Entertainment
കഴിഞ്ഞ ഫെബ്രുവരിയില്‍ 451 കോടി, ഈ വര്‍ഷം വെറും 68 കോടി, കിട്ടിയ റീച്ച് മുതലാക്കാനാകാതെ മലയാളസിനിമ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 06, 11:50 am
Thursday, 6th March 2025, 5:20 pm

മലയാളസിനിമയെ സംബന്ധിച്ച് വളരെ മികച്ചൊരു വര്‍ഷമാണ് കടന്നുപോയത്. മികച്ച കണ്ടന്റുകളുള്ള സിനിമകളിലൂടെ പാന്‍ ഇന്ത്യന്‍ റീച്ച് സ്വന്തമാക്കാന്‍ മലയാളസിനിമക്ക് സാധിച്ചു. മറ്റ് ഭാഷകളെ അപേക്ഷിച്ച് വലിയ ബജറ്റോ സ്റ്റാര്‍ കാസ്‌റ്റോ ഇല്ലാതെയാണ് മലയാളസിനിമ മറ്റ് ഇന്‍ഡസ്ട്രികളെക്കാള്‍ ഉയരത്തിലെത്തിയത്.

2024 ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ ചിത്രങ്ങള്‍ കേരളത്തിന് പുറത്ത് വലിയ രീതിയില്‍ ചര്‍ച്ചചെയ്യപെട്ടു. പ്രേമലുവിനെ അഭിനന്ദിച്ച് സാക്ഷാല്‍ രാജമൗലി വരെ രംഗത്തെത്തിയിരുന്നു. വെറും അഞ്ച് കഥാപാത്രങ്ങള്‍ മാത്രമുള്ള, ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമായ ഭ്രമയുഗം ദേശീയതലത്തില്‍ ചര്‍ച്ചയായി മാറി.

ഇന്‍ഡസ്ട്രിയുടെ സീന്‍ മാറ്റുമെന്ന സുഷിന്‍ ശ്യാമിന്റെ വാക്ക് അച്ചട്ടാക്കിയ മഞ്ഞുമ്മല്‍ ബോയ്‌സ് മലയാളത്തിലെ ഏറ്റവുമുയര്‍ന്ന കളക്ഷന്‍ നേടിയതും കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു. മൂന്ന് ചിത്രങ്ങളും കൂടി ബോക്‌സ് ഓഫീസില്‍ നിന്ന് 450 കോടിക്കുമുകളില്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഈ വര്‍ഷം സ്ഥിതിഗതികള്‍ കീഴ്‌മേല്‍ മറിഞ്ഞിരിക്കുകയാണ്.

പത്തിലധികം സിനിമകള്‍ റിലീസ് ചെയ്ത ഫെബ്രുവരിയില്‍ ഒരു സിനിമ പോലും ശ്രദ്ധിക്കപ്പെടാതെ പോവുകയായിരുന്നു. ആവേശത്തിന് ശേഷം ജിത്തു മാധവന്‍ കഥയൊരുക്കിയ പൈങ്കിളി ഡിസാസ്റ്ററായി മാറിയപ്പോള്‍ ആന്റണി വര്‍ഗീസ് നായകനായ ആക്ഷന്‍ ത്രില്ലര്‍ ദാവീദ് കഷ്ടിച്ച് രക്ഷപ്പെട്ടു. അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്ത ബ്രൊമാന്‍സ് മാത്രമാണ് ഫെബ്രുവരിയിലെ ആദ്യ സൂപ്പര്‍ഹിറ്റ്.

മാര്‍ട്ടിന്‍ പ്രക്കാട്ട് നിര്‍മിച്ച് ജിത്തു അഷ്‌റഫ് സംവിധാനം ചെയ്ത ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി മികച്ച വിജയമായിരുന്നു സ്വന്തമാക്കിയത്. ഈ വര്‍ഷത്തെ ആദ്യത്തെ 50 കോടി ചിത്രമാകാനും ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിക്ക് സാധിച്ചു. കുഞ്ചാക്കോ ബോബനാണ് ചിത്രത്തില്‍ നായകനായത്. കൈയിലെത്തിയ വലിയ റീച്ച് കാത്തുസൂക്ഷിക്കാന്‍ കഴിയാത്ത മോളിവുഡിന്റെ അവസ്ഥ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്.

പരീക്ഷാ സീസണ് ശേഷം മാത്രമേ ഇനി കേരള ബോക്‌സ് ഓഫീസില്‍ വലിയൊരു ചലനം ഉണ്ടാവുകയുള്ളൂ. ഇന്‍ഡസ്ട്രി ഏറ്റവും വലിയ ഹൈപ്പോടെ കാത്തിരിക്കുന്ന എമ്പുരാനിലാണ് എല്ലാവരുടെയും പ്രതീക്ഷ. മാര്‍ച്ച് 27ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തെ സ്വീകരിക്കാന്‍ കേരളത്തിലെ കിങ് സൈസ് തിയേറ്ററുകള്‍ ഒരുങ്ങിയിരിക്കുകയാണ്.

Content Highlight: A big drop in Collection of Malayalam cinema compared to last year