തിരുവനന്തപുരം: മതവും വര്‍ഗീയതയും പറയുന്നതും തെരഞ്ഞെടുപ്പ് കാലത്ത് ഫണ്ട് അടിച്ചുമാറ്റുന്നതുമാണ് ബി.ജെ.പിയുടെ രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ. എ റഹീം. മാതൃഭൂമി പ്രൈം ടൈം ചര്‍ച്ചയില്‍ ബി.ജെ.പി വക്താവ് സന്ദീപ് വാര്യര്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഇന്ന് നടത്തിയ പത്ര സമ്മേളനത്തില്‍ പി. എ മുഹമ്മദ് റിയാസിന്റെയും ടി. സിദ്ദീഖിന്റെയും തെരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശം ആവര്‍ത്തിച്ചപ്പോഴാണ് സന്ദീപ് വാര്യര്‍ക്ക് റഹീം മറുപടി നല്‍കിയത്.
‘ മതം പറയലും തെരഞ്ഞെടുപ്പ് കാലത്തെ ഫണ്ട് അടിച്ചുമാറ്റലുമാണ് അവര്‍ക്ക് അറിയാവുന്ന ഒരേയൊരു പണി. ഇവിടെ ജനങ്ങള്‍ക്ക് നിങ്ങളുടെ നാവിന്‍ തുമ്പില്‍ നിന്ന് അറിയേണ്ടത് വര്‍ഗീയതയല്ല. പെട്രോളിനും ഡീസലിനും പാചക വാതകത്തിനും എന്തുകൊണ്ട് വില കൂട്ടിയെന്നാണ്.
ഞാന്‍ അങ്ങയോട് പ്രത്യേകം ചോദിക്കുന്നു. പെട്രോളിന് ഹിന്ദു പെട്രോളെന്നും മുസ് ലിം പെട്രോളെന്നും വേറെയില്ല. ഡീസലിന് ഹിന്ദു ഡീസല്‍, മുസ്‌ലിം ഡീസല്‍ എന്ന് വേറെയില്ല. പാചക വാതകത്തിനും വിലയൊന്നാണ്. ഇവിടെ ഓക്‌സിജന്‍ കിട്ടാതെ ആളുകള്‍ മരിക്കുന്നുണ്ട്. ഓക്‌സിജന് മതമില്ല. കൊറോണ വൈറസിന് തീരെയില്ല.
മനുഷ്യന്‍ ശ്മശാന ഭൂമിയില്‍ ക്യൂ നില്‍ക്കുന്ന കാലത്തെങ്കിലും വര്‍ഗീയത പറയുന്നത് നിര്‍ത്തിക്കൂടെ?
എന്നിട്ടും വന്നിരുന്നിട്ട് വര്‍ഗീയത പറയുകയാണ്. ഈ കൊടകരയില്‍ വര്‍ഗീയത ഇല്ലായിരുന്നല്ലോ. കുഴല്‍പണം തട്ടിക്കൊണ്ടു പോയപ്പോള്‍ അതില്‍ എല്ലാവരും ഉണ്ടായിരുന്നല്ലോ. ബി.ജെ.പിയുടെ മതേതര സംഗമം കാണണമെങ്കില്‍ കുഴല്‍പ്പണ തട്ടിപ്പ് കാണണം. ക്രിമിനല്‍ വത്കരണത്തിന് അയിത്തമില്ല,” റഹീം പറഞ്ഞു.
കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ വര്‍ഗീയ ധ്രുവീകരണം നടന്നുവെന്നും മത-സമുദായ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥികള്‍ ജയിച്ചതെന്നമാണ് കെ. സുരേന്ദ്രന്‍ പറഞ്ഞത്.
മുസ്‌ലിം വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ചാണ് സി.പി.ഐ.എം ജയിച്ചത്. മുസ്ലിം സമുദായം തീരുമാനിച്ചവര്‍ മാത്രമാണ് നിയമസഭയിലെത്തുന്നതെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.
യു.ഡി.എഫിനും വര്‍ഗീയ വോട്ട് ലഭിച്ചു. കല്‍പറ്റയില്‍ യു.ഡി.എഫിന്റെ സിദ്ദിഖിനാണ് സി.പി.ഐ.എമ്മിനകത്തെ മുസ്‌ലിം വോട്ടര്‍മാര്‍ വോട്ട് ചെയ്തത്. മുസ്‌ലിം സഖാക്കള്‍ സിദ്ദിഖിന് വോട്ട് ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇ. ശ്രീധരനും കുമ്മനം രാജശേഖരനും നിയമസഭയില്‍ പോകാന്‍ പാടില്ല എന്നും നമ്മുടെ സമുദായത്തില്‍ പെട്ടവരെ ഒന്നിച്ചുനിന്ന് നിയമസഭയിലെത്തിക്കണമെന്നും ആഹ്വാനമുണ്ടായിട്ടില്ലേയെന്നും സുരേന്ദ്രന്‍ ചോദിച്ചു. ഷാഫി പറമ്പിലും ടി.സിദ്ദിഖും ജയിച്ചപ്പോള്‍ ആഹ്ലാദപ്രകടനം നടത്തിയത് കോണ്‍ഗ്രസ് മാത്രമല്ല, എ.കെ.എം അഷറഫ് ജയിച്ചപ്പോള്‍ ലീഗ് മാത്രമല്ല ആഘോഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബേപ്പൂരില്‍ മുഖ്യമന്ത്രിയുടെ മരുമകന്‍ മത്സരിച്ചിടത്തടക്കം യഥാര്‍ത്ഥ പരിശോധന നടത്തിയാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ലീഗുകാര്‍ മത്സരിക്കാത്ത സ്ഥലങ്ങളിലെല്ലാം യു.ഡി.എഫിന് കിട്ടേണ്ട വോട്ടുകളെല്ലാം സി.പി.ഐ.എമ്മിന് പോയി. ലീഗും എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‌ലാമിയും തുടങ്ങി എല്ലാ വര്‍ഗീയ ശക്തികളും സി.പി.ഐ.എമ്മിനാണ് വോട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ മുസ്ലിം സംഘടനകള്‍ വിചാരിക്കുന്ന ആളുകളെ വിജയിക്കുകയുള്ളുവെന്നും വര്‍ഗീയ ശക്തികളുടെ വിജയമാണ്, മതപരമായി ധ്രൂവീകരണമാണ് ഇപ്രാവശ്യം ഉണ്ടായിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക