ഐ.സി.സി ടി-20 ലോകകപ്പ് സൂപ്പര്‍ 8ല്‍ ഇന്ന് നടക്കുന്ന ആവേശകരമായ മത്സരത്തില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരത്തില്‍ പോലും തോല്‍വി അറിയാതെയാണ് രോഹിത് ശര്‍മയും സംഘവും അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്.
അയര്‍ലാന്‍ഡ്, പാകിസ്ഥാന്‍, യു.എസ്.എ എന്നീ ടീമുകളെ പരാജയപ്പെടുത്തിയപ്പോള്‍ കാനഡയ്ക്കെതിരെയുള്ള മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.
മറുഭാഗത്ത് അഫ്ഗാനിസ്ഥാന്‍ മൂന്ന് ജയവും ഒരു തോല്‍വിയുമായാണ് സൂപ്പര്‍ 8ലേക്ക് മുന്നേറിയത്. ഉഗാണ്ട, പാപുവ ന്യൂ ഗ്വിനിയ, ന്യൂസിലാന്‍ഡ് എന്നീ ടീമുകളെ തകര്‍ത്തുകൊണ്ടാണ് റാഷിദ് ഖാനും കൂട്ടരും ആദ്യം തന്നെ സൂപ്പര്‍ 8 ഉറപ്പിച്ചത്. അവസാന മത്സരത്തില്‍ അഫ്ഗാന്‍ വെസ്റ്റ് ഇന്‍ഡീസിനോട് പരാജയപ്പെടുകയും ചെയ്തിരുന്നു.
‘മത്സരത്തില്‍ വിരാട് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യണമെന്നാണ് ഞാന്‍ പറയുക. കാരണം അദ്ദേഹം മൂന്നാം സ്ഥാനത്ത് കളിക്കുന്ന മികച്ച ഒരു താരമാണ്. വിരാടിന് കൂടുതല്‍ ആക്രമാത്മകമായി കളിക്കാന്‍ സാധിക്കും. കളിക്കളത്തില്‍ ആവശ്യമുള്ള സമയങ്ങളില്‍ സമ്മര്‍ദങ്ങളില്‍ ബാറ്റ് ചെയ്യാനും അദ്ദേഹത്തിന് സാധിക്കും. ലോകത്തിലെ ഏറ്റവും മികച്ച മിഡില്‍ ഓവര്‍ ബാറ്റര്‍ എന്ന നിലയില്‍ വിരാട് മൂന്നാം നമ്പറില്‍ കളിക്കണം,’ മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം പറഞ്ഞു.
മത്സരത്തില്‍ ഇന്ത്യ എങ്ങനെയാണ് കളിക്കേണ്ടത് എന്നതിനെക്കുറിച്ചും ഡിവില്ലിയേഴ്‌സ് പറഞ്ഞു.
‘ഇന്ത്യന്‍ ടീം മത്സരത്തില്‍ ആദ്യം മുതല്‍ തന്നെ ആക്രമണം നടത്തണം. മുന്‍ ലോകകപ്പുകളില്‍ എല്ലാം അവര്‍ യാഥാര്‍ത്ഥ്യമായാണ് കളിച്ചത്. എന്നാല്‍ ഇന്ത്യന്‍ ടീമിലെ താരങ്ങളുടെ ക്വാളിറ്റി നോക്കുകയാണെങ്കില്‍ തുടക്കത്തില്‍ തന്നെ ആക്രമിച്ചു കളിക്കാന്‍ അവര്‍ക്ക് കഴിയും,’ എ.ബി ഡിവില്ലിയേഴ്‌സ് കൂട്ടിചേര്‍ത്തു.
Content Highlight: A B Devilliers Talks about Virat Kohli