2020 ഒക്ടോബർ 9-ന് ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതിക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. അവാർഡിനൊപ്പമുള്ള പ്രശസ്‌തിപത്രത്തിൽ നോർവീജിയൻ നൊബേൽ കമ്മിറ്റി ‘പട്ടിണിയും സായുധ സംഘട്ടനവും തമ്മിലുള്ള ബന്ധം’ ചൂണ്ടിക്കാണിച്ചു. ഒളിഞ്ഞിരിക്കുന്ന സംഘർഷങ്ങളെ ആളിക്കത്തിക്കാനും അക്രമമാർഗങ്ങൾ ഉപയോഗിക്കുന്നത് ആരംഭിക്കാനും വിശപ്പും ഭക്ഷ്യ അരക്ഷിതാവസ്ഥയും കാരണമാകുന്നത് പോലെ തന്നെ യുദ്ധവും സംഘർഷവും ഭക്ഷ്യ അരക്ഷിതാവസ്ഥയ്‌ക്കും പട്ടിണിക്കും കാരണമാകുമെന്ന് അവർ സൂചിപ്പിച്ചു. പട്ടിണി പൂർണമായും ഇല്ലാതാകണമെങ്കിൽ യുദ്ധത്തിനും സായുധ സംഘട്ടനത്തിനും അന്ത്യമുണ്ടാകണമെന്ന് നൊബേൽ കമ്മിറ്റി പറഞ്ഞു.
ഒഴിഞ്ഞ വയറുമായി ഉറങ്ങാൻ പോകുന്നവരുടെ എണ്ണം കോവിഡ് മഹാമാരിക്കാലത്ത് ഗണ്യമായി വർദ്ധിച്ചു. മനുഷ്യ ജനസംഖ്യയുടെ പകുതിയോളം പേർക്ക് മതിയായ ഭക്ഷണത്തിനുള്ള വകയില്ലെന്ന് കണക്കാക്കപ്പെടുന്നു. യുദ്ധം ജീവിതത്തെ തടസ്സപ്പെടുത്തുകയും പട്ടിണി അടിച്ചേൽപ്പിക്കുകയും ചെയ്യുന്നുവെന്നത് ശരിയാണ്. എന്നാൽ അതു തന്നെയാണ് ഇറാൻ മുതൽ വെനസ്വേല വരെയുള്ള മുപ്പത് രാജ്യങ്ങളുടെ മേൽ അമേരിക്ക ഏർപ്പെടുത്തുന്ന ഏകപക്ഷീയമായ ഉപരോധങ്ങളും ചെയ്യുന്നത്.
വലിയ സായുധ സംഘർഷങ്ങൾക്ക് വേദിയാകാത്ത ഇന്ത്യയെപ്പോലെയുള്ള ഇടങ്ങളിലാണ് ഏറ്റവും രൂക്ഷമായ പട്ടിണി നടമാടുന്നത് എന്ന വസ്തുത അവഗണിക്കാനാവില്ല. എന്നാൽ അവിടെ ഘടനാപരമായ മറ്റൊരു യുദ്ധം നടന്നുകൊണ്ടിരിക്കുന്നുണ്ട്. പേരുപറയാൻ പലരും മടിക്കുന്ന ഒരു യുദ്ധം – വർഗസംഘർഷം അഥവാ വർഗയുദ്ധം.
കഴിഞ്ഞ വർഷം യു.എൻ പൊതുസഭ സെപ്റ്റംബർ 29 ഭക്ഷ്യനഷ്ടവും ഭക്ഷണം പാഴാക്കുന്നതുമായി സംബന്ധിച്ച അന്താരാഷ്ട്ര ബോധവൽക്കരണ ദിനമായി കൊണ്ടാടണമെന്ന് തീരുമാനിച്ചിരുന്നു. ആദ്യമായി ഈ ദിനം ആചരിച്ച 2020-ൽ അധികമാരും ആ ദിവസത്തിന് വലിയ പ്രാധാന്യം കൊടുത്തില്ല. 2011-ലെ കണക്കുകൾ പ്രകാരം ആഗോളതലത്തിൽ മനുഷ്യ ഉപഭോഗത്തിനായി ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ മൂന്നിലൊന്നോളം നഷ്ടപ്പെടുകയോ പാഴാകുകയോ ചെയ്യുകയാണ്. ഈ നഷ്ടവും പാഴാകലും ലാഭത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വ്യവസ്ഥയുടെ അനന്തരഫലമാണ്. ആ വ്യവസ്ഥ പൊതുവിതരണ സംവിധാനങ്ങളിലൂടെ ഭക്ഷണം പട്ടിണി കിടക്കുന്നവരിലേക്ക് കൈമാറുന്നതിനു പകരം അത് പാഴാക്കിക്കളയും. ഇതാണ് വർഗയുദ്ധത്തിന്റെ സ്വഭാവം.
