അവന്‍ ബെംഗളൂരിന്റെ ക്യാപ്റ്റനാകും; തുറന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്
Sports News
അവന്‍ ബെംഗളൂരിന്റെ ക്യാപ്റ്റനാകും; തുറന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 29th November 2024, 3:03 pm

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പ്രധാനപ്പെട്ട ഫ്രഞ്ചൈസികളില്‍ ഒന്നാണ് റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു. മെഗാ താരലേലത്തിനുശേഷം അടുത്ത സീസണിലേക്കുള്ള ബെംഗളൂരു ക്യാപ്റ്റന്‍ ആരാകുമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് സൗത്താഫ്രിക്കന്‍ ഇതിഹാസവും മുന്‍ ബെംഗളൂരു താരവുമായ എബ്രഹാം ബെഞ്ചമിന്‍ ഡിവില്ലിയേഴ്‌സ് (എ.ബി.ഡി).

2025 ഐ.പി.എല്ലിലേക്കുള്ള ബെംഗളൂരു ക്യാപ്റ്റനായി വിരാട് കോഹ്‌ലി തന്നെ എത്തുമെന്നാണ് എ.ബി.ഡിസൂചിപ്പിക്കുന്നത്. താര ലേലത്തിനുശേഷം പല ഊഹാപോഹങ്ങളും ആര്‍.സി.ബിയെക്കുറിച്ച് നടക്കുന്നുണ്ട്.

ഡിവില്ലിയേഴ്‌സ് പറഞ്ഞത്

‘വിരാട് കോഹ്‌ലി ബെംഗളൂരു നായക സ്ഥാനത്തേക്ക് എത്തുമെന്ന് നിലവില്‍ ഫ്രാഞ്ചൈസി തീരുമാനിച്ചിട്ടില്ല. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ അവന്‍ തന്നെയാണ് ഏറ്റവും അനുയോജ്യം,’ ഡിവില്ലിയേഴ്‌സ് തന്റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

2024 സീസണിലെ ആര്‍.സി.ബി ക്യാപ്റ്റനായിരുന്ന ഫാഫ് ഡുപ്ലെസിയെ താരലേലത്തിന് മുമ്പ് തന്നെ ഫ്രാഞ്ചൈസി ഒഴിവാക്കിയിരുന്നു. ബെംഗളൂരു ഒഴിവാക്കിയ താരത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് രണ്ട് കോടി അടിസ്ഥാന വിലയ്ക്ക് സ്വന്തമാക്കുകയും ചെയ്തു.

നിലവിലെ ആര്‍.സി.ബി സ്‌ക്വാഡ് പരിശോധിച്ചാല്‍ സാധ്യത കൂടുതലുള്ള താരം വിരാട് തന്നെയാണ്. 2013 മുതല്‍ 2021 വരെ ആര്‍.സി.ബി ക്യാപ്റ്റനായിരുന്നു വിരാട് കോഹ്‌ലി. കോഹ്‌ലിയുടെ നേതൃത്വത്തില്‍ നാല് തവണ ആര്‍.സി.ബി പ്ലേ ഓഫില്‍ എത്തിയിരുന്നു. 2016ല്‍ ടീം ഫൈനലില്‍ കയറിയെങ്കിലും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റ് കന്നികിരീടം കയ്യെത്തും ദൂരത്തുനിന്നും നഷ്ടമായി.

പരിചയസമ്പന്നരായ ഭുവനേശ്വര്‍ കുമാറും ക്രുണാല്‍ പാണ്ഡ്യയും ഉള്‍പ്പെടെയുള്ള പുതിയ ആര്‍.സി.ബി ടീം അടുത്ത സീസണില്‍ കന്നിക്കിരീടം നേടുമെന്നും ഡിവില്ലേഴ്‌സ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. നിലവിലെ ടീമില്‍ ഐ.പി.എല്‍ ക്യാപ്റ്റന്‍സിയില്‍ കാര്യമായ അനുഭവം ഇല്ലാത്ത താരങ്ങള്‍ ഉള്ളതിനാല്‍ എന്തുകൊണ്ടും വിരാടാണ് ക്യാപ്റ്റനായി വരാന്‍ സാധ്യത.

