| Saturday, 11th February 2023, 9:18 am

ഭൂകമ്പത്തിനിടയില്‍ ജനിച്ച കുഞ്ഞ് ഇനി 'അത്ഭുതം'; സിറിയന്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ തയ്യാറായി നിരവധി പേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദമാസ്‌കസ്: സിറിയയിലെ ഭൂകമ്പത്തില്‍ അത്ഭുകരമായി രക്ഷപ്പെട്ട നവജാത ശിശുവിന് പേര് നല്‍കി കുടുംബം. അറബിയില്‍ അത്ഭുതം എന്ന അര്‍ത്ഥം വരുന്ന ‘അയ’ എന്ന പേരാണ് കുട്ടിക്ക് നല്‍കിയത്.

സിറിയയിലെ ജെന്‍ഡറിസ് പട്ടണത്തിലുണ്ടായ ഭൂകമ്പത്തിനിടയില്‍ വെച്ചായിരുന്നു അയയുടെ ജനനം. അയക്ക് ജന്മം നല്‍കാനായെങ്കിലും അമ്മ മരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്ന അയയെ പൊക്കിള്‍കൊടി മുറിച്ച് അമ്മയുടെ മൃതദേഹത്തില്‍ നിന്നും വേര്‍പ്പെടുത്തി പുറത്തെടുത്ത വാര്‍ത്ത ലോകത്തെ മുഴുവന്‍ കണ്ണീരണിയിച്ചിരുന്നു.

തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ കുഞ്ഞിനെ വാരിപ്പുതച്ച് കൊണ്ട് വരുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിലാകെ വ്യാപകമായി പ്രചരിച്ചിരുന്നു. പൂജ്യത്തിനും താഴെയുള്ള താപനിലയിലും കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഉടനടി കുഞ്ഞിനെ രക്ഷാപ്രവര്‍ത്തകരും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു.

‘അവളെ കൊണ്ടുവരുമ്പോള്‍ ദേഹത്ത് നിറയെ ചതവുകളും മുറിവുകളും ഉണ്ടായിരുന്നു. തണുത്ത് വിറച്ച് ശ്വസിക്കാന്‍ കഴിയാത്ത അയയെ മറ്റൊരു ഡോക്ടറുടെ ഭാര്യ മുലയൂട്ടി. അതികഠിനമായ തണുപ്പ് മൂലം അവള്‍ ഹൈപ്പോതെര്‍മിയ എന്ന രോഗാവസ്ഥയിലായിരുന്നു,’ അയയെ ചികിത്സിച്ച ഡോക്ടര്‍ ഹാനി മൗറൂഫ് പറഞ്ഞു.

കുഞ്ഞ് അയയെ ദത്തെടുക്കുവാന്‍ നിരവധിപേരാണ് ഇപ്പോള്‍ തയ്യാറായി വന്നിരിക്കുന്നത്.

ദുരന്തത്തില്‍ അച്ഛനും കൂടപ്പിറപ്പുകളും മരിച്ചുപോയ അവളെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയാണെന്ന് അച്ഛന്റെ അമ്മാവന്‍ പറഞ്ഞു.

അയയെ ദത്തെടുത്തോളാം എന്ന് പറഞ്ഞ് നിരന്തരം ഫോണ്‍ കോളുകള്‍ വന്നുക്കൊണ്ടിരിക്കുകയാണെന്ന് ആശുപത്രി മാനേജര്‍ ഖാലിദ് അറ്റായ അറിയിച്ചു. എന്നാല്‍ അവളെ ദത്തെടുക്കാന്‍ ആരെയും ഞാന്‍ അനുവദിക്കില്ല. അവളുടെ അകന്ന ബന്ധുക്കള്‍ തിരികെ കൊണ്ടുപോകുന്നതു വരെ എന്റെ സ്വന്തം മകളെ പോലെ അവളെ സ്‌നേഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമ വശങ്ങള്‍ അനുവദിക്കുകയാണെങ്കില്‍ അവളെ ഞാന്‍ ദത്തെടുത്തോളാം എന്ന് കുവൈത്തിലെ

ടി.വി അവതാരകന്‍ സമൂഹ മാധ്യമം വഴി അറിയിച്ചു.

തിങ്കളാഴ്ച നടന്ന ഭൂകമ്പത്തില്‍ അനാഥരായ ഒരുപാട് പേരില്‍ ഒരാള്‍ മാത്രമാണ് അയ. യുണൈറ്റഡ് നേഷന്റെ യു.എന്‍ ചില്‍ഡ്രന്‍സ് ഏജന്‍സി മാതാപിതാക്കള്‍ മരിച്ചവരുടെയും കാണാതായവരുടെയും മക്കളെ നിരീക്ഷിക്കുന്നുണ്ട്. ഈ കുട്ടികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുമെന്നും അവര്‍ അറിയിച്ചു.

content highlight:  A baby born during an earthquake is no longer a ‘miracle’; Many people are ready to adopt a Syrian baby

We use cookies to give you the best possible experience. Learn more