സുഡാനും ദക്ഷിണ സുഡാനും പട്ടിണിമൂലമുള്ള പ്രതിസന്ധി രൂക്ഷമായിട്ടുള്ള രാജ്യങ്ങളാണ്. ദക്ഷിണ സുഡാനിലെ 1.3 കോടി വരുന്ന ജനസംഖ്യയുടെ പകുതിയിലധികവും ആഭ്യന്തരയുദ്ധവും ക്ലേശകരമായ കാലാവസ്ഥയും കാരണം പട്ടിണിയിലാണ്. പട്ടിണി അനുഭവിക്കുന്ന കുട്ടികളുടെ എണ്ണം മഹാമാരി തുടങ്ങുന്നതിനു മുമ്പത്തേതിൽ നിന്നും ഇരട്ടിച്ച് 11 ലക്ഷമായി.
പ്രാദേശിക ഭക്ഷ്യ സംവിധാനങ്ങളിലുടെ മേലും വ്യാപാരത്തിന്റെ മേലും ദുരന്തങ്ങൾക്കുമേൽ ദുരന്തം വർഷിച്ചുകൊണ്ടുള്ള ലോക്ക്ഡൗൺ, ജനങ്ങളെ വരിഞ്ഞുമുറുക്കുന്ന ദാരിദ്ര്യം, സഹാറാ മരുഭൂമി തെക്കോട്ട് പടരുന്നതുമൂലം കൃഷിഭൂമി വരണ്ടുണങ്ങുന്നത്, ഇവയൊക്കെച്ചേർന്ന് ഈ പ്രദേശത്തെ സമ്പദ്‌വ്യവസ്ഥയെ തകിടം മറിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെയൊക്കെ ഫലമായി സുഡാനിൽ ഒരോ ദിവസവും 120 കുട്ടികളെങ്കിലും പട്ടിണി മൂലം മരിക്കുന്ന സ്ഥിതിയാണുള്ളത്.
2018-ന്റെ ഒടുവിൽ സുഡാനിലെ ആയിരക്കണക്കിന് ജനങ്ങൾ ദീർഘകാലമായി രാജ്യം ഭരിച്ചിരുന്ന പ്രസിഡന്റ് ഒമർ അൽ-ബാഷിറിനെതിരായ ധീരമായ പോരാട്ടത്തിന് തെരുവിലിറങ്ങി. ആ പോരാട്ടം അൽ-ബാഷിറിനെ പുറത്താക്കുകകയും ഒരു സിവിലിയൻ-സൈനിക സർക്കാരിനെ അധികാരമേറ്റുകയും ചെയ്തു. എന്നാൽ ആ ഭരണകൂടവും സുഡാൻ സമൂഹത്തിലെ ഏറ്റവും കേന്ദ്ര പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്തില്ല. അതിനാൽ 2019 സെപ്റ്റംബറിൽ ഒരിക്കൽക്കൂടി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.
ഇപ്പോൾ ഈ രണ്ടാമത്തെ വിപ്ലവശ്രമത്തിന്റെ ഒരു വർഷം കൂടിക്കഴിഞ്ഞതോടെ, സുഡാനിലെ കാറ്റ് പ്രതികൂലമായിരിക്കുകയാണ്. ജനങ്ങൾക്കിടയിലെ പ്രക്ഷോഭപരത തണുത്തിരിക്കുന്നു. രണ്ട് പ്രക്ഷോഭങ്ങളിലും സജീവ പങ്കുവഹിച്ച ചെറുപ്പക്കാർ ഇപ്പോൾ പട്ടിണിയുടെയും സാമൂഹിക തകർച്ചയുടെയും സാധ്യതകളെ അഭിമുഖീകരിക്കുകയാണ്. രാജ്യത്തെ 4.2 കോടിയിലധികം ജനങ്ങളിൽ പകുതിയിലധികം വരുന്ന യുവാക്കളെ സംബന്ധിച്ചിടത്തോളം, തൊഴിൽ ലഭിക്കുക എന്നത് അസാധ്യമായിക്കൊണ്ടിരിക്കുകയാണ്.
