9th June 2024, 6:12 pm

ലഖ്നൗ: തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടിയില്‍ അയോധ്യ രൂപം പരസ്യമായി കത്തിച്ച് ബി.ജെ.പി പ്രവര്‍ത്തകന്‍. ബി.ജെ.പിയുടെ ഷാള്‍ അണിഞ്ഞുകൊണ്ടാണ് അയോധ്യ എന്ന് എഴുതിയ ഒരു രൂപം ഇയാള്‍ കത്തിക്കുന്നത്. ഇതുസംബന്ധിച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തുവന്നത്.

ഉത്തര്‍പ്രദേശിലും അയോധ്യയിലും വന്‍ തിരിച്ചടിയാണ് ബി.ജെ.പിക്ക് ഉണ്ടായത്. രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന അയോധ്യ അടങ്ങുന്ന ഫൈസാബാദ് മണ്ഡലത്തിലെ ബി.ജെ.പിയുടെ തോല്‍വി പാര്‍ട്ടിക്ക് വലിയ നഷ്ടമുണ്ടാക്കി. യു.പിയില്‍ മത്സരിച്ച മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ തോല്‍വിയും നരേന്ദ്ര മോദിയുടെ ഭൂരിപക്ഷം കുറഞ്ഞതും ബി.ജെ.പിയെ വെട്ടിലാക്കി.

ഇതിനുപിന്നാലെയാണ് അയോധ്യയിലെ ജനങ്ങള്‍ക്കെതിരെയും ബി.ജെ.പി നേതൃത്വത്തിനെതിരെയും പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ പ്രതിഷേധം രൂപപ്പെട്ടത്. അഭിഭാഷകന്‍ മനീഷ് കുമാര്‍ എന്നയാളാണ് ബി.ജെ.പി പ്രവര്‍ത്തകന്‍ അയോധ്യയുടെ രൂപം കത്തിക്കുന്ന ഒരു വീഡിയോ എക്സില്‍ പങ്കുവെച്ചത്.


ശ്രീരാമന്റെ ജന്മസ്ഥലമായ അയോധ്യയുടെ പേരെഴുതിയാണ് രൂപത്തില്‍ തീകൊളുത്തിയിരിക്കുന്നത്. അതും പാര്‍ട്ടിയുടെ ബാനറും പിടിച്ച്. ഇയാള്‍ക്കെതിരെ യു.പി പൊലീസ് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി ഈ വീഡിയോക്ക് താഴെ യു.പി പൊലീസ് അറിയിച്ചു. അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് സൈബര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് അറിയിപ്പ്.

അതേസമയം നിരവധി ബി.ജെ.പി അനുകൂലികളാണ് അയോധ്യയിലെ തോല്‍വിയില്‍ രോഷം പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഫൈസാബാദ് മണ്ഡലത്തില്‍ ബി.ജെ.പി നേരിട്ട കനത്ത തോല്‍വിയില്‍ നിരാശ പ്രകടിപ്പിച്ച് നടന്‍ സുനില്‍ ലാഹ്രി രംഗത്തെത്തിയിരുന്നു.

രാമക്ഷേത്രം പണിത് നല്‍കിയിട്ടും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ലല്ലു സിങ്ങിനെ അയോധ്യയിലെ ജനങ്ങള്‍ പരാജയപ്പെടുത്തി. ഫൈസാബാദിലെ ഹിന്ദുക്കള്‍ സ്വാര്‍ത്ഥരാണെന്നുമാണ് സുനില്‍ ലാഹ്രി പറഞ്ഞത്. രാമാനന്ദ് സാഗറിന്റെ രാമായണം എന്ന സീരീയലില്‍ ലക്ഷ്മണന്റെ വേഷം അഭിനയിച്ചത് സുനില്‍ ലാഹ്രിയായിരുന്നു.

മുസ്ലിം വേഷത്തിലെത്തി അയോധ്യയിലെ ഹിന്ദുക്കളെ അധിക്ഷേപിച്ച യു.പി സ്വദേശി ധീരേന്ദ്രത രാഘവ് എന്നയാളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.

Content Highlight: A BJP activist publicly burned the Ayodhya effigy in heavy setback in the elections