ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ചെന്നൈ സൂപ്പര്‍ കിങ്സിനെ 35 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈക്ക് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
നായകന്‍ ശുഭ്മാന്‍ ഗില്ലിന്റെയും സായ് സുദര്‍ശന്റെയും തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തിലാണ് ഗുജറാത്ത് കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. 55 പന്തില്‍ 104 റണ്‍സാണ് ഗില്‍ നേടിയത്. ഒമ്പത് ഫോറുകളും ആറ് കൂറ്റന്‍ സിക്സുകളും ആണ് ഗുജറാത്ത് നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്.
51 പന്തില്‍ 103 റണ്‍സ് ഉണ്ടായിരുന്നു സായിയുടെ തകര്‍പ്പന്‍ പ്രകടനം. അഞ്ച് ഫോറുകളുടെയും ഏഴ് സിക്സുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്സ്.
ഇതിന് പിന്നാലെ ഗുജറാത്ത് ക്യാപ്റ്റന് ഒരു തിരിച്ചടിയും സംഭവിച്ചിരിക്കുകയാണ്. ചെന്നൈയുമായി നടന്ന മത്സരത്തില്‍ കുറഞ്ഞ ഓവര്‍ റേറ്റിന്റെ പിടിയില്‍ പെട്ട് 24 ലക്ഷം രൂപയാണ് താരത്തിന് ബി.സി.സി.ഐ പിഴയിട്ടത്. ഇത് രണ്ടാം തവണയാണ് ഗുജറാത്ത് കുറഞ്ഞ ഓവര്‍ റേറ്റിന്റെ കുരുക്കില്‍ പെടുന്നത്. ടീമിലെ മുഴുവന്‍ അംഗങ്ങളും ആറ് ലക്ഷം രൂപയോ മാച്ച് ഫീയുടെ 25% തുകയോ പിഴയടക്കണമെന്നാണ് നിയമം.
എന്നാല്‍ ഇതിനേക്കാള്‍ വലിയൊരു തീരിച്ചടിയും ഗില്ലിന് വരാനിരിക്കുകയാണ്. ഇനി ഒരു മത്സരത്തില്‍ കൂടെ കുറഞ്ഞ ഓവര്‍ റേറ്റിന്റെ പിടിയില്‍ പെട്ടാല്‍ ക്യാപ്റ്റന് അടുത്ത ഒരു മത്സരത്തില്‍ പുറത്തിരിക്കേണ്ടിവരും. നിയമപ്രകാരം മൂന്ന് മത്സരത്തില്‍ കുറഞ്ഞ ഓവര്‍ റേറ്റില്‍ ഒരു ടീം കുടുങ്ങിയാല്‍ ടീം ക്യാപ്റ്റനെ അടുത്ത മത്സരത്തില്‍ ബാന്‍ ചെയ്യും.
Content Highlight: A Big Set Back For Gujarat Captain Shubhman Gill