സുഡാനിലെ പ്രക്ഷോഭങ്ങളിലൊന്നിന്റെ പേര് ഗിരിഫ്‌ന എന്നാണ്. 2009 ഒക്ടോബറിൽ സർവകലാശാലാ വിദ്യാർത്ഥികൾ ആരംഭിച്ചതാണ് അറബിയിൽ ‘ഞങ്ങൾ മടുത്തിരിക്കുന്നു’ എന്ന് അർഥമുള്ള പേരുള്ള ഈ പ്രക്ഷോഭം. തീർത്തും ഉചിതമായ പേരാണിത്. ഭാവിയിലേയ്‌ക്കുള്ള ഒരു വലിയ പ്രത്യാശയെ വഹിക്കുന്ന യുവാക്കൾ അവർ വളർന്നുവന്ന ചുറ്റുപാടുകളിൽ ഇതിനകം തന്നെ പരിഭ്രാന്തരായതായി കാണപ്പെടുന്നു. ജീവിതം ആരംഭിക്കുന്നതിന് മുമ്പുതന്നെ അവർ ക്ഷീണിതരായിരിക്കുന്നു. അവർ അടിപ്പെട്ടിരിക്കുന്ന ഈ നിരാശയുടെ പേരിൽ അവരെ കുറ്റപ്പെടുത്താമോ?
സുഡാൻ സാമൂഹിക പ്രതിസന്ധിയിലായ കഴിഞ്ഞ കുറച്ചു മാസങ്ങളിൽ സർക്കാർ നിരവധി കലാകാരന്മാരെ അറസ്റ്റ് ചെയ്തു. പൊതുജീവിതം അസ്വസ്ഥമാക്കിയെന്ന കുറ്റം ചാർത്തപ്പെട്ട് തടവിലാക്കപ്പെട്ട അവരിൽ ചിലർ ഗിരിഫ്‌നയുമായി ബന്ധമുള്ളവരായിരുന്നു – ഹജൂജ് കുക്ക എന്ന ചലച്ചിത്രകാരൻ ഉദാഹരണം. കഴിഞ്ഞ വർഷം പ്രതിഷേധത്തിന് നേതൃത്വം നൽകിയ സുഡാനീസ് പ്രൊഫഷണൽ അസോസിയേഷൻ അറസ്റ്റുകളെ അപലപിച്ചു. ജനങ്ങൾക്ക് ഭക്ഷണവും മരുന്നും ലഭ്യമാക്കുക, അവരുടെ അടിസ്ഥാന അവകാശങ്ങൾ ഉറപ്പുവരുത്തുക തുടങ്ങി നിരവധി കാര്യങ്ങൾ ചെയ്തു തീർക്കാനുള്ളപ്പോൾ അതിനുപകരം യുവാക്കളുടെ അഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്ന കലാകാരന്മാരുടെ ആവിഷ്കാരങ്ങളെ തുടച്ചുമാറ്റുന്നതിലും അവരെ ഭീഷണിപ്പെടുത്തുന്നതിലുമൊക്കെയാണ് ഭരണകൂടം ശ്രദ്ധ ചെലുത്തുന്നത്.
ഇവയിൽ പലതും പരിചിതമാണ്, തലമുറകളായി. 1989 ജൂണിൽ നടന്ന അട്ടിമറിയിലൂടെയാണ് ശ്വാസം മുട്ടിക്കുന്ന മതമൗലികവാദത്തിന്റെ ക്രൂരതയുമായി അൽ-ബാഷിർ അധികാരത്തിൽ വന്നത്. സ്വാതന്ത്ര്യത്തിന്റെ ശബ്ദങ്ങളെ ഓരോന്നായി അൽ-ബാഷിറിന്റെ സർക്കാർ അറസ്റ്റുചെയ്യാൻ തുടങ്ങി. അദ്ധ്യാപികയായ ആമിന അൽ-ഗിസൗലി, അവരുടെ സഹോദരനും അഭിഭാഷകനുമായ കമൽ അൽ-ഗിസൗലി തുടങ്ങിയവർ തടവിലാക്കപ്പെട്ടു.
