| Thursday, 7th November 2024, 7:43 pm

ബെംഗളൂരുവിന് വേണ്ടത് ആ നാല് താരങ്ങളെ, മുഴുവന്‍ പണവും അതിന് ചിലവാക്കണം: എ.ബി.ഡി. വില്ലിയേഴ്‌സ്

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത് 2025 ഐ.പി.എല്ലിന്റെ മെഗാ താരലേലത്തിനാണ്. നവംബര്‍ 24- 25 തീയതികളില്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ വെച്ചാണ് ലേലം നടക്കുക. 18ാം സീസണിന് മുന്നോടിയായി എല്ലാ ഫ്രാഞ്ചൈസികളും തങ്ങളുടെ നിലനിര്‍ത്തല്‍ പട്ടിക പുറത്ത് വിട്ടിരുന്നു.

ഇതോടെ മെഗാലേലത്തില്‍ ബെംഗളൂരു സ്വന്തമാക്കേണ്ട താരങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ആര്‍.സി.ബി.താരവും സൗത്ത് ആഫ്രിക്കന്‍ ഇതിഹാസവുമായ എ.ബി.ഡി. വില്ലിയേഴ്‌സ്. പുതിയ സീസണില്‍ ബെംഗളൂരിന് വേണ്ടത് മികച്ച ബൗളിങ് നിരയാണെന്ന് താരം ചൂണ്ടിക്കാണിച്ചു.

രാജസ്ഥാന്‍ റോയല്‍സിന്റെ താരങ്ങളായിരുന്ന യുസ്വേന്ദ്ര ചഹലിനേയും ആര്‍. അശ്വിനേയും പോലുള്ള സ്പിന്നര്‍മാരെ ടീമിന് ആവശ്യമാണെന്നാണ് വില്ലി പറഞ്ഞത്. പഞ്ചാബിന്റെ താരമായിരുന്ന കഗീസോ റബാദയെയും ഹൈദരബാദിന്റെ ഭുവനേശ്വര്‍ കുമാറും പേസ് ബൗളിന്റെ ഓപ്ഷനുകളായി വില്ലി നിര്‍ദേശിച്ചു.

വില്ലിയേഴ്‌സ് പറഞ്ഞത്

‘ഒരു ലോകോത്തര സ്പിന്നറെ നേടുക എന്നതായിരിക്കണം നിങ്ങളുടെ മുന്‍ഗണന. യൂസ്വേന്ദ്ര ചഹല്‍ ആര്‍.സി.ബിയുടേതായതിനാല്‍ അവനെ നിങ്ങള്‍ക്ക് ടീമില്‍ ഉള്‍പ്പെടുത്താം. രാജസ്ഥാനില്‍ അവന്റെ പങ്കാളിയായ ആര്‍. അശ്വിനെയും കാഗിസോ റബാഡയെ നമുക്ക് സൈന്‍ ചെയ്യാം, അതിന് ആമുഖമൊന്നും ആവശ്യമില്ല,

മാത്രമല്ല ഞാന്‍ ഭുവനേശ്വര്‍ കുമാറിനും മുന്‍ഗണന നല്‍കുന്നു. ഇവര്‍ എന്റെ നാല് പിക്കുകളാണ്, പേഴ്സ് മുഴുവനും ഞാന്‍ അവര്‍ക്കായി ചെലവഴിക്കും. ചഹല്‍, റബാദ, ഭുവനേശ്വര്‍, അശ്വിന്‍ എന്നിവരെയാണ് വേണ്ടത്. ഈ നാലുപേരെയും കിട്ടിയ ശേഷം ബാക്കിയുള്ള പണം കൊണ്ട് നമുക്ക് മറ്റ് കളിക്കാരെ വാങ്ങാം,’എ.ബി. .ഡി. വില്ലിയേഴ്‌സ് പറഞ്ഞു.

ബെംഗളൂരു നിലനിര്‍ത്തിയവര്‍, ബാങ്ക് ബാലന്‍സ്‌

പുതിയ സീസണിന് മുന്നോടിയായി വമ്പന്‍ മാറ്റങ്ങള്‍ക്കാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ലക്ഷ്യമിടുന്നത്. വിരാട് കോഹ്ലി (21 കോടി), രജത് പാടിദാര്‍ (11 കോടി), യാഷ് ദയാല്‍ (5 കോടി) എന്നിവരെയാണ് ബെംഗളൂരു നിലനിര്‍ത്തിയത്.

മൂന്ന് ആര്‍.ടി.എം ഓപ്ഷനുകളും (ഒരു അണ്‍ക്യാപ്ഡ് താരവും രണ്ട് ക്യാപ്ഡും താരങ്ങളും അല്ലെങ്കില്‍ മൂന്ന് ക്യാപ്ഡ് താരങ്ങള്‍) ടീമിനുണ്ട്. മെഗാ താരലേലത്തിന് 83 കോടി രൂപയാണ് ടീമിന്റെ പക്കലുള്ളത്.

Content Highlight: A.B.D Villiers Select Four Players For R.C.B In 2025 IPL

We use cookies to give you the best possible experience. Learn more