ലോകത്തെ പ്രായപൂര്‍ത്തിയായ ജനങ്ങളില്‍ അഞ്ച് ശതമാനം(240 മില്ല്യണ്‍) ആളുകള്‍ മദ്യാസക്തി ഉള്ളവരാണെന്നും 20 ശതമാനത്തിനേക്കാള്‍(91 ബില്ല്യണ്‍) കൂടുതല്‍ പേര്‍ പുകവലിക്കാരാണെന്നും ഗ്ലോബല്‍ അഡിക്റ്റീവ് ഡിസോര്‍ഡറുകളെ കുറിച്ചള്ള ഗവേഷണ റിപ്പോര്‍ട്ട്. ലോകത്താകമാനമുള്ളവരില്‍ 15 മില്ല്യണ്‍ ആളുകള്‍ മയക്ക് മരുന്ന് കുത്തിവെക്കുന്നവരാണെന്നും ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വിവരങ്ങളെ ഏകോപിപ്പിക്കുന്നത് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും എന്നാല്‍ ആഗോള തലത്തിലുള്ള ഈ വിവരങ്ങള്‍ ഗവേഷകര്‍ക്കും നയ നിര്‍മ്മാതാക്കള്‍ക്കും ഇത് ഏറെ പ്രയോജനം ചെയ്യുന്നതാണെന്നും റിപ്പോര്‍ട്ടിന്റെ മുഖ്യ ലേഖിക സൗത്ത് ആസ്‌ട്രേലിയയിലെ അഡലെഡ് സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ലിന്‍ഡ ഗോവിങ് പറഞ്ഞു.
ലഹരിയോടുള്ള ആസക്തിയില്‍ പ്രാദേശികമായി വലിയ വ്യത്യാസങ്ങള്‍ നില നില്‍ക്കുന്നുവെന്ന് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു.
ഏറ്റവും കൂടുതല്‍ മദ്യപാനികളുള്ളത് കിഴക്കന്‍ യുറോപ്പിലാണ്. ഓരോവര്‍ഷവും 13.6 ലിറ്റര്‍ ആല്‍ക്കഹോളാണ് ഓരോ വ്യക്തിയും ഇവിടെ കുടിച്ചുതീര്‍ക്കുന്നത്. തൊട്ടുപിന്നാലെ വടക്കന്‍ യൂറോപ്പ് ആണ് 11.5 ലിറ്റര്‍.
ഇക്കാര്യത്തില്‍ പിന്നില്‍ നില്‍ക്കുന്നത്് ഏഷ്യയാണ്. 2.1 ലിറ്റര്‍ ആണ് ഏഷ്യയിലെ മദ്യ ഉപയോഗം. പുകവലിയുടെ കാര്യത്തിലും കിഴക്കന്‍ യൂറോപ്പ് തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. 30 ശതമാനം പുകവലിക്കാരാണ് ഇവിടെയുള്ളത്. തൊട്ടുപിന്നാലെ ഓഷ്യാനിയ പ്രദേശമാണ് 29.5 ശതമാനമാണ് ഇവിടുത്തെ പുകവലിക്കാരുടെ കണക്ക്. പടിഞ്ഞാറന്‍ യൂറോപ്പില്‍ 28.5 ശതമാനം. ആഫ്രിക്കയില്‍ 14 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍
വടക്കന്‍/മധ്യ അമേരിക്കയിലും കരീബിയയിലുമാണ് ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് കുത്തിവെക്കുന്നത്,0.8 ശതമാനം, വടക്കന്‍ യൂറോപ്പിനേക്കാള്‍(.3%) ഇരട്ടിയിലധികമാണ് ഇത്. നിയമപരമായ ലഹരി മരുന്നുകളേക്കാള്‍ നിയമ വിരുദ്ധ ലഹരിമരുന്നുകളാണ് ഏറെ അപകടകരമാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പഠനത്തിനുവേണ്ടി, മദ്യം, പുകയില, മറ്റ് മയക്കുമരുന്നുകള്‍ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചുള്ള ദേശീയതലത്തിലും ആഗോള തലത്തിലുമുള്ള വിദഗ്ദ പഠനങ്ങളെയാണ് ഗവേഷകര്‍ ആശ്രയിച്ചത്. പഠനത്തിന്റെ കണ്ടെത്തലുകള്‍ അഡിക്ഷന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.