| Saturday, 26th June 2021, 12:47 pm

'തൃപ്പൂണിത്തുറയിലേത് വോട്ട് കച്ചവടം'; ഡി.സി.സി. മെമ്പര്‍ എ.ബി. സാബു കോണ്‍ഗ്രസ് വിട്ട് സി.പി.ഐ.എമ്മില്‍ ചേര്‍ന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചി കോര്‍പറേഷന്‍ മുന്‍ പ്രതിപക്ഷ നേതാവും ഡി.സി.സി. അംഗവുമായ എ.ബി. സാബു സി.പി.ഐ.എമ്മില്‍ ചേര്‍ന്നു. തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തില്‍ കെ. ബാബു മത്സരിക്കുന്നതിനെതിരെ പരസ്യമായ എതിര്‍പ്പ് അറിയിച്ച് രംഗത്തെത്തിയ നേതാവായിരുന്നു എ.ബി. സാബു

ഇന്നത്തെ കേരളത്തിന്റെയും ഇന്ത്യയുടെയും പ്രത്യേക രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്താണ് സി.പി.ഐ.എമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനമായതെന്നും സാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘ഇന്നത്തെ കേരളത്തിന്റെയും ഇന്ത്യയുടെയും പ്രത്യേക രാഷ്ട്രീയ സാഹചര്യത്തെ കണക്കിലെടുത്ത് നോക്കുമ്പോള്‍, കോണ്‍ഗ്രസില്‍ തുടര്‍ന്നു കൊണ്ട് രാജ്യത്തിനും ജനങ്ങള്‍ക്കും ക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയില്ല എന്ന് ബോധ്യപ്പെട്ട ഈയൊരു സാഹചര്യത്തില്‍ ഇന്ന് ഞാന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കാനുള്ള തീരുമാനമെടുത്തിരിക്കുന്നു.

രാഷ്ട്രീയ രംഗത്തും പൊതു രംഗത്തും തുടരുന്നതിന് വേണ്ടി സി.പി.ഐ.എമ്മില്‍ ചേര്‍ന്ന് ഇടതുപക്ഷ മുന്നണിയുമായി സഹകരിച്ച് തുടര്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകണം എന്നാണ് ഞാന്‍ എടുത്തിട്ടുള്ള തീരുമാനം. അതില്‍ സി.പി.ഐ.എം. ജില്ലാ കമ്മിറ്റിയുമായി ബന്ധപ്പെട്ട്, അവരുമായി ചര്‍ച്ച ചെയ്ത് ധാരണയിലെത്തിയിട്ടുണ്ട്,’ സാബു പറഞ്ഞു.

നേരത്തെ തൃപ്പൂണിത്തുറയില്‍ മത്സരിച്ച കെ. ബാബു തോല്‍ക്കുമെന്നും അദ്ദേഹത്തിന് ബി.ജെ.പിയുമായി ധാരണ ഉണ്ടെന്നും എ.ബി. സാബു ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹത്തിനെതിരെ നടപടി എടുക്കണമെന്ന് യു.ഡി.എഫ്. നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.

ബി.ജെ.പിയുമായുള്ള വോട്ടുകച്ചവടം ബാബുവിന് തിരിച്ചടിയാകുമെന്നും മണ്ഡലത്തില്‍ എം. സ്വരാജിന് അനുകൂല സാഹചര്യമാണെന്നും സാബു നേരത്തെ പറഞ്ഞിരുന്നു. ഐ. വിഭാഗത്തെ പൂര്‍ണമായും അവഗണിച്ചായിരുന്നു മണ്ഡലത്തില്‍ ബാബുവിന്റെ പ്രചാരണമെന്നും സാബു ആരോപിച്ചിരുന്നു.

ജനങ്ങളാല്‍ മാറ്റിനിര്‍ത്തപ്പെട്ട, ആരോപണവിധേയനായ ഒരാളെ സ്ഥാനാര്‍ഥിയാക്കിയത് ഐക്യ ജനാധിപത്യ മുന്നണിക്ക് വോട്ട് ചെയ്യാന്‍ കാത്തിരുന്നവരെ നിരാശരാക്കി എന്നും സാബു വിമര്‍ശിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: A B Sabu left congress and joined CPIM who stood against K Babu

We use cookies to give you the best possible experience. Learn more