| Thursday, 23rd May 2024, 1:04 pm

അടുത്തവർഷം ആർ.സി.ബി ശക്തമായി തിരിച്ചുവരും കിരീടവും നേടും: എ.ബി ഡിവില്ലിയേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്ലില്‍ നിന്നും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പുറത്ത്. കഴിഞ്ഞദിവസം നടന്ന എലിമിനേറ്റര്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് നാല് വിക്കറ്റുകള്‍ക്ക് പരാജയപ്പെട്ടാണ് ആര്‍.സി.ബി പുറത്തായത്.

അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് ആണ് നേടിയത് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 19 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

ഇതോടെ തുടര്‍ച്ചയായ പതിനേഴാം വര്‍ഷവും ബെംഗളൂരുവിന് ഐ.പി.എല്‍ കിരീടം നേടാനാവാതെ പടിയിറങ്ങേണ്ടി വന്നു. സീസണില്‍ ആദ്യ എട്ട് മത്സരങ്ങളില്‍ നിന്നും ഒരു മത്സരം മാത്രം വിജയിച്ച റോയല്‍ ചലഞ്ചേഴ്‌സ് പിന്നീട് നടന്ന ആറ് മത്സരങ്ങളും വിജയിച്ചുകൊണ്ട് ക്രിക്കറ്റ് ആരാധകരെ എല്ലാം ഞെട്ടിച്ചു കൊണ്ടായിരുന്നു ബെംഗളൂരു പ്ലേ ഓഫിലേക്ക് മുന്നേറിയത്.

ഇപ്പോഴിതാ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ തോല്‍വിയില്‍ ടീമിന് പിന്തുണയുമായി മുന്നോട്ടുവന്നിരിക്കുകയാണ് മുന്‍ സൗത്ത് ആഫ്രിക്കന്‍ വെടിക്കെട്ട് ബാറ്ററും ആര്‍.സി.ബി താരവുമായ
എ.ബി.ഡിവില്ലിയേഴ്‌സ്

‘തോല്‍ക്കുന്നത് എല്ലായിപ്പോഴും വേദനാജനകമാണ് പക്ഷേ ഒരു ആരാധകന്‍ എന്ന നിലയില്‍ മെയ് മാസത്തിന്റെ തുടക്കത്തില്‍ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട ഒരു ടീം ഇതുവരെ എത്തിയിട്ടുണ്ടെങ്കില്‍ ഞാന്‍ നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു. അടുത്തവര്‍ഷം ആര്‍. സി.ബി ശക്തമായി തിരിച്ചുവരുമെന്നും കിരീടം നേടുമെന്നും എനിക്ക് ഉറപ്പുണ്ട്,’ എ.ബി.ഡിവില്ലിയേഴ്‌സ് എക്സില്‍ കുറിച്ചു.

അതേസമയം 2011 മുതല്‍ ആണ് ഡിവില്ലിയേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ടീമിന്റെ ഭാഗമാകുന്നത്. അതിനുമുമ്പ് മൂന്ന് സീസണുകളില്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സിന് വേണ്ടിയായിരുന്നു താരം കളിച്ചിരുന്നത്. ഐ.പി.എല്ലില്‍ മൂന്ന് സെഞ്ച്വറികളും 42 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 5162 റണ്‍സാണ് സൗത്ത് ആഫ്രിക്കന്‍ താരം അടിച്ചെടുത്തത്. 39.71 ആവറേജിലും 151.69 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്.

Content Highlight: A.B Devilliers talks about RCB

We use cookies to give you the best possible experience. Learn more