ആമിനയുടെ ഭർത്താവായ കവി മഹ്ജൂബ് ഷെരീഫിനെ 1989 സെപ്റ്റംബർ 20-ന് അറസ്റ്റ് ചെയ്യുകയും സുഡാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അംഗത്വത്തിന്റെ പേരിൽ അദ്ദേഹത്തെ പോർട്ട് സുഡാൻ ജയിലിലേക്ക് അയക്കുകയും ചെയ്തു. അന്ന് അദ്ദേഹത്തിന് 41 വയസ്സായിരുന്നു. 2014-ൽ മരിക്കുന്നതിന് മുമ്പ് കണ്ടുമുട്ടിയപ്പോൾ മഹ്ജൂബ് താൻ അറസ്റ്റ് ചെയ്യപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് എന്നോട് പറഞ്ഞു. കാരണം അദ്ദേഹം അതിനകം തന്നെ മൂന്നു തവണ ജയിലിൽ കിടന്നിരുന്നു. അദ്ദേഹത്തിന്റെ യൗവനം ഭരണകൂടത്തിന്റെ ക്രൂരമായ തടവറകൾക്കുള്ളിലാണ് ചെലവഴിക്കപ്പെട്ടത് (1971-73, 1977-78, 1979 -1981). ജയിലിൽ ആയിരിക്കുമ്പോൾ സ്വയം ഉയർത്താനും ചുറ്റുമുള്ളവരെ പ്രചോദിപ്പിക്കാനും മഹ്ജൂബ് കവിതകൾ എഴുതി. ജയിൽമതിലുകളാൽ ചുറ്റപ്പെട്ടു കിടക്കുമ്പോഴും അദ്ദേഹത്തിന് ഒരിക്കലും തന്റെ വശ്യമായ പുഞ്ചിരി നഷ്ടമായില്ല.
ഓരോ മണിക്കൂറിലും സൗന്ദര്യമുള്ള കുട്ടികൾ പിറക്കുന്നു
തിളക്കമുള്ള കണ്ണുകളും സ്നേഹനിർഭരമായ ഹൃദയങ്ങളോടും കൂടി
മാതൃരാജ്യത്തെ അലങ്കരിച്ചുകൊണ്ട് അവർ വരുന്നു
കാരണം, വെടിയുണ്ടകളല്ല ജീവന്റെ വിത്തുകൾ.
ലോകത്തെ സംശയത്തോടെയും ശുഭാപ്‌തിവിശ്വാസമില്ലാതെയും നോക്കിക്കാണുന്നത് യുവാക്കളുടെ സ്വതസിദ്ധമായ മാനസികാവസ്ഥയല്ല. പക്വത പ്രാപിച്ചുവരുമ്പോൾ ചെറുപ്പക്കാർക്ക് ആവശ്യമായ ഇന്ധനം പ്രതീക്ഷയാണ്. എന്നാൽ വളരെ നേരിയ പ്രത്യാശ മാത്രമാണ് അവരിലേയ്‌ക്ക് പകരപ്പെടുന്നത്, ഒപ്പം ദോഷൈകദർശനം ചെറുപ്പക്കാരുടെ ബോധത്തിലേക്ക് ആഴത്തിൽ പതിക്കുകയും ചെയ്തിരിക്കുന്നു.
പ്രത്യാശയെ അഭിവൃദ്ധിപ്പെടുത്തേണ്ട സ്ഥാപനങ്ങൾ ബ്രസീൽ മുതൽ ഇന്ത്യവരെയുള്ള ചേരിപ്രദേശങ്ങളിൽ വസിക്കുന്ന ചെറുപ്പക്കാർക്ക് വേണ്ടിയുള്ളതല്ല. ഇവിടങ്ങളിൽ സർക്കാർ സ്കൂൾ വിദ്യാഭ്യാസം വരണ്ടതാണ്, ഔപചാരിക തൊഴിൽ സാധ്യതകൾ വിരളവും. ഇത് യുവാക്കൾക്ക് പ്രതീക്ഷയേകുന്ന പാതകളിൽ നിന്ന് വളരെ അകലെയാണ്.
