സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ടി-20 പരമ്പരയിലെ അവസാന മത്സരത്തിലും വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ജോഹന്നാസ്ബര്‍ഗില്‍ നടന്ന മത്സരത്തില്‍ 135 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ 3-1ന് പരമ്പര സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു.
മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 283 റണ്‍സ് മറികടക്കാനിറങ്ങിയ പ്രോട്ടിയാസ് 18.2 ഓവറില്‍ 148 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഇന്ത്യയെ കൂറ്റന്‍ സ്‌കോറില്‍ എത്തിച്ചത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസനും തിലക് വര്‍മയുമാണ്. ഇരുവരും സെഞ്ച്വറി നേടിയാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്.
ഇപ്പോള്‍ ഇരുവരുടെയും പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയാണ് എ.ബി. ഡിവില്ലിയേഴ്‌സ്. സഞ്ജു നേടിയ സെഞ്ച്വറിയാണ് തിലക് നേടിയ സെഞ്ച്വറി നേട്ടത്തേക്കാള്‍ മികച്ചതെന്നാണ് മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം പറഞ്ഞത്. യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഡി വില്ലിയേഴ്‌സ്.
‘രണ്ട് താരങ്ങളും മികച്ച സെഞ്ച്വറി തന്നെയാണ് നേടിയത്. തിലക് വര്‍മ 120* റണ്‍ നേടിയപ്പോള്‍ സഞ്ജു 109* റണ്‍സുമാണ് നേടിയത്. പക്ഷെ എന്റെ അഭിപ്രായത്തില്‍ തിലകിന്റെ സെഞ്ച്വറിയെക്കാള്‍ മികച്ചത് സഞ്ജുവിന്റെ സെഞ്ച്വറിയായിരുന്നു. പിഴവുകള്‍ കുറവുള്ള ഇന്നിങ്‌സ് സഞ്ജുവിന്റേതായിരുന്നു. തിലകിന്റെ ഇന്നിങ്‌സില്‍ മിസ്റ്റേക്കുകള്‍ ഉണ്ടായിരുന്നു. ആരും എന്നെ ഇതിന്റെ പേരില്‍ ക്രൂശിക്കരുത്,
തിലക് ഒരു മികച്ച ബാറ്ററാണ്, സമീപകാലത്ത് ഇന്ത്യയ്ക്കായിട്ടും മുംബൈ ഇന്ത്യന്‍സിന് വേണ്ടിയും ഒരുപാട് മികച്ച ഇന്നിങ്സുകള്‍ അവന്‍ കളിച്ചിട്ടുണ്ട്. അവന്റെ പല മത്സരങ്ങളുടേയും ആരാധകനാണ് ഞാന്‍. ഒരുപാട് കാലം ഇന്ത്യന്‍ ബാറ്റിങ്ങിനെ മുന്നോട്ട് കൊണ്ടുപോകാനുള്ള ശക്തി അവനുണ്ട്. അടുത്ത ഒരു അഞ്ച് വര്‍ഷം നിങ്ങള്‍ക്ക് അത് കാണാം. ആര്‍.സി.ബിക്ക് എതിരെ മുംബൈയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ അദ്ദേഹം കളിച്ച ഇന്നിങ്സുകളൊക്കെ മനോഹരമായിരുന്നു,
പക്ഷെ അദ്ദേഹം സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നേടിയ സെഞ്ച്വറി മികച്ചതായിരുന്നില്ല. ഒരുപാട് മിസ്റ്റേക്ക് അതില്‍ ഉണ്ടായിരുന്നു. എന്നിരുന്നാലും പിഴവുകള്‍ക്കിടയില്‍ സെഞ്ച്വറി നേടാന്‍ താരത്തിനായി. ചിലപ്പോള്‍ ക്രിക്കറ്റ് അങ്ങനെയാണ്. എന്നാല്‍ സഞ്ജുവിന്റെ ഇന്നിങ്‌സില്‍ പിഴവുകള്‍ കുറവായിരുന്നു. എന്നത്തേയും പോലെ അവന്‍ നന്നായി കളിച്ചു. എന്തായാലും ഇരുവരും നേടിയ സെഞ്ച്വറിക്ക് അഭിനന്ദനങ്ങള്‍,’ ഡി വില്ലിയേഴ്‌സ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
പ്രോട്ടിയാസിനെതിരെ 56 പന്തില്‍ നിന്നും ഒമ്പത് സിക്സും 6 ഫോറും ഉള്‍പ്പെടെ 109 റണ്‍സ് നേടി പുറത്താക്കാതെയാണ് സഞ്ജു വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചത്. 194.64 എന്ന മികച്ച സ്ട്രൈക്ക് റേറ്റില്‍ ആയിരുന്നു സഞ്ജു ബാറ്റ് വീശിയത്. അതേസമയം ബാക്ക് ടു ബാക്ക് സെഞ്ച്വറി നേടിയാണ് ഇന്ത്യന്‍ യുവതാരം തിലക് വര്‍മയും ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്.
കഴിഞ്ഞ മത്സരത്തില്‍ 107 റണ്‍സ് നേടി പുറത്താകാതെ നിന്ന് താരം അവസാനം മത്സരത്തിലും സെഞ്ച്വറി നേടി. 47 പന്തില്‍ നിന്നും 10 സിക്സും 9 ഫോറും ഉള്‍പ്പെടെ 120* റണ്‍സായിരുന്നു താരം നേടിയത്. 255.32 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റില്‍ ആയിരുന്നു വര്‍മ ബാറ്റ് വീശിയത്.
Content Highlight: A.B.D Villiers Talking About Sanju Samson And Tilak Varma