കൊല്‍ക്കത്തയില്‍ ജൂണ്‍ 23ന് നടത്താനിരുന്ന ബീഫ് ഫെസ്റ്റിവല്‍ സംഘാടകര്‍ റദ്ദാക്കി. 300ഓളം ഭീഷണി ഫോണ്‍ കോളുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് സംഘാടകര്‍ ഫെസ്റ്റിവലില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്.
ബീഫ് ഫെസ്റ്റിവല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ബിജെപി-ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകര്‍ എന്ന് അവകാശപ്പെട്ടവര്‍ ഫെസ്റ്റിവലിന് നേരെ ഭീഷണി മുഴക്കിയെന്ന് സംഘാടകര്‍ നേരത്തെ പറഞ്ഞിരുന്നു. തുടര്‍ന്ന് സംഘാടകര്‍ ബീപ് ഫെസ്റ്റിവല്‍ എന്ന് ഫെസ്റ്റിവലിന്റെ പേര് മാറ്റിയിരുന്നു.
അതിന് ശേഷവും ഭീഷണി മുഴക്കിയുള്ള ഫോണ്‍ കോളുകള്‍ വന്നതിനെ തുടര്‍ന്നാണ് ഫെസ്റ്റിവല്‍ വേണ്ടെന്ന് വെക്കാന്‍ തീരുമാനിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു. പിന്തുണ അറിയിച്ചും ആളുകള്‍ വിളിച്ചിരുന്നുവെങ്കിലും കൂടുതല്‍ ഭീഷണി കോളുകളായിരുന്നുവെന്നും സംഘാടകര്‍ പറഞ്ഞു.
സ്ഥിതിഗതികള്‍ തങ്ങളുടെ നിയന്ത്രണത്തില്‍ നില്‍ക്കുമോയെന്ന ഭയമുള്ളതിനാല്‍ ബീഫ് ഫെസ്റ്റിവല്‍ റദ്ദാക്കുകയാണെന്ന് പരിപാടിയുടെ സംഘാടകരായ ഇവന്റ് മാനേജ്മെന്റ് കമ്പനി പറഞ്ഞു. തിരഞ്ഞെടുപ്പിനു ശേഷം സമാധാനപരമായി ഫെസ്റ്റിവല്‍ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതിന് സാധിക്കാത്തതിനാലാണ് പിന്മാറുന്നതെന്നും സംഘാടകര്‍ പറഞ്ഞു.