ധോണി ഇനിയും മൂന്ന് ഐ.പി.എല്‍ സീസണുകള്‍ കളിക്കും: എ.ബി.ഡി. വില്ല്യേഴ്‌സ്
Sports News
ധോണി ഇനിയും മൂന്ന് ഐ.പി.എല്‍ സീസണുകള്‍ കളിക്കും: എ.ബി.ഡി. വില്ല്യേഴ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 29th November 2023, 8:59 pm

ഐ.പി.എല്‍ ചരിത്രത്തില്‍ തന്നെ അഞ്ച് തവണ ചാമ്പ്യന്മാരായ മികച്ച ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. എം.എസ്. ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ 2023 ഐ.പി.എല്ലില്‍ കിരീടം സ്വന്തമാക്കിയിരുന്നു. 2023ല്‍ തന്നെ ധോണി തന്റെ ഐ.പി.എല്‍ കരിയര്‍ അവസാനിപ്പിക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇനിയും ധോണി ഒരു മൂന്നുവര്‍ഷം ഐ.പി.എല്‍ കളിക്കും എന്നാണ് മുന്‍ സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍ എ.ബി.ഡി. വില്ല്യേഴ്‌സ് പറയുന്നത്.

ചെന്നൈ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടികയില്‍ എം.എസ്. ധോണിയുടെ പേര് കണ്ടതോടെയാണ് താരം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

2024 ഐ.പി.എല്ലിനോട് അനുബന്ധിച്ച് 2023 ഡിസംബര്‍ 19ന് ദുബായില്‍ നടക്കാനിരിക്കുന്ന താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പക്കല്‍ 32.1 കോടി രൂപയാണ് ഉള്ളത്. ഇതോടെ വരും സീസണിലും എം.എസ് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് ശക്തമായ ഒരു ടീമിനെ നേടിയെടുക്കും എന്നത് ഉറപ്പാണ്.

‘എം.എസ്. ധോണി സര്‍പ്രൈസുകള്‍ നിറഞ്ഞ ഒരു മനുഷ്യനാണ്, അദ്ദേഹം ഇനിയും ഒരു മൂന്ന് ഐ.പി.എല്‍ സീസണുകള്‍ കളിക്കുകയും ചെയ്യും. ഐ.പി.എല്ലില്‍ നിലനിര്‍ത്തിയ പട്ടികയില്‍ അദ്ദേഹത്തിന്റെ പേര് കണ്ടതില്‍ ഞാന്‍ സന്തോഷിക്കുന്നു. കഴിഞ്ഞ സീസണില്‍ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് കിംവദന്തികള്‍ ഉണ്ടായിരുന്നു,’

‘ഐ.പി.എല്‍ ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയ ബെന്‍ സ്റ്റോക്‌സിന്റെ വലിയ റിലീസ് ആണ് അവരുടെ പേഴ്‌സില്‍ കൂടുതല്‍ പണം ഉറപ്പിച്ചത്. ധോണിക്കും സ്റ്റീഫന്‍ ഫ്‌ലെമ്മിങ്ങിനുമൊപ്പം ലേലത്തില്‍ അവര്‍ക്ക് ആവശ്യമുള്ള എല്ലാ താരങ്ങളും ഉണ്ട്. ഫ്‌ലെമ്മിങ് തീര്‍ച്ചയായും ഒരു സൈലന്റ് കില്ലറാണ്, എ.ബി.ഡി. വില്ല്യേഴ്‌സ് പറഞ്ഞു.

‘സി.എസ്.കെ പട്ടികയില്‍ എല്ലാവരും മികച്ചതാണെന്ന് തോന്നില്ല. പക്ഷേ ചെന്നൈയെ പോലുള്ള ഒരു ടീം എല്ലാ സമയത്തും നോകൗട്ടില്‍ എത്തുന്നു. പ്രതീക്ഷകള്‍ക്കപ്പുറമാണ് അവര്‍ അത് കൈകാര്യം ചെയ്യുന്നുണ്ട്. സി.എസ്.കെ ഒരു യൂണിറ്റായി കളിക്കുന്നു. എം.എസ്. ധോണിക്ക് തന്റെ കളിക്കാരെ എങ്ങനെ നയിക്കണമെന്ന് കൃത്യമായി അറിയാം,’ അദ്ദേഹം അവസാനിപ്പിച്ചു.

2024ല്‍ വരാനിരിക്കുന്ന ഐ.പി.എല്‍ മാമാങ്കത്തെ വരവേല്‍ക്കാനിരിക്കുകയാണ് ആരാധകര്‍.

 

Content Highlight: A.B.D. Villiers says M.S. Dhoni will play three more I.P.L seasons