| Sunday, 5th February 2023, 10:19 am

വലിയ തെറ്റാണ് പറ്റിയത്; ജീവിതാവസാനം വരെ മറക്കില്ല; ലോകകപ്പ് ഫൈനലിൽ ഗോൾ അവസരം നഷ്ടമാക്കിയ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തർ ലോകകപ്പ് ആവേശപ്പോരാട്ടത്തിൽ മുൻ ചാമ്പ്യൻമാരായ ഫ്രാൻസിനെ തകർത്ത് ലോക കിരീടം സ്വന്തമാക്കാൻ അർജന്റീനക്ക് സാധിച്ചിരുന്നു. ഇതോടെ അർജന്റൈൻ നായകൻ ലയണൽ മെസിക്ക് ക്ലബ്ബ്, രാജ്യാന്തര കരിയറിലെ മേജർ ടൈറ്റിലുകളെല്ലാം സ്വന്തമാക്കി തന്റെ കരിയർ സമ്പൂർണമാക്കാൻ സാധിച്ചു.

ലോകകപ്പ് കിരീടം സ്വന്തമാക്കാൻ സാധിച്ചതോടെ 36 വർഷങ്ങൾ നീണ്ട് നിന്ന അർജന്റൈൻ ജനതയുടെ ലോകകപ്പ് കാത്തിരിപ്പിന് അന്ത്യം കുറിച്ച അർജന്റീന ഫുട്ബോൾ ടീമിന് , ലാറ്റിനമേരിക്കയിലേക്ക് 20 വർഷത്തിന് ശേഷം ഒരു ലോക കിരീടം എത്തിക്കാനും സാധിച്ചു.

എന്നാലിപ്പോൾ ഫ്രാൻസിന് തുടർച്ചയായി രണ്ടാം ലോക കിരീടം നേടിക്കൊടുക്കാൻ ലഭിച്ച അവസരം പാഴായതിൽ നിരാശ പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഫ്രഞ്ച് താരം കോലോ മുവാനി. മത്സരം 3-3 സമനിലയിൽ നിൽക്കവെ കളി 123 മിനിട്ട് പിന്നിട്ടപ്പോഴാണ് മുവാനിക്ക് അർജന്റീനക്കെതിരെ ഗോൾ നേടാൻ ഒരു സുവർണാവസരം ഒത്തു വന്നത്.

എന്നാൽ ആ ഷോട്ട് അർജന്റൈൻ ഗോളി എമിലിയാനോ മാർട്ടീനെസ് തട്ടിയകറ്റുകയായിരുന്നു.
ആ മികച്ച സേവിന്റെ അടിസ്ഥാനത്തിൽ വലിയ അഭിനന്ദന പ്രവാഹമാണ് വിവിധ കോണുകളിൽ നിന്നും എമിലിയാനോ മാർട്ടീനെസ് ഏറ്റുവാങ്ങിയത്.

ബെയ്ൻ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് താൻ നഷ്ടപ്പെടുത്തിയ അവസരത്തെക്കുറിച്ച് മുവാനി സംസാരിച്ചത്.
“എനിക്ക് ആ പന്ത് പാസ് ചെയ്യാമായിരുന്നു. എംബാപ്പെ അവിടെയുണ്ടായിരുന്നു. എന്നാൽ ആ സമയത്ത് ഞാൻ അത് ശ്രദ്ധിച്ചില്ല. പിന്നീട് മത്സര ശേഷം കളിയുടെ വീഡിയോ കണ്ടപ്പൊഴാണ്  ചെയ്യാവുന്ന മറ്റ് കാര്യങ്ങളെക്കുറിച്ച് എനിക്ക് ബോധ്യം വന്നത്,’ മുവാനി പറഞ്ഞു.

“ആ സമയത്ത് പോസ്റ്റിലേക്ക് പന്ത് ഷൂട്ട് ചെയ്യാനാണ് എന്റെ മനസ് എന്നോട് പറഞ്ഞത്. അത് കൊണ്ട് തന്നെ ഞാൻ ഷൂട്ട്‌ ചെയ്തു. പക്ഷെ എമിലിയാനോ നന്നായി അത് സേവ് ചെയ്തു,’ മുവാനി തുടർന്നു.

“പക്ഷെ ഇനി പറഞ്ഞിട്ട് കാര്യമില്ല. നമുക്ക് സംഭവിച്ച കാര്യത്തിൽ ഇനിയൊന്നും ചെയ്യാൻ സാധിക്കില്ല. എന്റെ മനസ്സിൽ ഇപ്പോഴും ഞാൻ ആ ഗോൾ മിസ്സാക്കിയ നിമിഷം ആണ്. എന്റെ ജീവിതാവസാനം വരെ ആ നിമിഷം മറക്കാൻ എനിക്ക് സാധിക്കില്ല,’ മുവാനി കൂട്ടിച്ചേർത്തു.
ബുന്തസ് ലിഗയിൽ എൻറിച്ച് ഫ്രാങ്ക്ഫെർട്ടിനായാണ് മുവാനി കളിക്കുന്നത്.

ക്ലബ്ബിന്റെ മുൻ നിര ഫോർവേഡായ താരം ക്ലബ്ബിന്റെ മികച്ച കളിക്കാരിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്.
അതേസമയം ബുന്തസ് ലിഗയിൽ നിലവിൽ അഞ്ചാം സ്ഥാനത്തുള്ള എൻറിച്ച് ഫ്രാങ്ക്ഫെർട്ടിന്റെ അടുത്ത മത്സരം ഫെബ്രുവരി 8ന് ടാംസ്റ്റാഡിനെതിരെയാണ്.

Content Highlights:A big mistake was made; Not forgotten until the end of my life; said Kolo Muani

We use cookies to give you the best possible experience. Learn more