| Saturday, 18th November 2023, 12:55 pm

ഹൗ ഓള്‍ഡ് ആര്‍ യൂ, സാറസ്, ഉയരെ, 'ശേഷം മൈക്കില്‍ ഫാത്തിമ'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ശേഷം മൈക്കിൽ ഫാത്തിമ’. മലയാളത്തിൽ മുൻപും വന്നിട്ടുള്ള ഫീമേൽ ഓറിയന്റഡ് ചിത്രങ്ങളുടെ ടെംപ്ലേറ്റ് കൂട്ടുപിടിച്ച് വരുന്ന മറ്റൊരു ചിത്രമാണ് ശേഷം മൈക്കിൽ ഫാത്തിമ.

ഹൗ ഓൾഡ് ആർ യൂ, സാറാസ്, ഉയരെ തുടങ്ങിയ സിനിമകളിലെ പോലെ ഒരു സ്വപ്നത്തിനായി ഏതറ്റം വരെ പോകാനും തയ്യാറാവുന്ന നായിക. ആഗ്രഹം നടത്തിയെടുക്കാനായി എപ്പോഴും കൂടെ നിൽക്കുന്ന കുറച്ചുപേർ. ഒരിക്കലും നിനക്കത് പറ്റില്ലായെന്ന് വിധിയെഴുതുന്ന മറ്റു ചിലർ.

ഒടുവിൽ പലപ്പോഴായി കൈവിട്ട് പോയെന്ന് കരുതുന്ന ആ ലക്ഷ്യം നേടിയെടുക്കാൻ നായിക നടത്തുന്ന ശ്രമങ്ങൾ. ഫാത്തിമയിലേക്ക് വന്നാൽ പ്രെഡിക്റ്റബിളായ ഈ ഒരു കഥയെ ഒരു സ്പോർട്സ് ഡ്രാമ കൂടിയായി സംവിധായകൻ മനു.സി. കുമാർ അവതരിപ്പിക്കുന്നുണ്ട്. അവിടെയാണ് ചിത്രം വ്യത്യസ്തമാവുന്നത്.

വ്യത്യസ്തമായ ഒരു പരീക്ഷണമെന്ന നിലയ്ക്കാണ് സിനിമയെ അവതരിപ്പിച്ചിട്ടുള്ളത്. നായിക കേന്ദ്രീകൃതമായ ഒരു കഥയിലേക്ക് വരുമ്പോൾ സിനിമയിലെ പ്രധാന കഥാപാത്രമെപ്പോഴും ഒരു സാധാരണക്കാരിയായി മാറുന്നുണ്ട്. അവളുടെ ആഗ്രഹത്തെ ഒരു സാധാരണക്കാരിക്ക് സ്വപ്നം കാണാൻ കഴിയാത്തതെന്നാണ് സിനിമയിലെ മറ്റുള്ള കഥാപാത്രങ്ങൾ പറയുന്നത്.

ഫാത്തിമയ്‌ക്ക് ഒരു ഫുട്ബോൾ കമന്റേറ്ററാവാനാണ് ആഗ്രഹം. എന്നാൽ സിനിമയുടെ തുടക്കം മുതൽ തന്നെ അതൊരിക്കലും നടക്കില്ലെന്നും നീ ഒരു സാധാരണ വീട്ടിലെ കുട്ടിയാണെന്നും ഫാത്തിമയോട് എല്ലാവരും പറയുന്നുണ്ട്. ഹൗ ഓൾഡ് ആർ യൂ വിലെ നിരുപമയോടും, സാറാസിലെ സാറയ്ക്ക് സിനിമ സംവിധാനം ചെയ്യണം എന്ന് പറഞ്ഞപ്പോഴും എല്ലാവരും പറഞ്ഞത് അത് തന്നെയായിരുന്നു.

ഉയരെയിൽ പല്ലവിയെ സഹായിക്കാൻ അനാർക്കലി അവതരിപ്പിച്ച സറിയ ഉണ്ടെങ്കിൽ ഫാത്തിമയിലേക്ക് വരുമ്പോൾ അത് ഫെമിന ജോർജ് അവതരിപ്പിച്ച രമ്യാ ആവണിയാണ്. ഒടുവിൽ എല്ലാവരും ഒത്തുപിടിച്ച് ഫാത്തിമയുടെ ആഗ്രഹം സഫലികരിക്കുമ്പോൾ പ്രേക്ഷകർക്ക് നല്ലൊരു അനുഭവമായി തന്നെ ചിത്രം മാറുന്നുണ്ട്. സ്വീകാര്യമായ രീതിയിൽ കഥാപാത്രത്തെ അവതരിപ്പിക്കാൻ കല്യാണിയ്ക്കും സാധിക്കുന്നുണ്ട്.

നായിക കേന്ദ്രീകൃതമെന്ന ടാഗ് ലൈനുകൾ ഇല്ലാതെ തന്നെ മലയാളികളുടെ മനസിൽ ഇടം നേടിയ ഒരുപാട് ശക്തരായ സ്ത്രീ കഥാപാത്രങ്ങളുണ്ട്. സ്വപ്നങ്ങൾക്ക് പിന്നിൽ പോകുമ്പോൾ എന്നും തടയപ്പെടുന്ന ടെംപ്ലേറ്റിൽ നിന്നും വ്യത്യസ്തമായ ചലച്ചിത്ര ആവിഷ്ക്കാരങ്ങൾ.

22 ഫീമേൽ കോട്ടയവും ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചനും ടേക്ക് ഓഫുമെല്ലാം ചർച്ച വിഷയമാകുമ്പോൾ ഈ പുരുഷ കേന്ദ്രികൃത സമൂഹത്തിൽ ശേഷം മൈക്കിൽ ഫാത്തിമ പോലെയും സാറസ് പോലെയുമുള്ള ഫീമേൽ ഓറയന്റഡ് കൊമേർഷ്യൽ സിനിമകൾ ഇനിയും ഇറങ്ങേണ്ടതുണ്ട്. തിയേറ്റർ വിട്ട ശേഷവും മനസിൽ നിൽക്കുന്നുണ്ട് ഈ ഫാത്തിമ.

Content Highlight:  A Analysis Of Shesham Miakel Fathima Movie With Uyare, How Old Are You, Saras Films

Latest Stories

We use cookies to give you the best possible experience. Learn more