ടെസ്റ്റില്‍ അവനെ നിങ്ങള്‍ ഭയക്കണം; സൗത്ത് ആഫ്രിക്കയ്ക്ക് മുന്നറിയിപ്പുമായി എ.ബി.ഡി വില്ലിയേഴ്‌സ്
Sports News
ടെസ്റ്റില്‍ അവനെ നിങ്ങള്‍ ഭയക്കണം; സൗത്ത് ആഫ്രിക്കയ്ക്ക് മുന്നറിയിപ്പുമായി എ.ബി.ഡി വില്ലിയേഴ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 3rd December 2023, 3:50 pm

ഓസ്‌ട്രേലിയയുമായി നടക്കുന്ന ടി-ട്വന്റി മത്സരം കഴിഞ്ഞാല്‍ സൗത്ത് ആഫ്രിക്കയുമായിട്ടുള്ള ഏകദിന പരമ്പരയും ടി- ട്വന്റി പരമ്പരയും രണ്ട് ടെസ്റ്റ് മത്സരങ്ങളും വരാനിരിക്കുകയാണ്. ഇപ്പോള്‍ മുന്‍ സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ എ.ബി.ഡി വില്ലിയേഴ്‌സ് ടെസ്റ്റ് മത്സരത്തില്‍ വിരാട് കോഹ്‌ലി റണ്‍ ഒഴുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

‘വിരാട് കോഹ്‌ലിയുടെ ഏറ്റവും മികച്ച പ്രകടനം ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നമുക്ക് കാണാം. പരമ്പരയില്‍ തന്റെ ഏറ്റവും മികച്ച ശക്തിപ്രകടനം കോഹ്‌ലി പുറത്തെടുക്കും. അദ്ദേഹം ഒരു മികച്ച കളിക്കാരന്‍ ആയതിനാല്‍ ദക്ഷിണാഫ്രിക്ക ജാഗ്രത പാലിക്കേണ്ടതുണ്ട്. മാത്രമല്ല ഇന്ത്യന്‍ ടീം മുഴുവന്‍ മികച്ച കളിക്കാരാണ്,’ ഡിവില്യേഴ്‌സ് പറഞ്ഞു.

ഇന്ത്യക്കുവേണ്ടി വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും വൈറ്റ് ബൗള്‍ മത്സരങ്ങള്‍ ഉപേക്ഷിച്ച് രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ കളിക്കുമെന്ന് പറയുകയുണ്ടായിരുന്നു. ഇതോടെ പ്രോട്ടിയാസിന് എതിരെയുള്ള ടി-ട്വന്റി മത്സരത്തില്‍ സൂര്യകുമാര്‍ യാദവും ഏകദിനത്തില്‍ കെ.എല്‍ രാഹുലുമാണ് മെന്‍ ഇന്‍ ബ്ലൂവിനെ നയിക്കുന്നത്. 2023 ഏകദിന ലോകകപ്പ് അവസാനിച്ചതോടെ രോഹിത്തും വിരാടും വിശ്രമം ആവശ്യപ്പെട്ടിരുന്നു.

ഡിസംബര്‍ 26 മുതല്‍ ഡിസംബര്‍ 30 വരെ സെഞ്ചുറിയനിലാണ് ആദ്യ ടെസ്റ്റ് നടക്കുന്നത് തുടര്‍ന്ന് ജനുവരി മൂന്ന് മുതല്‍ ജനുവരി ഏഴ് വരെ കേപ്പ്ടൗണില്‍ പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് നടക്കും. പ്രോട്ടിയാസിന് എതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളിലും കോഹ്‌ലി മികച്ച പ്രകടനം നടത്തുമെന്നാണ് ഡിവില്ലേഴ്‌സ് വിശ്വസിക്കുന്നത്.

ആദ്യത്തെ ടി-ട്വന്റി മത്സരം ടര്‍ബനില്‍ നടക്കും ശേഷിക്കുന്ന രണ്ട് ടി-ട്വന്റി മത്സരങ്ങള്‍ ഡിസംബര്‍ 12ന് ഗ്കെബര്‍ഹയിലും ഡിസംബര്‍ 14ന് ജോഹന്നാസ്ബര്‍ഗിലും നടക്കും. ഏകദിന മത്സരം ഡിസംബര്‍ 17ന് ആണ് ജോഹന്നാസ്ബര്‍ഗില്‍ നടക്കുന്നത്. രണ്ടാം ഏകദിനം ഡിസംബര്‍ 19ന് ഗ്കെബര്‍ഹയിലും ഫൈനല്‍ മത്സരം ഡിസംബര്‍ 21ന് പാര്‍ലിലും നടക്കും.

കൂടാതെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗാന്ധി-മണ്ടേല ട്രോഫിക്കായുള്ള ഫ്രീഡം സീരീസോടെ സൗത്താഫ്രിക്കന്‍ പര്യടനം അവസാനിക്കും.  രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും തിരിച്ചെത്തും.

Content Highlight: A.B de Villiers warns South Africa