മറിച്ച്, വ്യക്തിഗതമായ നേട്ടങ്ങൾക്കും സാമൂഹികമായ നിലനിൽപ്പിനും ആവശ്യമായ വിഭവങ്ങൾ പ്രദാനം ചെയ്യുന്ന നിരവധി ഗ്രൂപ്പുകളിൽ യുവാക്കൾ അഭയം തേടുകയാണ്. മതമൗലികവാദ സംഘടനകൾ മുതൽ മാഫിയ സംഘങ്ങൾ വരെ ഇതിൽപ്പെടും. എന്നാൽ ഇത്തരം ഗ്രൂപ്പുകളിൽ താല്പര്യമില്ലാത്ത മറ്റ് ധാരാളം ചെറുപ്പക്കാരുമുണ്ട്. ലോകത്തെ കുറച്ചെങ്കിലും മാന്യമാക്കി മാറ്റാൻ ഇടതുപക്ഷത്തേയ്‌ക്കും ക്രിയാത്മകമായ സംഘടിത പ്രവർത്തനങ്ങളിലേയ്‌ക്കുമൊക്കെ ആകർഷിക്കപ്പെടുന്ന മഹ്ജൂബിനെയും ആമിനയെയും പോലെയുള്ളവരാണിവർ.
Youth in Brazil’s Peripheries in the Era of CoronaShock എന്നതാണ് ഞങ്ങളൂടെ (ട്രൈക്കോണ്ടിനെന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ച്) ഏറ്റവും പുതിയ ദോസിയറിന്റെ തലക്കെട്ട്. അത് ബ്രസീലിലെ തൊഴിലാളിവർഗ മേഖലകളിലെ ചെറുപ്പക്കാരുടെ അവസ്ഥയെ സൂക്ഷ്മമായി പരിശോധിക്കുന്നു. ജനകീയ യുവജന പ്രക്ഷോഭം (Popular Youth Uprising), തൊഴിലാളികളുടെ അവകാശ സമര പ്രസ്ഥാനം (Workers’ Movement for Rights) എന്നിവയ്ക്കൊപ്പം ചേർന്ന് ബ്രസീലിലെ നഗരപ്രാന്തങ്ങളിലെ തൊഴിലാളിവർഗ ചെറുപ്പക്കാരുടെ സാംസ്കാരികവും സാമൂഹികവുമായ ലോകങ്ങളെക്കുറിച്ച് ട്രൈക്കോണ്ടിനെന്റലിന്റെ ബ്രസീൽ ഓഫിസ് നടത്തിയ ദീർഘമായ അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ദോസിയർ തയ്യാറാക്കിയിരിക്കുന്നത്. യുവാക്കളെ സ്വാധീനിക്കുന്നതെന്ത്, അവരെ ആവേശം കൊള്ളിക്കുന്നതെന്ത് തുടങ്ങിയ ചോദ്യങ്ങളുടെ വിശദമായ വിലയിരുത്തലാണ് ഞങ്ങളുടെ ഗവേഷകർ തയ്യാറാക്കുന്നത്.
സുഡാനിലെ ചെറുപ്പക്കാരെപ്പോലെ തന്നെ ബ്രസീലിലെ ചെറുപ്പക്കാരും തങ്ങളുടെ രാജ്യത്ത് നിലവിലിരുന്ന വിദ്യാഭ്യാസ, ക്ഷേമ സ്ഥാപനങ്ങൾ മുതലായ സോഷ്യൽ ഡെമോക്രാറ്റിക് സ്ഥാപനങ്ങളുടെ തകർച്ച മൂലം ബുദ്ധിമുട്ടുന്നതായി ദോസിയർ ചൂണ്ടിക്കാട്ടുന്നു. സാമൂഹ്യ പ്രതിസന്ധിയെ ഒരു ക്രിമിനൽ പ്രതിസന്ധിയായി വ്യാഖ്യാനിച്ച് യുവാക്കളെ പ്രത്യേകിച്ചും വ്യതിചലനത്തിന്റെയും കുറ്റകൃത്യത്തിന്റെയും ആശയങ്ങളുമായി ബന്ധിപ്പിച്ച് ഭരണകൂടം നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് അടിച്ചമർത്തൽ വ്യാപിപ്പിക്കുകയാണ്.
