അവന്‍ ഒരു പോരാളിയാണ്, വിവാദങ്ങള്‍ക്കിടയിലും അവന്‍ തിരിച്ചു വന്നു: എ.ബി.ഡി വില്ലിയോഴ്‌സ്‌
Sports News
അവന്‍ ഒരു പോരാളിയാണ്, വിവാദങ്ങള്‍ക്കിടയിലും അവന്‍ തിരിച്ചു വന്നു: എ.ബി.ഡി വില്ലിയോഴ്‌സ്‌
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 8th January 2024, 8:24 am

ടെസ്റ്റ് കരിയറിലെ മികച്ച ഇന്നിങ്‌സിന് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് എ.ബി.ഡി വില്ലിയോഴ്‌സ്‌. എസ്.ജി.സിയില്‍ നടന്ന തന്റെ അവസാന ഇന്നിങ്‌സില്‍ പാകിസ്ഥാനെതിരെ 57 റണ്‍സ് നേടിയാണ് താരം ടെസ്റ്റില്‍ നിന്നും വിരമിച്ചത്.

ഐ.പി.എല്ലില്‍ ദല്‍ഹി ഡേര്‍ഡവിള്‍സിനോടൊപ്പം ഇരുവരും കളിച്ചിട്ടുണ്ട്. വിവാദങ്ങളില്‍ നിന്നും തിരിച്ചുവരാനുള്ള വാണറിന്റെ കഴിവിനെയും ഡി. വില്ല്യേഴ്‌സ് പ്രശംസിച്ച് സംസാരിച്ചിരുന്നു.

വാര്‍ണറിന്റെ വിരമിക്കല്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഒരു യുഗത്തിന്റെ അന്ത്യമാണ്. 2023 ഏകദിന ലോകകപ്പില്‍ ഇന്ത്യക്കെതിരെ വിജയിച്ചതിലും വാര്‍ണര്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ശേഷം ഏകദിനത്തില്‍ നിന്നും താരം വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയന്‍ നിരയിലെ ഏറ്റവും ഉയര്‍ന്ന റണ്‍ സ്‌കോററായ വാര്‍ണറെ തന്റെ യൂട്യൂബ് ചാനലില്‍ പ്രശംസിക്കുകയായിരുന്നു ഡി വില്ലിയോഴ്‌സ്‌.

‘ദല്‍ഹി ഡെയര്‍ഡെവിള്‍സില്‍ ഡേവിഡ് വാര്‍ണറുമായി ഞാന്‍ ഫീല്‍ഡ് പങ്കിട്ടിട്ടുണ്ട്. തുടക്കം മുതല്‍ തന്നെ അദ്ദേഹത്തിന്റെ മികച്ച കഴിവുകള്‍ എനിക്ക് അറിയാം. എക്കാലത്തെയും മികച്ച ക്രിക്കറ്റ് കളിക്കാരനാണ് അദ്ദേഹം. നിരവധി വിവാദങ്ങള്‍ക്കിടയിലും, വാര്‍ണര്‍ തന്റെ അനിഷേധ്യമായ പോരാട്ടവീര്യം പ്രകടമാക്കി, തിരിച്ചുവരവിന് ഒരു വഴി കണ്ടെത്തി. അദ്ദേഹം തീര്‍ച്ചയായും ഒരു യഥാര്‍ത്ഥ പോരാളിയാണ്,”അദ്ദേഹം പറഞ്ഞു.

112 ടസ്റ്റ് മത്സരങ്ങളില്‍ നിന്ന് 26 സെഞ്ച്വറികളും 37 അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടെ 8786 റണ്‍സ് ആണ് വാര്‍ണര്‍ അടിച്ചെടുത്തത്. ഏകദിനത്തില്‍ 161 മത്സരങ്ങളില്‍ നിന്ന് 22 സെഞ്ച്വറിയും 33 അര്‍ധ സെഞ്ച്വറിയുമടക്കം 6932 റണ്‍സും വാര്‍ണര്‍ നേടിയിട്ടണ്ട്.

 

Content Highlight:  A.B. de Villiers praises David Warner