കൊല്‍ക്കത്ത ബീഫ് ഫെസ്റ്റിവല്‍ എന്ന പേരില്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഭക്ഷ്യമേളയുടെ പേര് മാറ്റി. കൊല്‍ക്കത്ത ബീപ് ഫെസ്റ്റിവല്‍ എന്നാണ് പുതിയ പേര്. ഫെസ്റ്റിവലിന്റെ പരസ്യം വന്നതിന് തൊട്ടുപിന്നാലെ നിരവധി ഭീഷണി ഫോണ്‍കോളുകള്‍ സംഘാടകര്‍ക്ക് ലഭിച്ചതോടെയാണ് പേര് മാറ്റം സംഭവിച്ചത്.
ജൂണ്‍ 23നാണ് ഫെസ്റ്റിവല്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പേര് മാറ്റിയാണ് ഫെസ്റ്റിവലിന്റെ പുതിയ പരസ്യങ്ങള്‍. പേര് മാറ്റാതെ നിര്‍വാഹകമില്ലാതെ വന്നതോടെയാണ് പുതിയ നടപടിയെന്ന് സംഘാടകര്‍ പറയുന്നു. ഭക്ഷണത്തെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും സംഘാടകര്‍ ആവശ്യപ്പെടുന്നു.
ബി.ജെ.പി-ബജ്രംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് അവകാശപ്പെട്ടുകൊണ്ട് നിരവധി പേരുടെ ഫോണ്‍ കോളുകളാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. ബീഫ്, ഫെസ്റ്റിവലിന്റെ തീം ആയി പ്രഖ്യാപിക്കുകയാണെങ്കില്‍ പ്രക്ഷോഭം നടത്തുമെന്ന് ഭീഷണിപ്പെടുത്തി. അത് കൊണ്ട് പേര് മാറ്റാന്‍ ഞങ്ങള്‍ തീരുമാനിച്ചുവെന്ന് സംഘാടകനായ അര്‍ജുന്‍ കുമാര്‍ പറയുന്നു.
ബീഫ് കഴിക്കുന്നതിനും വില്‍ക്കുന്നതിനും യാതൊരു വിധ നിരോധനവും നിലവില്‍ ഇല്ലാത്ത സംസ്ഥാനമാണ് ബംഗാള്‍. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം നിരവധി അക്രമസംഭവങ്ങള്‍ സംസ്ഥാനത്ത് അരങ്ങേറിയിരുന്നു.