| Friday, 29th November 2024, 7:10 pm

ഞങ്ങള്‍ക്ക് ഒരു മാച്ച് വിന്നിങ് സ്പിന്നറെ നഷ്ടമായി; ബെംഗളൂരു ലക്ഷ്യംവെച്ചവനെക്കുറിച്ച് ഡിവില്ലിയേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഇതുവരെ തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കാന്‍ സാധിക്കാത്ത ഫ്രഞ്ചൈസികളില്‍ ഒന്നാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു. മെഗാ താരലേലത്തിനുശേഷം തങ്ങള്‍ക്ക് നഷ്ടപ്പെട്ട സ്പിന്‍ ബൗളറെക്കുറിച്ച് സംസാരിക്കുകയാണ് സൗത്താഫ്രിക്കന്‍ ഇതിഹാസവും മുന്‍ ബെംഗളൂരു താരവുമായ എ.ബി. ഡിവില്ലിയേഴ്സ്.

ആര്‍.സി.ബി ലക്ഷ്യംവെച്ച സ്പിന്നര്‍ ആര്‍. അശ്വിനാണെന്നാണ് ഡിവില്ലിയേഴ്‌സ് പറഞ്ഞത്. അശ്വിനെപോലെയൊരു മാച്ച് വിന്നിങ് സ്പിന്നറെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത് തങ്ങള്‍ക്ക് വലിയ നഷ്ടമാണെന്ന് വില്ലി പറഞ്ഞു. മാത്രമല്ല അശ്വിനെ മഞ്ഞ ജേഴ്‌സിയില്‍ കാണാന്‍ സന്തോഷമാണെന്നും ഡിവില്ലിയേഴ്‌സ് സൂചിപ്പിച്ചു.

‘ഞങ്ങള്‍ക്ക് രവിചന്ദ്രന്‍ അശ്വിനെ നഷ്ടമായി. സി.എസ്.കെയ്ക്ക് അദ്ദേഹത്തെ ലഭിച്ചു, ഞങ്ങള്‍ക്ക് ഒരു മാച്ച് വിന്നിങ് സ്പിന്നറെ നഷ്ടമായി. പക്ഷേ അദ്ദേഹത്തെ വീണ്ടും മഞ്ഞ ജേഴ്സിയില്‍ കണ്ടതില്‍ വളരെ സന്തോഷമുണ്ട്. എന്നാല്‍ താരലേലത്തിനുശേഷം ഞാന്‍ തികച്ചും സന്തോഷവാനാണ്. നിലവിലെ ടീം എല്ലാം കൊണ്ടും ബാലന്‍സ്ഡ് ആണ്, പക്ഷെ അടുത്ത ഐ.പി.എല്‍ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു കപ്പുറപ്പിക്കും,’ ഡിവില്ലിയേഴ്സ് കൂട്ടി ചേര്‍ത്തു.

കഴിഞ്ഞ സീസണില്‍ സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന അശ്വിന്‍ ഐ.പി.എല്ലിലെ 211 മത്സരങ്ങളില്‍ നിന്ന് 180 വിക്കറ്റും 800 റണ്‍സും നേടിയിട്ടുണ്ട്. ചെന്നൈക്ക് വേണ്ടി 97 മത്സരങ്ങളില്‍ നിന്ന് 90 വിക്കറ്റുകള്‍ അശ്വിന്‍ നേടിയിട്ടുണ്ട്. 2009 മുതല്‍ 2015 വരെ ചെന്നൈയുടെ കൂടെ ഉണ്ടായിരുന്ന താരം വീണ്ടും സ്വന്തം തട്ടകത്തില്‍ എത്തിയത് ആരാധകര്‍ക്ക് ആവേശം നല്‍കുന്ന ഒന്നാണ്.

Content Highlight: A.B.D Villiers Talking About R. Ashwin

We use cookies to give you the best possible experience. Learn more