സഞ്ജുവിനെ ഓപ്പണിങ് ഇറക്കുന്നത് ടീമിന് ബുദ്ധിമുട്ടാകും; തുറന്ന് പറഞ്ഞ് ഡി വില്ലിയേഴ്‌സ്
Sports News
സഞ്ജുവിനെ ഓപ്പണിങ് ഇറക്കുന്നത് ടീമിന് ബുദ്ധിമുട്ടാകും; തുറന്ന് പറഞ്ഞ് ഡി വില്ലിയേഴ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 15th October 2024, 1:35 pm

ബംഗ്ലാദേശിനെതിരെയുള്ള മൂന്നാമത്തെയും അവസാനത്തെയും ടി-20 മത്സരത്തില്‍ ഇന്ത്യ 134 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ ബംഗ്ലാദേശിനെതിരെ 3-0ന് പരമ്പര സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. മത്സരത്തില്‍ ഓപ്പണിങ് ഇറങ്ങി ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച് സെഞ്ച്വറി നേടാന്‍ സഞ്ജുവിന് സാധിച്ചിരുന്നു.

ഇപ്പോള്‍ താരത്തെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ സൗത്ത് ആഫ്രിക്കന്‍ ഇതിഹാസ താരം എ.ബി.ഡി. വില്ലിയേഴ്‌സ്. സഞ്ജു ഓപ്പണിങ് ഇറങ്ങുന്നത് കാണാനാണ് മുന്‍ താരം ആഗ്രഹിക്കുന്നതെന്നും ഈ പൊസിഷനില്‍ സഞ്ജുവിന് മികച്ച ഇംപാക്ട് ഉണ്ടാക്കാന്‍ സാധിക്കുമെന്നും ഡി വില്ലിയേഴ്‌സ് പറഞ്ഞു.

ഡി വില്ലിയേഴ്‌സ് പറഞ്ഞത്

‘സഞ്ജു ഓപ്പണറായി കളിക്കുന്നത് കാണാനാണ് ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്നത്. ഈ പൊസിഷനില്‍ അദ്ദേഹത്തിനു വളരെ മികച്ച ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു. ന്യൂബോളില്‍ അനായാസമായാണ് സഞ്ജു ബാറ്റ് ചെയ്യുന്നത്. നല്ല നിയന്ത്രണത്തോടെയുള്ള ഷോട്ടുകളാണ് അവന്‍ കളിക്കുന്നത്. ഒരുപാട് കരുത്തും സഞ്ജുവിന്റെ ഷോട്ടുകള്‍ക്കുണ്ട്. പക്ഷെ അദ്ദേഹത്തെ ടി-20യില്‍ തുടര്‍ന്നും ഓപ്പണറായി കളിപ്പിക്കേണമോ എന്ന തീരുമാനം ടീം മാനേജ്‌മെന്റിന്റേതാണ്. അത് വളരെ ബുദ്ധിമുട്ടേറിയ തീരുമാനമായിരിക്കും.

സഞ്ജുവും ജയ്‌സ്വാളും മികച്ച ബാറ്റര്‍മാരാണ്. അവരെ ഓപ്പണര്‍മാരായി കളിപ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കോച്ചിങ് സ്റ്റാഫുകളാണ്. ഞാന്‍ സഞ്ജുവിനെ തന്നെ ഓപ്പണറായി നിലനിര്‍ത്തണമെന്ന് ആഗ്രഹിക്കുന്നയാളാണ്. ഇതുപോലെയൊരു സെഞ്ച്വറി പ്രകടനത്തിനു ശേഷം അവനെ മാറ്റി പകരം മറ്റൊരാളെക്കുറിച്ച് ചിന്തിക്കാന്‍ സാധിക്കില്ല,’ ഡി വില്ലിയേഴ്‌സ് പറഞ്ഞു.

ബംഗ്ലാദേശിനെതിരെയുള്ള അവസാന മത്സരത്തില്‍ ഇന്ത്യയുടെ ബാറ്റിങ്ങില്‍ മികച്ച പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. മത്സരത്തില്‍ തസ്‌കിന്‍ അഹമ്മദിന്റെ ഓവറില്‍ തലങ്ങും വിലങ്ങും നാല് തുടര്‍ച്ചയായി ഫോര്‍ അടിച്ചാണ് സഞ്ജു തുടങ്ങിയത്. പിന്നീട് റാഷിദ് ഹൊസൈന്റെ ഓവറിലെ ആദ്യ പന്ത് മിസ്സായപ്പോള്‍ ബാക്കിയുള്ള പന്തില്‍ അഞ്ച് സിക്‌സര്‍ തുടര്‍ച്ചയായി അടിച്ച് അമ്പരപ്പിക്കുകയായിരുന്നു സഞ്ജു.

47 പന്തില്‍ നിന്ന് 11 ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെ 111 റണ്‍സാണ് താരം നേടിയത്. 40ാം പന്തില്‍ ഫോര്‍ നേടിയാണ് സഞ്ജു ഫോര്‍മാറ്റിലെ ആദ്യ സെഞ്ച്വറി നേടുന്നത്. മിന്നും പ്രകടനത്തില്‍ നിരവധി റെക്കോഡുകള്‍ സ്വന്തമാക്കാനും സഞ്ജുവിന് സാധിച്ചിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരം, ടി-20യില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍, ടി-20യില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരം എന്നിങ്ങനെ പല റെക്കോഡുകളും വാരിക്കൂട്ടാന്‍ സഞ്ജുവിന് സാധിച്ചു.

 

Content Highlight: A.B.D Villiers Talking About Sanju Samson