കുട്ടികൾക്ക് ഭക്ഷണം എത്തിക്കുന്നതിനു പകരം, അവരുടെ പ്രതിഷേധം അടിച്ചമർത്താൻ ഭരണകൂടം പോലീസ് സേനയെ അയയ്‌ക്കുന്നു. ഭരണകൂടത്തിന്റെ പരിവർത്തനവും യുവാക്കളോട് സ്ഥാപനപരമായ പിന്തുണയ്ക്ക് കാത്തുനിൽക്കാതെ സ്വന്തം കഠിനാധ്വാനത്തിലൂടെ സംരംഭകരാകാൻ ആവശ്യപ്പെടുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ ഉയർച്ചയും ചേർന്ന് യുവാക്കളിൽ കോപവും സാമൂഹ്യ വിരക്തിയും സൃഷ്‌ടിക്കുന്നു. തൊഴിൽ സാഹചര്യം ദയനീയമാണ് – കൂടുതൽ തൊഴിലുകളും താൽക്കാലികവും അസംഘടിതമേഖലയിലുള്ളതും ആണ്. ഇതിനെപ്പറ്റി ദോസിയറിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
ബ്രസീലിലെ പരാന സംസ്ഥാനത്ത് കഷ്‌ടതയനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ ഭൂരഹിത തൊഴിലാളി പ്രസ്ഥാനവും (എംഎസ്‌ടി) എണ്ണത്തൊഴിലാളി യൂണിയനും (സിൻഡിപെട്രോ-പിആർ/എസ്‌സി) ചേർന്ന് സംഘടിപ്പിക്കുന്ന ഐക്യദാർഢ്യപ്രവർത്തനം. 2020 ഓഗസ്റ്റ് 1. ചിത്രം: ജിയോർജിയ പ്രാതെസ്.
പ്രചോദനം നൽകുന്ന ഒരു കുറിപ്പോടുകൂടിയാണ് ദോസിയർ അവസാനിക്കുന്നത്. ഭൂരഹിത തൊഴിലാളി പ്രസ്ഥാനത്തിന്റെ (എംഎസ്‌ടി) ഭാഗമായ കെല്ലി മാഫോർട്ട്, ‘Solidarity Inc.’ (ഐക്യദാർഢ്യം ഇൻകോർപ്പറേറ്റഡ് അഥവാ ഐക്യദാർഢ്യം കോർപ്പറേറ്റ് കമ്പനി), ‘popular solidarity’ (ജനകീയ ഐക്യദാർഢ്യം) എന്നീ സങ്കല്പങ്ങളെ തമ്മിൽ വേർതിരിക്കുകയാണ്. ആദ്യത്തേത് – ഐക്യദാർഢ്യത്തെ കോർപ്പറേറ്റ്‌വൽക്കരിക്കുന്ന Solidarity Inc. – ചാരിറ്റിയുടെ മറ്റൊരു പദമാണ്. ദാനധർമ്മം ആവശ്യം തന്നെയാണ്. എന്നാൽ ഈ മാതൃക പുതിയൊരു സമൂഹത്തെ രൂപപ്പെടുത്തുകയോ തൊഴിലാളിവർഗത്തിന്റെയിടയിൽ ആത്മവിശ്വാസം വളർത്തുകയോ ചെയ്യുന്നില്ല. ദാനമായി കൊടുക്കുന്ന സമ്മാനങ്ങൾ, ദാരിദ്ര്യത്തെപ്പോലെ തന്നെ നിരാശ ജനിപ്പിക്കുന്നതാകാം.