‘ഞങ്ങള്‍ക്ക് രവിചന്ദ്രന്‍ അശ്വിനെ നഷ്ടമായി. സി.എസ്.കെയ്ക്ക് അദ്ദേഹത്തെ ലഭിച്ചു, പക്ഷേ അദ്ദേഹത്തെ വീണ്ടും മഞ്ഞ ജേഴ്‌സിയില്‍ കണ്ടതില്‍ വളരെ സന്തോഷമുണ്ട്. എന്നാല്‍ താരലേലത്തിനുശേഷം ഞാന്‍ തികച്ചും സന്തോഷവാനാണ്. നിലവിലെ ടീം എല്ലാം കൊണ്ടും ബാലന്‍സ്ഡ് ആണ്, ഞങ്ങള്‍ക്ക് ഒരു മാച്ച് വിന്നിങ് സ്പിന്നറെ നഷ്ടമായി. പക്ഷെ അടുത്ത ഐ.പി.എല്‍ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കപ്പുറപ്പിക്കും,’ ഡിവില്ലിയേഴ്‌സ് കൂട്ടി ചേര്‍ത്തു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ നാലാം സീസണ്‍ മുതല്‍ എ.ബി.ഡി ബെംഗളൂരുവിനൊപ്പമുണ്ട്. വിരാട് തന്റെ സഹോദരനെപ്പോലെയാണെന്ന് നിരവധി തവണ എ.ബി.ഡി പറഞ്ഞിട്ടുമുണ്ട്. ലീഗില്‍ നൂറ്റിയമ്പതിലധികം മത്സരങ്ങള്‍ ഡിവില്ലേഴ്‌സ് കളിച്ചിട്ടുണ്ട് അതില്‍ കൂടുതലും ബെംഗളുരുവിനൊപ്പമാണ്.

 

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

1. ജോഷ് ഹെയ്സല്‍വുഡ് – 2 കോടി – 12.5 കോടി

2. ഫില്‍ സോള്‍ട്ട് – 2 കോടി – 11.5 കോടി

3. ജിതേഷ് ശര്‍മ – 1 കോടി – 11 കോടി

4. ഭുവനേശ്വര്‍ കുമാര്‍ – 2 കോടി – 10.75 കോടി

5. ലിയാം ലിവിങ്സ്റ്റണ്‍ – 2 കോടി – 8.75 കോടി

6. റാസിഖ് ദാര്‍ – 30 – 6 കോടി

7. ക്രുണാല്‍ പാണ്ഡ്യ – 2 കോടി – 5.75 കോടി

8. ടിം ഡോവിഡ് – 2 കോടി – 3 കോടി

9. ജേക്കബ് ബത്തെല്‍ – 1.25 ലക്ഷം – 2.60 ലക്ഷം

10. സുയാഷ് ശര്‍മ – 30 ലക്ഷം – 2.6 കോടി

11. ദേവ്ദത്ത് പടിക്കല്‍ – 2 കോടി – 2 കോടി

12. ലുവാന്‍ തുഷാര – 75 ലക്ഷം – 1.60 ലക്ഷം

13. റൊമാരിയോ ഷെപ്പേഡ് – 1.50 ലക്ഷം – 1.50 ലക്ഷം

14. ലുങ്കിസാനി എങ്കിടി – 1 കോടി – 1 കോടി

15. സ്വപ്നില്‍ സിങ് – 30 ലക്ഷം – 50 ലക്ഷം

16. മോഹിത് രതീ – 30 ലക്ഷം – 30 ലക്ഷം

17. അഭിനന്ദന്‍ സിങ് – 30 ലക്ഷം – 30 ലക്ഷം

18. സ്വസ്തിക് ചികാര – 30 ലക്ഷം – 30 ലക്ഷം

19. മനോജ് ബാങ്കടെ – 30 ലക്ഷം – 30 ലക്ഷം

 

Content Highlight: A.B.D villiers Talking About Who Lead R.C.B In 2025 I.P.L