അവരുടെ അവസ്ഥ എനിക്ക് മനസിലാകും: എ.ബി.ഡി. വില്ലിയേഴ്‌സ്
Sports News
അവരുടെ അവസ്ഥ എനിക്ക് മനസിലാകും: എ.ബി.ഡി. വില്ലിയേഴ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 26th November 2023, 8:26 pm

നവംബര്‍ 19ന് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വച്ച് നടന്ന 2023 ഐ.സി.സി ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ 6 വിക്കറ്റിന് പരാജയപ്പെടുത്തുകയായിരുന്നു. ലീഗ് മത്സരങ്ങളിലും സെമി ഫൈനലിലും തുടര്‍ച്ചയായ വിജയം നേടിയ ഇന്ത്യക്ക് ഫൈനലില്‍ തോല്‍വി വഴങ്ങേണ്ടി വന്നതില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും അങ്ങേയറ്റം വേദന അനുഭവിച്ചിരുന്നു.

മുന്‍ സൗത്ത് ആഫ്രിക്കന്‍ സ്റ്റാര്‍ ബാറ്റര്‍ എ.ബി.ഡി. വില്ലിയേഴ്‌സ് ഫൈനല്‍ നഷ്ടപ്പെട്ട ഇന്ത്യയുടെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും കോഹ്‌ലിയുടെയും വേദന മനസ്സിലാക്കുകയാണ്. 2015 ഏകദിന ലോകകപ്പില്‍ സെമിഫൈനലില്‍ ന്യൂസിലാന്‍ഡ് സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയപ്പോള്‍ എ.ബി.ഡിയും ഇതേ മാനസിക അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് ഇപ്പോള്‍.

‘ലോകകപ്പ് ട്രോഫി നഷ്ടമായതിന് ശേഷം രോഹിത് ശര്‍മയുടെയും വിരാട് കോഹ്‌ലിയുടെയും മാനസികാവസ്ഥ എനിക്ക് മനസ്സിലാക്കാന്‍ കഴിയും. 2015 ലോകകപ്പ് സെമിയില്‍ പരാജയപ്പെട്ടപ്പോള്‍ ഇതേ അവസ്ഥയിലൂടെയാണ് ഞാനും കടന്നു പോയത്. നിങ്ങള്‍ ട്രോഫി ഉറപ്പിച്ചിരിക്കുമ്പോള്‍ നിങ്ങളുടെ കയ്യില്‍ നിന്ന് ട്രോഫി എടുത്തുകൊണ്ടു പോയ പോലെയാണ് ഈ സ്ഥിതി. അതുകൊണ്ടുതന്നെ അതില്‍ നിന്ന് പെട്ടെന്ന് കരകയറാന്‍ ബുദ്ധിമുട്ടാണ്,’അദ്ദേഹം പറഞ്ഞു.

2023 ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ആയ 763 റണ്‍സ് വിരാട് കോഹ്‌ലി നേടിയിരുന്നു. നിരവധി റെക്കോഡുകളും ചരിത്രവും തിരുത്തിയാണ് കോഹ്‌ലി ലോകകപ്പില്‍ മിന്നും പ്രകടനം കാഴ്‌ചെവച്ചത്. മറുവശത്ത് മികച്ച ക്യാപ്റ്റന്‍സില്‍ രോഹിത് ശര്‍മ 500 റണ്‍സും പിന്നിട്ടിരുന്നു. ശക്തമായ ബാറ്റിങ്ങിലൂടെ ഇന്ത്യക്ക് വലിയ അടിത്തറ ഉണ്ടാക്കുന്നതില്‍ രോഹിത് മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. സെമിഫൈനലില്‍ സൗത്ത് ആഫ്രിക്ക ക്കെതിരെ വിജയം സ്വന്തമാക്കിയാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്. ഫൈനലിലെ തോല്‍വിയല്‍ നിന്നും ഇപ്പോഴും ആരാധകര്‍ കര കയറിയിട്ടില്ല.

 

Content Highlight: A.B.D. Villiers Understands Mentality of Rohit Sharma and Virat Kohli