എന്നാൽ ജനകീയ ഐക്യദാർഢ്യം, തൊഴിലാളിവർഗ സമൂഹങ്ങളിൽ നിന്ന് ഉയർന്നുവരുന്നതാണ്. അത് പരസ്പര സഹായത്തിന്റെയും പരസ്പരബഹുമാനത്തിന്റെയും അടിസ്ഥാനത്തിലാണ് കെട്ടിപ്പടുക്കപ്പെടുന്നത്. അത് ജനങ്ങളുടെ അന്തസ്സ് ഉയർത്തുന്ന സംഘടനകളെ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ പുരോഗമന സംഘങ്ങൾ സാധനസാമഗ്രികൾ ശേഖരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും, കാർഷിക-പാരിസ്ഥിതിക സൗഹൃദ ഭക്ഷണം പ്രോത്സാഹിപ്പിക്കുന്ന ഗ്രാമപ്രദേശങ്ങളിലെ എംഎസ്‌ടി സഹകരണ സ്ഥാപനങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിനും, പോലീസ് അക്രമത്തിനെതിരെയും ഭൂപരിഷ്കരണത്തിനുവേണ്ടിയും പോരാടുന്നതിനുമൊക്കെ യുവാക്കളെ അണിനിരത്തുന്നു.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മുതലാളിത്ത വ്യവസ്ഥയുടെ ക്രൂരതകൾ തങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച ദുരിതങ്ങൾക്കപ്പുറത്ത് ലോകത്തിന്റെ സാധ്യതകളിൽ ആഴത്തിൽ വിശ്വസിക്കാൻ യുവാക്കളെ അവർ അണിനിരത്തുന്നു. ഉത്പാദനത്തിന്റെയും വിതരണത്തിന്റെയും എല്ലാ മേഖലകളും കയ്യടക്കുന്ന ഭീമൻ പാശ്‌ചാത്യ ഭക്ഷ്യ കോർപ്പറേഷനുകളുടെ മൂല്യ ശൃംഖലകളെയും (vertical value chains) ഏകവിളക്കൃഷിയെയും ഐക്യദാർഢ്യത്തിന്റെ കോർപ്പറേറ്റ് മാതൃകയിലുള്ള ചാരിറ്റിയെയും വളരെയധികം ആശ്രയിക്കുന്ന ലോക ഭക്ഷ്യ പദ്ധതിയ്‌ക്കായുള്ള ചില പാഠങ്ങൾ ഈ ദോസിയറിൽ ഉണ്ട്. വൈവിധ്യമാർന്നതും പ്രാദേശികവുമായ ഭക്ഷ്യ ഉത്പാദനവും വിതരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ധീരതയാർജ്ജിക്കുവാനുള്ള അവസരമായി ലോക ഭക്ഷ്യ പദ്ധതി നൊബേൽ സമ്മാന നേട്ടത്തെ ഉപയോഗിക്കണം.
ജയിലിൽ മഹ്‌ജൂബ് പാടിയതുപോലെ, വെടിയുണ്ടകൾ ജീവന്റെ വിത്തുകളല്ല. നമ്മുടെ ദുരിതത്തിനുള്ള ഉത്തരങ്ങൾ വളരെ വ്യക്തമാണ്. പക്ഷേ അധികാരവും പദവിയും സ്വത്തും നിയന്ത്രിക്കുന്ന ന്യൂനപക്ഷത്തിന് അതിന് വലിയ വില നൽകേണ്ടിവരും. ഏറെ നഷ്ടപ്പെടുവാനുള്ളവരാണവർ. ഇത്രമേൽ തീവ്രമായി ഇവയെല്ലാം അവർ മുറുകെപ്പിടിക്കുന്നതിന്റെ കാരണവും അതു തന്നെയാണ്. വിത്തുകളാണെന്ന് നടിച്ച് ലോകത്ത് വെടിയുണ്ടകൾ വിതറുകയാണവർ.
(Tricontinental: Institute for Social Research ന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ചരിത്രകാരനും പത്രപ്രവർത്തകനുമായ വിജയ് പ്രഷാദ്. ട്രൈക്കോണ്ടിനെന്റലിന്റെ 2020-ലെ നാൽപ്പത്തിരണ്ടാമത്തെ ന്യൂസ് ലെറ്ററിന്റെ പരിഭാഷയാണിത്.)
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: A analysis of the recent class struggles around the World-Sudan and Brazil Vijay Prashad writes