| Sunday, 5th January 2025, 9:28 pm

ലോകത്തിലെ എല്ലാ ബാറ്റര്‍ക്കും ഒരു ബലഹീനതയുണ്ട്, വിരാടിന് അത് മറികടക്കണമെങ്കില്‍...; തുറന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള സിഡ്നി ടെസ്റ്റിലും ഇന്ത്യ പരാജയപ്പെട്ടതോടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യ ഓസ്ട്രേലിയക്ക് മുമ്പില്‍ തലകുനിക്കുകയായിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 3-1നാണ് ഓസീസ് വിജയം സ്വന്തമാക്കിയത്. ഇതോടെ നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഓസ്ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയില്‍ കിരീടം നേടുന്നത്.

സിഡ്‌നിയില്‍ നടന്ന അവസാന മത്സരത്തിലെ ആദ്യ ഇന്നിങ്സില്‍ 17 റണ്‍സിന് പുറത്തായ വിരാട് കോഹ്ലി രണ്ടാം ഇന്നിങ്സിലും ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തിയാണ് പുറത്തായത്. മത്സരത്തില്‍ രണ്ടാം തവണയും സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ എഡ്ജില്‍ കുരുങ്ങിയാണ് താരം പുറത്തായത്. 12 പന്തില്‍ നിന്ന് ഒരു ഫോര്‍ ഉള്‍പ്പെടെ വെറും ആറ് റണ്‍സാണ് താരം നേടിയത്. പരമ്പരയില്‍ വെറും 190 റണ്‍സാണ് വിരാടിന്റെ സമ്പാദ്യം.

ഇപ്പോള്‍ സൗത്ത് ആഫ്രിക്കയുടെ എക്കാലത്തെയും മിന്നും താരമായ എ.ബി. ഡിവില്ലിയേഴ്‌സ് വിരാട് കോഹ്‌ലിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ആരാധകര്‍ക്ക് ഉത്തരം നല്‍കിയിരിക്കുകയാണ്. ബോര്‍ഡര്‍ ഗവാസ്‌കറില്‍ ഓഫ് സ്റ്റംമ്പിന് പുറത്തുള്ള പന്തുകളില്‍ സൈഡ് എഡ്ജായാണ് വിരാട് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയത്. കോഹ്‌ലിയുടെ ഈ ബലഹീനത എങ്ങനെ മറികടക്കാമെന്നാണ് ആരാധകര്‍ അദ്ദേഹത്തോട് ചോദിച്ചത്. തന്റെ എക്‌സ് അക്കൗണ്ടില്‍ ഷോ 360 ലൈവില്‍ സംസാരിക്കുകയായിരുന്നു ഡിവില്ലിയേഴ്‌സ്.

ഓരോ പന്തിനു ശേഷവും മനസ്സ് പുനഃസ്ഥാപിച്ച് ബലഹീനത മറികടക്കാന്‍ ഡിവില്ലിയേഴ്സ് വിരാട് കോഹ്ലിയെ പിന്തുണച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, ഈ സാഹചര്യത്തെ നേരിടാനുള്ള കഴിവും അനുഭവപരിചയവും കോഹ്ലിക്കുണ്ട്. ഓരോ പന്ത് കളിക്കുമ്പോഴെല്ലാം അവന്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മനസ്സ് പുനഃസ്ഥാപിക്കേണ്ടതുണ്ടെന്ന് ഡിവില്ലിയേഴ്സ് പറഞ്ഞു.

‘തീര്‍ച്ചയായും, അവനു കഴിയും. ലോകത്തിലെ എല്ലാ ബാറ്റര്‍ക്കും ഒരുതരം ബലഹീനതയുണ്ട്. ഇതിനെ മറികടക്കാന്‍ വളരെയധികം പ്രയത്‌നിക്കണം, അതിന് മണിക്കൂറുകളുടെ പരിശീലനവും അതിയായ ആഗ്രഹവും ആവശ്യമാണ്. നിങ്ങളുടെ മനസ് പുനഃസ്ഥാപിക്കേണ്ടത് അനിവാര്യമാണ്,’ ഡിവില്ലിയേഴ്സ് പറഞ്ഞു.

Content Highlight: A.B.D villiers Talking About Virat Kohli

We use cookies to give you the best possible experience. Learn more