[]കാവ്യലോകത്തിന് കരള്‍ പകുത്തു നല്‍കി ##എ.അയ്യപ്പന്‍ യാത്രയായിട്ട് മൂന്നു വര്‍ഷം തികയുന്നു. അതിരുകളില്ലാത്ത, അടിച്ചമര്‍ത്തലുകളില്ലാത്ത, നിയമാവലിയില്ലാത്ത അയ്യപ്പന്റെ കവിതകള്‍ അനാഥമായ തെരുവിന്റെ പകര്‍പ്പുകളായിരുന്നു.
മുന്‍വിധികളില്ലാത്ത ജീവിതം അവസാനിച്ചതും അങ്ങനെ തന്നെയായിരുന്നു. 2010 ഒക്ടോബര്‍ 21ന് തമ്പാനൂരില്‍ വഴിയരികില്‍ കിടന്നാണ് അയ്യപ്പന്റെ മൃതദേഹം കിട്ടുന്നത്. പിന്നീട് തിരിച്ചറിയാതെ ഒരു ദിവസം മുഴുവന്‍ ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിയുടെ തണുപ്പില്‍. തിരിച്ചറിഞ്ഞിട്ടും സാംസ്‌കാരികലോകം അയ്യപ്പന് വേണ്ടത്ര പരിഗണന നല്‍കിയില്ല.
ആശാന്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനായി ചെന്നൈയിലേക്ക് പോകവേയായിരുന്നു അന്ത്യം. പുരസ്‌കാരങ്ങള്‍ക്കും അടയാളപ്പെടുത്തലുകള്‍ക്കും പിടി കൊടുക്കാതെ ചെറു ചിരിയുമായി തെരുവിന്റെ തിരക്കില്‍ ഒഴുകിയലിയുകയായിരുന്നു അയ്യപ്പന്‍.
1949ല്‍ തിരുവന്തപുരം ജില്ലയിലെ നേമത്തായിരുന്നു അയ്യപ്പന്റെ ജനനം. ചെറുപ്പത്തിലേ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കവി അനാഥത്വത്തിന്റെ വേദനിപ്പിക്കുന്ന സ്വാതന്ത്യത്തില്‍ നിന്നാണ് ലഹരിയുടെ ലോകത്തേക്ക് നടന്നത്. സ്വയം നഷ്ടപ്പെടുത്തുമ്പോഴും ആസ്വാദകരെ കവിതയുടെ ലഹരി കുടിപ്പിച്ചു അയ്യപ്പന്‍.
എന്റെ ശവപ്പെട്ടി ചുമക്കുന്നവര്‍, വെയില്‍ തിന്നുന്ന പക്ഷി, കറുപ്പ്, ബുദ്ധനും ആട്ടിന്‍കുട്ടിയും, മാളമില്ലാത്ത പാമ്പ് എന്നിവയാണ് പ്രധാന കൃതികള്‍. 1999ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും, 2010ല്‍ ആശാന്‍ പുരസ്‌കാരവും ലഭിച്ചു.